KSDLIVENEWS

Real news for everyone

ബിജെപിയുടെ ചതി ആയുധം, പവാറിനും ഉദ്ധവിനും സ്വീകാര്യതയേറുന്നു; മഹാരാഷ്ട്രയില്‍ തന്ത്രം മാറ്റി എൻഡിഎ

SHARE THIS ON

മുംബൈ: പിളര്‍ത്തിയെടുത്ത പാര്‍ട്ടികള്‍ക്ക് തിരഞ്ഞെടുപ്പ് കമ്മിഷന്റെ അംഗീകാരവും യഥാര്‍ഥ ചിഹ്നങ്ങളും ലഭിച്ചിട്ടും ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പോര് മോദി- രാഹുല്‍ ദ്വന്ദത്തിലേക്ക് കേന്ദ്രീകരിച്ച് മഹാരാഷ്ട്രയില്‍ മഹായുതി സഖ്യം. സ്വന്തം പാര്‍ട്ടിയും ചിഹ്നവും കൈയില്‍നിന്ന് പോയിട്ടുപോലും ഉദ്ധവ് താക്കറേയ്ക്കും ശരദ് പവാറിനും ലഭിക്കുന്ന സ്വീകാര്യത കണ്ടാണ് ബി.ജെ.പിയും ഒപ്പമുള്ള പാര്‍ട്ടികളും തന്ത്രംമാറ്റിയതെന്നാണ് വിലയിരുത്തല്‍. സംസ്ഥാനത്തെ സാഹചര്യം ചര്‍ച്ചയാവുന്നത് ഭയക്കുന്ന ബി.ജെ.പിയും എന്‍.സി.പി. അജിത് പവാര്‍ പക്ഷവും ശിവസേന ഏക്‌നാഥ് ഷിന്ദേ പക്ഷവും മോദിയെ മുന്‍നിര്‍ത്തിയാണ് വോട്ടുപിടിക്കുന്നത്. 

പവാര്‍ കുടുംബാംഗങ്ങള്‍ നേരിട്ട് ഏറ്റുമുട്ടുന്ന ബാരാമതിയിലെ പ്രസംഗത്തില്‍ ഉപമഖ്യമന്ത്രിയും ബി.ജെ.പി. നേതാവുമായ ദേവേന്ദ്ര ഫഡ്‌നാവിസാണ് ഈ നീക്കത്തിന് തുടക്കമിട്ടത്. അജിത് പവാറിന്റെ ഭാര്യ സുനേത്ര പവാറും കഴിഞ്ഞ മൂന്ന് തവണയായി മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന, ശരദ് പവാറിന്റെ മകള്‍ സുപ്രിയ സുലെയുമാണ് ബാരാമതിയില്‍ മത്സരിക്കുന്നത്. പവാര്‍ കുടുംബത്തിന്റെ തട്ടകത്തില്‍ സുപ്രിയ സുലെയേയും ശരദ് പവാറിനേയും നേരിടുന്നത് എളുപ്പമല്ലെന്ന് കണ്ടാണ് ഫഡ്‌നാവിസ്‌ ഇതിന് തുടക്കമിട്ടത്. സുനേത്രയും സുപ്രിയുയും തമ്മിലോ ശരദ് പവാറും അനന്തരവന്‍ പവാറും തമ്മിലോ അല്ല, രാഹുല്‍ഗാന്ധിയും മോദിയും തമ്മിലാണ് മത്സരമെന്നായിരുന്നു ഫഡ്‌നാവിസ് ബാരാമതിയില്‍ പറഞ്ഞത്.

