അമിത് ഷാ വിദ്യാർഥികളെ വെടിവെക്കാൻ ഉത്തരവിട്ടു: ആരോപണവുമായി രാഹുൽ ഗാന്ധി; തെളിവുണ്ടോ എന്ന് ബി.ജെ.പി

ന്യൂഡൽഹി: കോക്രോച്ച് ജനതാ പാർട്ടിയുടെ നേതൃത്വത്തിൽ പരീക്ഷാ ക്രമക്കേടുകൾക്കെതിരായി നടന്ന പ്രതിഷേധത്തിനിടെ വിദ്യാർത്ഥികൾക്ക് നേരെ വെടിവയ്ക്കാൻ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഉത്തരവിട്ടു എന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. പാർലമെന്റിൽ പുതിയ ചോദ്യപേപ്പർ ചോർച്ച വിരുദ്ധ ബില്ലിനെക്കുറിച്ചുള്ള ചർച്ചയ്ക്കിടെയാണ് രാഹുൽ ആരോപണം ഉന്നയിച്ചത്.
‘ആഭ്യന്തര മന്ത്രി നമ്മുടെ വിദ്യാർത്ഥികളെ വെടിവെക്കാൻ ഉത്തരവിട്ടു. അദ്ദേഹം നമ്മുടെ വിദ്യാർത്ഥികളുടെ ദേഹത്ത് പെല്ലറ്റുകൾ നിറച്ചു. ഇന്ത്യയിലെ വിദ്യാർത്ഥികളെ വെടിവെക്കാൻ അദ്ദേഹം ഉത്തരവിട്ടു.’ ബുധനാഴ്ച ലോക്സഭയിൽ സംസാരിക്കവെ രാഹുൽ ഗാന്ധി ആരോപിച്ചു.
വിദ്യാർത്ഥികൾക്കെതിരെ ബലപ്രയോഗം നടത്താൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉത്തരവിട്ടതായുള്ള ഈ ആരോപണം ലോക്സഭയിൽ വലിയ പ്രതിഷേധത്തിന് വഴിയൊരുക്കി. ആരോപണങ്ങളെ സാധൂകരിക്കാൻ കോൺഗ്രസ് നേതാവിന്റെ പക്കൽ എന്തെങ്കിലും തെളിവുകളുണ്ടോ എന്ന് ചോദിച്ചാണ് ബിജെപി നേതാക്കൾ ബഹളമുണ്ടാക്കിയത്.
ഡൽഹിയിലെ ജന്തർ മന്തറിൽ കോക്രോച്ച് ജനതാ പാർട്ടിയും (സിജെപി) നിരവധി വിദ്യാർത്ഥികളും ചേർന്ന് ചോദ്യപേപ്പർ ചോർച്ചയ്ക്കെതിരായ പ്രതിഷേധം ആരംഭിച്ചതുമുതൽ, നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സർക്കാരിനെതിരെ പ്രതിപക്ഷം നിരവധി ആരോപണങ്ങൾ ഉന്നയിച്ചിട്ടുണ്ട്.
ജൂലൈ 20-ന് പാർലമെന്റിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചിനിടെയുണ്ടായ നടപടിയെത്തുടർന്ന് പ്രതിപക്ഷത്തിന്റെ ഭാഗത്തുനിന്നുള്ള പ്രതിഷേധം ശക്തമായിരുന്നു. പ്രതിഷേധക്കാർക്ക് നേരെ പോലീസ് പെല്ലറ്റ് ഗണ്ണുകൾ ഉപയോഗിച്ചുവെന്ന ആരോപണത്തെച്ചൊല്ലിയുള്ള തർക്കവും ഇതിനിടയിൽ രൂക്ഷമായി. ഈ സംഭവം സത്യമാണെന്ന് പാർലമെന്റ് സ്ട്രീറ്റ് പോലീസ് സ്റ്റേഷനിലെ ഡയറി എൻട്രിയിൽ രേഖപ്പെടുത്തിയിട്ടുള്ളതും പ്രതിപക്ഷം സഭയിൽ ഉന്നയിച്ചു.

