KSDLIVENEWS

Real news for everyone

ദേശീയപാതാ നിർമാണം: വഴിമുട്ടി ചട്ടഞ്ചാൽ നിവാസികൾ; ദേളി റോഡിൽനിന്ന്‌ ചട്ടഞ്ചാൽ ടൗണിലെത്താൻ വഴിയില്ല; അടിപ്പാതയോ വെഹിക്കിൾ ഓവർപാസോ വേണമെന്ന് ആവശ്യം

SHARE THIS ON

ചട്ടഞ്ചാൽ: അടിപ്പാതയോ വെഹിക്കിൾ ഓവർപാസോ (വി.ഒ.പി.) ചട്ടഞ്ചാൽ നോർത്തിൽ വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ദേളി റോഡിലൂടെ വരുന്ന വാഹനങ്ങൾക്ക് ഇതിലൂടെ കിഴക്കുഭാഗത്തെ സർവീസ്റോഡിൽ പ്രവേശിച്ച് ചട്ടഞ്ചാൽ ടൗണിൽ എളുപ്പം എത്താം.

ചട്ടഞ്ചാലിലെ യാത്രാപ്രശ്നം പരിഹരിക്കാൻ നടപടി വേണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ സമരസമിതി ഉണ്ടാക്കുന്നു. കർമ സമിതി രൂപവത്കരണ യോഗം ജൂൺ രണ്ടിന് വൈകീട്ട് നാലിന് ചട്ടഞ്ചാൽ അർബൻ സൊസൈറ്റി ഹാളിൽ ചേരും.

ദേളി റോഡിൽനിന്ന്‌ ചട്ടഞ്ചാൽ ടൗണിലെത്താൻ വഴിയില്ല; നാട്ടുകാർ പ്രതിഷേധത്തിൽ

അടിപ്പാത നിർമാണം ടൗണിൽ പുരോഗമിക്കുകയാണ്. എന്നാൽ ചില ഭാഗങ്ങളിലേക്കുള്ള സഞ്ചാരസ്വാതന്ത്ര്യം തഴയപ്പെടുമെന്ന ആശങ്കയിലാണ് ചട്ടഞ്ചാലുകാർ. ദേളി റോഡിൽനിന്ന്‌ ചട്ടഞ്ചാൽ ടൗണിലേക്കും മേൽപ്പറമ്പ് പോലീസ് സ്റ്റേഷൻ, എം.ഐ.സി. കോളേജ്, ചട്ടഞ്ചാൽ കുടുംബാരോഗ്യകേന്ദ്രം എന്നിവിടങ്ങളിലേക്കും എങ്ങനെ എത്തിപ്പെടുമെന്നാണ് നാട്ടുകാരുടെ ചോദ്യം. ചെർക്കള ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ കിഴക്കുഭാഗത്തെ സർവീസ് റോഡിലൂടെ ടൗണിലെ അടിപ്പാത കടന്ന് പടിഞ്ഞാറുഭാഗത്തെ സർവീസ് റോഡിൽ പ്രവേശിച്ച് ദേളി റോഡിലെത്താം. പക്ഷേ, തിരിച്ചുള്ള യാത്രയാണ് പ്രശ്നം.

ദേളി റോഡിൽനിന്ന് ചട്ടഞ്ചാൽ ടൗൺഭാഗത്തേക്കും എം.ഐ.സി. കോളേജ്, പോലീസ് സ്റ്റേഷൻ, പുത്തരിയടുക്കം, തൈര റോഡിലേക്കും എത്താൻ ഏതാണ് വഴി?

വില്ലനാകുന്നത് സർവീസ് റോഡുകളുടെ പോരായ്മ

ചട്ടഞ്ചാൽ ടൗണിൽ ഇരുഭാഗത്തുമുള്ള സർവീസ് റോഡുകളിൽ ഒരു ബസ് കഷ്ടിച്ച് കടന്നുപോകാനുള്ള സ്ഥലം മാത്രമേയുള്ളു. അഞ്ചരമീറ്റർ വീതിയുള്ള റോഡിലൂടെ ഇരുഭാഗത്തേക്കും യാത്ര അനുവദിച്ചാൽ സ്ഥിതി കഷ്ടത്തിലാകും. 27 മീറ്റർ വീതിയിൽ ആറുവരി ദേശീയപാത ഉയരത്തിലൂടെ കടന്നുപോകാൻ മതിലുയർന്നാൽ ഇവിടെ കൂടുതൽ സ്ഥലവുമില്ല.

ഒറ്റവരി സർവീസ് റോഡിലൂടെ ഇരുഭാഗങ്ങളിലേക്ക് പോകുകയായിരുന്ന ബൈക്കുകൾ കൂട്ടിയിടിച്ച് പാരാമെഡിക്കൽ വിദ്യാർഥി മരിച്ചത്‌ അടുത്തിടെയാണ്‌.

കാസർകോട്ടുനിന്ന് ചട്ടഞ്ചാൽ ഭാഗത്തേക്ക് കെ.എസ്.ആർ.ടി.സി.യുടെ ബസ് സർവീസ് ഉൾപ്പെടെ നൂറുകണക്കിന് വാഹനങ്ങളാണ് ദേളി റോഡിലൂടെ ചട്ടഞ്ചാൽ ദേശീയപാതയിൽ ചേരുന്നത്. മൂവായിരത്തിലേറെ കുട്ടികൾ ചട്ടഞ്ചാൽ ഹയർ സെക്കൻഡറി സ്കൂളിൽ എത്തുന്നതും ഇതുവഴി തന്നെ.

നിലവിൽ കാസർകോട് ടൗണിലേക്കും തിരിച്ചുമുള്ള എളുപ്പവഴിയാണിത്. മറ്റുസൗകര്യമില്ലെങ്കിൽ എം.ഐ.സി. കോളേജിലേക്ക് പോകുന്ന നൂറുകണക്കിന് വിദ്യാർഥികൾ ടൗണിലെ അടിപ്പാത കടന്ന് കിഴക്കുഭാഗത്തെ ഒറ്റവരി സർവീസ് റോഡിലൂടെ ഭാവിയിൽ എതിർസഞ്ചാരം ചെയ്യേണ്ടിവരും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!