സുനേത്രയ്ക്ക് വോട്ടുചെയ്താല്‍ അത് പ്രധാനമന്ത്രിയാവാന്‍ പോകുന്ന മോദിക്ക് ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോല്‍ഹാപുരില്‍ മോദി പങ്കെടുത്ത റാലിയില്‍ ഫഡ്‌നാവിസ് ഇത് ആവര്‍ത്തിച്ചു. അജിത്തിന്റെ എന്‍.സി.പിയും ഉദ്ധവിന്റെ ശിവസേനയും ഏറ്റുമുട്ടുന്ന ഒസ്മാനാബാദിലും രാഹുല്‍- മോദി ദ്വന്ദത്തില്‍ ഊന്നിയായിരുന്നു ഫഡ്‌നാവിസിന്റെ പ്രസംഗം. ഫഡ്‌നാവിസിന്റെ വാക്കുകള്‍ ബി.ജെ.പി. നേതാക്കള്‍ക്കുപറമേ ഏക്‌നാഥ് ഷിന്ദേയും അജിത് പവാറുമടക്കമുള്ളവര്‍ ഏറ്റെടുത്തു. ഒരുപടികൂടെക്കടന്ന് വൈകാരികമായ പ്രസംഗങ്ങളില്‍ വീഴരുതെന്നും ഉദ്ധവിനേയും ശരദ് പവാറിനേയും ഉന്നംവെച്ച്‌ ഇവര്‍ ആവശ്യപ്പെടുന്നു. കോണ്‍ഗ്രസോ ഇന്ത്യ സഖ്യമോ ഔദ്യോഗികമായി രാഹുല്‍ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാട്ടുന്നില്ലെന്ന് ഇരിക്കെയാണ്, മഹായുതി മോദിയുടെ എതിര്‍വശത്ത് അദ്ദേഹത്തെ പ്രതിഷ്ഠിക്കുന്നത്. മഹായുതി വിജയിക്കാന്‍ വിയര്‍ക്കുന്ന സ്ഥലങ്ങളിലാണ് വിശേഷിച്ച് ഈ പ്രചാരണം അവര്‍ അഴിച്ചുവിടുന്നത്. പാര്‍ട്ടികള്‍ പിളര്‍ത്തി ഭരണം ഉറപ്പിക്കാന്‍ ബി.ജെ.പി. നടത്തിയ നീക്കങ്ങളെ വികാരപരമായാണ് ശരദ് പവാര്‍ പക്ഷവും ഉദ്ധവ് പക്ഷവും ജനങ്ങള്‍ക്കിടയില്‍ ഉന്നയിക്കുന്നത്. പലയിടത്തും ഇത് ഫലം കാണുന്നുമുണ്ട്. ഭരണം പിടിക്കാന്‍ ബി.ജെ.പി. നടത്തിയ ‘ചതിപ്രയോഗ’മാണ് ശരദ് പവാര്‍ പക്ഷവും ഉദ്ധവ് പക്ഷവും രൂക്ഷമായി ഉന്നയിക്കുന്നത്. ലോക്സഭാതിരഞ്ഞെടുപ്പില്‍ ഉദ്ധവ് താക്കറെക്കും ശരദ്പവാറിനും അനുകൂലമായ സഹതാപതരംഗം മഹാരാഷ്ട്രയിലുണ്ടെന്ന് എന്‍.സി.പി (അജിത്പവാര്‍) വിഭാഗം നേതാവ് ഛഗന്‍ ഭുജ്ബലിന്റെ പരാമര്‍ശവും ഇതിനോട് ചേര്‍ത്ത് വായിക്കേണ്ടതാണ്. 2014-ലും 2019-ലും വന്‍വിജയം നേടിയ എന്‍.ഡി.എ.ക്ക് ഇത്തവണ അത്ര എളുപ്പമായിരിക്കില്ലെന്നും ഭുജ്ബല്‍ പറഞ്ഞു.

സംസ്ഥാനത്ത് പവാറിനും ഉദ്ധവിനും അനുകൂലമായി ഒരു സഹതാപതരംഗമുണ്ട്. ഈ നേതാക്കളുടെ റാലിയിലെ ജനപങ്കാളിത്തം അങ്ങനെ വിശ്വസിക്കാന്‍ തന്നെ പ്രേരിപ്പിക്കുന്നതായി ഭുജ്ബല്‍ കൂട്ടിച്ചേര്‍ത്തു. എന്‍.സി.പി.യെ പിളര്‍ത്തി അജിത് പവാറിനൊപ്പം പോയ നേതാവാണ് ഭുജ്ബല്‍. മോദി- രാഹുല്‍ ദ്വന്ദത്തില്‍ ഊന്നിയുള്ള പ്രചാരണം കഴിഞ്ഞരണ്ടുതവണയും വിജയിച്ചതിന്റെ ആത്മവിശ്വാസത്തില്‍ക്കൂടിയാണ് ബി.ജെ.പി. വീണ്ടും ഇതേതന്ത്രമിറക്കുന്നത്. 2014-ല്‍ സഖ്യമായി മത്സരിച്ചപ്പോള്‍ ബി.ജെ.പി. 23 സീറ്റിലും ശിവസേന 18 സീറ്റിലും വിജയിച്ചത് മോദിയെ ഉയര്‍ത്തിയുള്ള പ്രചാരണത്തിലായിരുന്നു. 2019-ലും സഖ്യം ഇതേ ഫലം ആവര്‍ത്തിച്ചു. രാഹുലിനെ മുന്നില്‍നിര്‍ത്തി മത്സരിച്ചപ്പോള്‍ കോണ്‍ഗ്രസും അവിഭക്ത എന്‍.സി.പിയും ഒന്നിച്ച യു.പി.എ. യഥാക്രമം വര്‍ഷങ്ങളില്‍ ആറും അഞ്ചും സീറ്റില്‍ ഒതുങ്ങി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!