KSDLIVENEWS

Real news for everyone

ധര്‍മ്മസ്ഥലയില്‍ ആദ്യ പരിശോധനയില്‍ തെളിവൊന്നും ലഭിച്ചില്ല; മണ്ണു മാന്തിയന്ത്രം എത്തിച്ചു, തെളിവ് കണ്ടെത്തുന്നതുവരെ പരിശോധന തുടരുമെന്ന് എസ്ഐടി

SHARE THIS ON

ധർമ്മസ്ഥല: പെൺകുട്ടികളും സ്ത്രീകളുമടക്കം നിരവധി പേരെ കൊലപ്പെടുത്തി കുഴിച്ചിട്ടുവെന്ന ധർമ്മസ്ഥലയിലെ ശുചീകരണത്തൊഴിലാളിയുടെ വെളിപ്പെടുത്തലിൻ്റെ പശ്ചാത്തലത്തിൽ പ്രത്യേക അന്വേഷണ സംഘം നേത്രവതി പുഴയോരത്ത് തിരച്ചിൽ ആരംഭിച്ചു. ആദ്യപരിശോധനയിൽ കൊല്ലപ്പെട്ടവരുടെ ശാരീരിക അവശിഷ്ടങ്ങളൊന്നും കണ്ടെത്താനായിട്ടില്ല. വെളിപ്പെടുത്തലിൻ്റെ അടിസ്ഥാനത്തിൽ മൂന്നടിയോളം മണ്ണ് എടുത്തുമാറ്റിയിരുന്നു. തുടർന്ന് അധികൃതർ ജെസിബി സ്ഥലത്തെത്തിച്ചു. മൃതദേഹങ്ങൾ കുഴിച്ചിട്ടുവെന്ന് സംശയമുള്ള സ്ഥലങ്ങളിലെല്ലാം ആഴത്തിൽ കുഴിയെടുത്ത് പരിശോധിക്കുമെന്ന് അന്വേഷണ സംഘം പറഞ്ഞു.

പരാതിക്കാരൻ, ഇന്റേണൽ സെക്യൂരിറ്റി ഡിവിഷൻ എസ്‌പി ജിതേന്ദ്ര കുമാർ ദയാമ, പുത്തൂർ എസി സ്റ്റെല്ല വർഗീസ്, ബെൽത്തങ്ങാടി തഹസിൽദാർ പൃഥ്വി സാനികം എന്നിവരുൾപ്പെടെയുള്ള എസ്ഐടി ഉദ്യോഗസ്ഥർ, ക്രൈം സീൻ ഓഫീസർമാർ, ഫോറൻസിക് സയൻസസ് ലബോറട്ടറി ജീവനക്കാർ എന്നിവർ സ്ഥലത്തുണ്ട്.

പരാതിക്കാരിയായ സാക്ഷിയോടൊപ്പം ഒരു നിയമസംഘവും സ്ഥലത്തെത്തിയിരുന്നു. കനത്ത മഴയായതിനാൽ സ്ഥലത്ത് ഉറവയും വെള്ളക്കെട്ടുമാണ് നിലവിലുള്ളത്. എന്നാൽ പുഴക്കര ആയതിനാൽ കുഴിച്ചുനോക്കി പരിശോധിക്കുന്നത് ദുഷ്‌കരമാണെന്ന് അന്വേഷണ സംഘം പറയുന്നു. കൂടുതൽ പോയിൻ്റുകളിൽ പരിശോധന നടത്തുന്ന കാര്യം ആലോചിച്ചു വരികയാണ്. ഐജി അനുചേതും എസ് പി ജിതേന്ദ്ര കുമാറും സ്ഥലത്തെത്തിയിട്ടുണ്ട്. സാക്ഷിക്ക് തൃപ്ത‌ിയാകുന്നത് വരെ കുഴിക്കാൻ തയ്യാറാണെന്നും നിലവിൽ ഉറവയും വെള്ളക്കെട്ടും ഉള്ളതിനാൽ മൺവെട്ടിയും ഉപകരണങ്ങളും കൊണ്ട് കൂടുതൽ കുഴിക്കാൻ കഴിയുന്നില്ലെന്നും അന്വേഷണ സംഘം പറയുന്നു.

ചൊവ്വാഴ്‌ച രാവിലെയാണ് ആദ്യ പോയിന്റ്റിൽ കുഴിച്ച് പരിശോധന തുടങ്ങിയത്. പരിശോധന തുടരുകയാണ്. സ്ഥലത്ത് സായുധ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. ഗരുഡ ഫോഴ്‌സിലെയും സ്പെഷ്യൽ ആക്ഷൻ ഫോഴ്‌സിലെയും ഉദ്യോഗസ്ഥരും ഓപ്പറേഷനു സുരക്ഷ ഒരുക്കിയിട്ടുണ്ട്. കെഎസ്ആർപി ഉദ്യോഗസ്ഥരെയും സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!