KSDLIVENEWS

Real news for everyone

‘രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥ’; പോപ്പുലര്‍ ഫ്രണ്ട് നിരോധനത്തെ വിമര്‍ശിച്ച്‌ എസ് ഡി പി ഐ

SHARE THIS ON

തിരുവനന്തപുരം: പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചതിനെ വിമര്‍ശിച്ച്‌ എസ് ഡി പി ഐ. നിരോധനം ഭരണഘടന ജനങ്ങള്‍ക്ക് നല്‍കുന്ന അവകാശത്തെ ഇല്ലാതാക്കുന്നതാണെന്നും ബിജെപി സര്‍ക്കാരിന്‍റെ തെറ്റായ നടപടികളെ എതിര്‍ക്കുന്നവര്‍ക്കെതിരെ അറസ്റ്റും റെയ്ഡും നടക്കുന്നുവെന്നും എസ് ഡി പി ഐ ആരോപിച്ചു. ഭരണഘടന നല്‍കുന്ന അഭിപ്രായ, സംഘടന സ്വാതന്ത്ര്യവും സമരം ചെയ്യാനുള്ള സ്വാതന്ത്ര്യവും ഇല്ലാതാക്കുന്നുവെന്നും എസ് ഡി പി ഐ ആരോപിച്ചു. പ്രതിപക്ഷത്തെ നിശബ്ദമാക്കാന്‍ അന്വേഷണ ഏജന്‍സികളെയും നിയമത്തെയും ദുരുപയോഗിക്കുന്നു. രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥയാണെന്നും എസ്ഡിപിഐ പ്രസ്താവനയില്‍ പറഞ്ഞു. പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമുണ്ടെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയായ എസ് ഡി പി ഐയെ നിരോധിച്ചിട്ടില്ല.

പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യക്കൊപ്പം എട്ട് അനുബന്ധ സംഘടനകളെയും നിരോധിച്ച്‌ കേന്ദ്രം ഉത്തരവിറക്കിയതിന് പിന്നാലെയാണ് എസ്ഡിപിഐ രംഗത്തെത്തിയത്. റിഹാബ് ഇന്ത്യ ഫൗണ്ടേഷന്‍, ക്യാമ്ബസ് ഫ്രണ്ട് ഓഫ് ഇന്ത്യ, ഓള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍, നാഷണല്‍ കോണ്‍ഫഡറേഷന്‍ ഓഫ് ഹ്യൂമന്‍ റൈറ്റ്സ് ഓര്‍ഗനൈസേഷന്‍, നാഷണല്‍ വിമന്‍സ് ഫ്രണ്ട്, ജൂനിയര്‍ ഫ്രണ്ട്, എംപവര്‍ ഇന്ത്യ ഫൗണ്ടേഷന്‍, റിഹാബ് ഫൗണ്ടേഷന്‍ കേരള എന്നീ അനുബന്ധ സംഘടനകള്‍ക്കാണ് പോപ്പുലര്‍ ഫ്രണ്ടിനൊപ്പം കേന്ദ്രം നിരോധനം ഏര്‍പ്പെടുത്തിയിട്ടുള്ളത്.

Ban on PFI and Associates is Part of Undeclared Emergency by the BJP regime#PFI @PFIOfficial @MKFaisy pic.twitter.com/WtVvnMD2zJ

— SDPI (@sdpofindia) September 28, 2022
അഞ്ച് വര്‍ഷത്തെ നിരോധനം തന്നെയാണ് എല്ലാ സംഘടനകള്‍ക്കും ഏര്‍പ്പെടുത്തിയിട്ടുള്ളത്. രാജ്യസുരക്ഷ, ക്രമസമാധാനം എന്നിവ കണക്കിലെടുത്താണ് പോപ്പുലര്‍ ഫ്രണ്ടിന് നിരോധനം ഏര്‍പ്പെടുത്തിയതെന്നാണ് കേന്ദ്രം ഉത്തരവില്‍ വ്യക്തമാക്കി. ഭീകര പ്രവര്‍ത്തന ബന്ധം ആരോപിച്ച്‌ രാജ്യ വ്യാപക റെയ്ഡ് നടത്തി രേഖകള്‍ അടക്കം പിടികൂടിയ ശേഷമാണ് നിരോധനമെന്നുള്ളതാണ് ശ്രദ്ധേയം. വിവിധ സംസ്ഥാനങ്ങള്‍ പോപ്പുലര്‍ ഫ്രണ്ട് നിരോധിക്കണമെന്ന ആവശ്യം ഉയര്‍ത്തിയിരുന്നു.

രണ്ട് തവണയാണ് പോപ്പുലര്‍ ഫ്രണ്ട് ഓഫിസുകളിലും നേതാക്കളുടെ വീടുകളിലും പരിശോധന നടത്തിയത്. കേരളത്തിലും എന്‍ഐഎ റെയ്ഡ് നടത്തിയിരുന്നു. സംസ്ഥാന നേതാക്കളടക്കമുള്ളവര്‍ക്കെതിരെ കേസെടുക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. സെപ്റ്റംബര്‍ 22ന് ദേശീയ അന്വേഷണ ഏജന്‍സി രാജ്യവ്യാപകമായി നടത്തിയ റെയ‍്ഡില്‍ 106 പേര്‍ അറസ്റ്റിലായിരുന്നു. കേരളത്തില്‍ നിന്ന് മാത്രം 19 നേതാക്കളാണ് അറസ്റ്റിലായത്. രണ്ടാം ഘട്ട പരിശോധനയില്‍ ആകെ 247 പേരാണ് വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി അറസ്റ്റിലായിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!