അനന്തപുരി ഒരുങ്ങി; ഇന്ത്യ-ദക്ഷിണാഫ്രിക്ക ട്വന്റി 20 മത്സരം ഇന്ന്

തിരുവനന്തപുരം: അനന്തപുരി ഒരുങ്ങിക്കഴിഞ്ഞു, ആരവം ഉയര്‍ന്നുതുടങ്ങി. ഇടവേളയ്ക്കുശേഷം കേരളത്തില്‍ വീണ്ടും അന്താരാഷ്ട്ര ക്രിക്കറ്റിന്റെ കേളികൊട്ട്. ഇന്ത്യ-ദക്ഷിണാഫ്രിക്ക ട്വന്റി 20 പരമ്പരയിലെ ആദ്യമത്സരം ബുധനാഴ്ച വൈകീട്ട് ഏഴുമുതല്‍ തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍. 2019 ഡിസംബറിലാണ് തിരുവനന്തപുരത്ത് അവസാന അന്താരാഷ്ട്ര മത്സരം നടന്നത്. അതിനുശേഷം കോവിഡില്‍ ഏറെക്കാലം മത്സരങ്ങള്‍ മുടങ്ങി. മത്സരം പുനരാരംഭിച്ചപ്പോഴും ഗ്രൗണ്ടില്‍ കാണികള്‍ക്ക് പ്രവേശനമുണ്ടായില്ല. ആ കാലം മറന്ന്, സ്വന്തം നാട്ടില്‍ നടക്കുന്ന അന്താരാഷ്ട്ര മത്സരം കാണാന്‍ കാണികള്‍ ഗ്രീന്‍ഫീല്‍ഡിലേക്ക് ഒഴുകുമെന്ന് പ്രതീക്ഷിക്കുന്നു.
റണ്ണൊഴുകും
റണ്ണൊഴുകുന്ന ഫ്‌ളാറ്റ് പിച്ചാണ് കാര്യവട്ടത്തേത്. രാത്രിയില്‍ മഞ്ഞുവീഴാന്‍ സാധ്യതയുള്ളതിനാല്‍ രണ്ടാമത് ബാറ്റുചെയ്യുന്ന ടീമിന് ചെറിയ മുന്‍തൂക്കം ലഭിക്കും. അതുകൊണ്ട് ടോസ് നിര്‍ണായകമാകുമെന്ന് കരുതുന്നു.

