KSDLIVENEWS

Real news for everyone

പെരിയ ഇരട്ടക്കൊല കേസ് വിധി ഇന്ന്; കനത്ത പോലീസ് കാവലിൽ കല്യോട്ട്

SHARE THIS ON

കാഞ്ഞങ്ങാട്: പെരിയ ഇരട്ടക്കൊലയുടെ വിധി എന്താകുമെന്ന ആകാംക്ഷയിലാണ് നാട്. വരുംദിവസങ്ങളിൽ രാഷ്ട്രീയ ചർച്ചയ്ക്കും വാദപ്രതിവാദത്തിലേക്കുമെത്തിയേക്കാവുന്ന വിധിയെ എല്ലാ രാഷ്ട്രീയപ്പാർട്ടിക്കാരും ഒരുപോലെ ഉറ്റുനോക്കുന്നു. സി.പി.എം. നേതാക്കൾ നിരവധിപേരാണ് പ്രതിപ്പട്ടികയിലുള്ളത്. ശരത്‌ലാലും കൃപേഷും കൊല്ലപ്പെട്ടിട്ട് ആറുവർഷമാകാൻപോകുന്നു. നേതാക്കൾ ഒന്നിലേറെപ്പേർ ഉൾപ്പെടെ എട്ടുപ്രതികൾക്ക് ജാമ്യം ലഭിച്ചിരുന്നു.

മറ്റുള്ളവർ ഇതുവരെയും ഒരിക്കൽപ്പോലും ജയിലിൽനിന്ന്‌ പുറത്തുവന്നിട്ടില്ല. ഹൊസ്ദുർഗ് കോടതിയിൽ ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചുവെങ്കിലും തുടർനടപടി തുടങ്ങുംമുൻപേ ഹൈക്കോടതി കേസ് സി.ബി.ഐ.ക്ക് വിട്ടു.

രണ്ടുവർഷത്തോളം നടന്ന വിചാരണയാണ് സി.ബി.ഐ. കോടതിയിൽ നടന്നത്. പ്രോസിക്യൂഷൻ ഭാഗത്ത് 154 പേരും പ്രതിഭാഗത്ത് മൂന്നുപേരുമാണ് സാക്ഷികളായുണ്ടായിരുന്നത്. അതേസമയം വെള്ളിയാഴ്ച കല്യോട്ട് ഭഗവതി ക്ഷേത്രത്തിൽ നാട്ടുകാരുടെ കൂട്ടപ്രാർഥനയായിരുന്നു.

ശരത്‌ലാലിന്റെ മാതാപിതാക്കളായ പി.കെ. സത്യനാരായണൻ, ലത, സഹോദരി അമൃത, കൃപേഷിന്റെ മാതാപിതാക്കളായ പി.വി. കൃഷ്ണൻ, ബാലാമണി, ശരത്തിന്റെയും കൃപേഷിന്റെയും മറ്റു ബന്ധുക്കൾ, നാട്ടുകാർ എന്നിവരെല്ലാം ക്ഷേത്രത്തിലെത്തിയിരുന്നു.

റൂട്ട് മാർച്ച് നടത്തി; കനത്ത പോലീസ് കാവലിൽ കല്യോട്ട്

ഇരട്ടക്കൊലക്കേസിന്റെ വിധി വരുന്ന പശ്ചാത്തലത്തിൽ പെരിയയിലും കല്യോട്ടും പോലീസ് കാവൽ ശക്തമാക്കി. കല്യോട്ട്, മേലെ കല്യോട്ട്, ഏച്ചിലടുക്കം എന്നിവിടങ്ങളിൽ പോലീസ് റൂട്ട് മാർച്ച് നടത്തി. എ.എസ്.പി. ഡോ. എസ്. അപർണ, ബേക്കൽ ഡിവൈ.എസ്.പി. വി.വി. മനോജ്, ബേക്കൽ, മേൽപ്പറമ്പ് ഇൻസ്പെക്ടർമാരായ കെ.പി. ഷൈൻ, എ. സന്തോഷ്‌കുമാർ എന്നിവരുടെ നേതൃത്വത്തിൽ വിവിധ സ്റ്റേഷനുകളിൽനിന്നെത്തിയ നൂറോളം പോലീസുകാരാണ് റൂട്ട് മാർച്ച് നടത്തിയത്.

കോൺഗ്രസ്, സി.പി.എം. നേതാക്കളെ വെവ്വേറെ വിളിച്ച് പോലീസ് ചർച്ചനടത്തി. പെരിയമുതൽ കല്യോട്ടുവരെയുള്ള എല്ലാ ഇടങ്ങളിലും പോലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!