സംസ്ഥാനത്ത് വ്യത്യസ്ത സംഭവങ്ങളില്‍ ഇന്ന് മാത്രം റിപ്പോര്‍ട്ട് ചെയ്തത് ആറ് മുങ്ങി മരണങ്ങള്

തിരുവനന്തപുരം: സംസ്ഥാനത്ത് വ്യത്യസ്ത സംഭവങ്ങളിലായി ഇന്ന് ആറുപേര്‍ മുങ്ങിമരിച്ചു. കാസര്‍കോട് സ്വദേശികളായ മൂന്ന് വിദ്യാര്‍ഥികള്‍, കണ്ണൂര്‍ സ്വദേശികളായ രണ്ടുപേര്‍, തമിഴ്നാട് സ്വദേശിയായ ഒരാള്‍ എന്നിവരാണ് മരിച്ചത്.
കാസര്‍കോട് പയസ്വിനിപ്പുഴയില്‍ ഇന്നുച്ചയോടെയാണ് കുളിക്കാനിറങ്ങിയ മൂന്ന് വിദ്യാര്‍ഥികളെ കാണാതായത്. ഏറെ നേരത്തെ തിരച്ചിലിനൊടുവില്‍ മൂന്ന് പേരുടേയും മൃതദേഹങ്ങള്‍ കണ്ടെത്തി. റിയാസ് (17),യാസിന്(13), സമദ്(13) എന്നിവരാണ് മരിച്ചത്. സഹോദരങ്ങളുടെ മക്കളാണ് മൂവരും. അവധി ആഘോഷിക്കാനായി മൂവരും എരിഞ്ഞിപ്പുഴയിലെ കുടുംബവീട്ടിലെത്തിയപ്പോഴായിരുന്നു അപകടം. പയസ്വിനിപ്പുഴയിലെ പാലത്തിന് താഴെ ഭാഗത്താണ് മൂവരും കുളിക്കാനിറങ്ങിയത്. കയത്തില്‍പെട്ടാണ് അപകടം സംഭവിച്ചത്. റിയാസിനെ അഗ്നിരക്ഷാ സേനയുടെ തിരച്ചിലില്‍ ഉടന്‍ കണ്ടെത്തി ആശുത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. മണിക്കൂറുകള്‍ നീണ്ട തിരച്ചിലിന് ശേഷമാണ് മറ്റ് രണ്ടുപേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
കണ്ണൂരിലാണ് മറ്റൊരു മുങ്ങിമരണ സംഭവം റിപ്പോര്‍ട്ട് ചെയ്തത്. ഇരിട്ടി ചരല്പ്പുഴയിലാണ് കൊറ്റാളി സ്വദേശി വിന്‍സെന്റ്(42), വിന്‍സെന്റിന്റെ അയല്‍വാസിയുടെ മകന് ആല്ബിന്(9) എന്നിവര്‍ മുങ്ങിമരിച്ചത്. ഇന്നുച്ചയ്ക്ക് മൂന്ന് മണിയോടെയായിരുന്നു സംഭവം. വിന്‍സെന്റിന്റെ അമ്മയെ കാണാനായി ഇരിട്ടിയിലെത്തിയതായിരുന്നു ഇരുവരും. പുഴ കാണാനായി ഇറങ്ങിയപ്പോഴാണ് അപകടത്തില്‍പെട്ടത്. പുഴയില്‍ മുങ്ങിപ്പോയ ആല്‍ബിനെ രക്ഷിക്കാനുള്ള ശ്രമത്തിലാണ് വിന്‍സെന്റ് അപകടത്തില്‍പെട്ടത് എന്നാണ് പ്രാഥമിക നിഗമനം. ഇരുവരേയും ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു.
തമിഴ്നാട്ടില്‍ നിന്നെത്തിയ വിനോദസഞ്ചാരിയാണ് കോവളത്ത് കടലില്‍ മുങ്ങിമരിച്ചത്. ചെന്നൈ സ്വദേശി വിജയ് (39) ആണ് മുങ്ങിമരിച്ചത്. കുടുംബസമേതം കഴിഞ്ഞദിവസം രാവിലെയാണ് ഇയാള്‍ കോവളത്ത് എത്തിയത്. ചെന്നൈയില്‍ സോഫ്റ്റ്വെയര് എന്‍ജിനീയറാണ് വിജയ്. കോസ്റ്റല്‍ പോലീസിന്റെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് തയ്യാറാക്കി മൃതദേഹം മെഡിക്കല്‍ കോളേജില്‍ ആശുപത്രിയിലേക്ക് മാറ്റി.

