2000 കോടിയുടെ തട്ടിപ്പ് ; പോപ്പുലര്‍ ഫിനാന്‍സ്
ഉടമ റോയ് ഡാനിയലും ഭാര്യയും പിടിയിൽ, പ്രത്യേക അന്വേഷണ സംഘത്തെ രൂപവത്കരിച്ചു
പത്തനംതിട്ട : പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് കേസില്‍ ഉടമ റോയ് (തോമസ്) ഡാനിയലും ഭാര്യ പ്രഭാ ഡാനിയലും പിടിയിലായി. പോപ്പുലർ ഫിനാൻസിന്റെ മാനേജിംഗ് ഡയറക്ടർ ആണ് തോമസ് ഡാനിയൽ. മാനേജിംഗ് പാർട്ണർ കൂടിയാണ് പ്രഭാ ഡാനിയൽ. ചങ്ങനാശ്ശേരിയിൽ നിന്നാണ് ഇരുവരെയും പിടികൂടിയത്. ഇവര്‍ക്കെതിരെ അന്വേഷണം ഊര്‍ജിതമാക്കിയിരുന്നു. ഇവര്‍ പോകാനിടയുള്ള സ്ഥലങ്ങളെ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുന്നുണ്ടായിരുന്നു.
അതിനിടെ, സാമ്പത്തിക തട്ടിപ്പ് അന്വേഷിക്കാന്‍ എസ് പി. കെ ജി സൈമണിന്റെ നേതൃത്വത്തില്‍ 25 പേരടങ്ങുന്ന പ്രത്യേക അന്വേഷണ സംഘത്തെ രൂപവത്കരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പതിവ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ദക്ഷിണ മേഖലാ ഐ ജി ഹർഷിത അട്ടല്ലൂരിക്കാണ് അന്വേഷണ ചുമതല.
വിദേശത്തേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ റോയിയുടെ രണ്ട് മക്കളെ ഡല്‍ഹിയില്‍ വെച്ച് പിടികൂടിയിരുന്നു. ഇവരെ കേരളത്തിലെത്തിച്ചിട്ടുണ്ട്. റിനു മറിയം തോമസ്, റിയ ആന്‍ തോമസ് എന്നിവര്‍ ഇന്നലെയാണ് ഡല്‍ഹി എയര്‍പോര്‍ട്ടില്‍ പിടിയിലായത്. ഇവര്‍ക്കെതിരെ നേരത്തേ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ആസ്ത്രലേിയയിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ ഇരുവരും പിടിയിലായത്.
പോപ്പുലര്‍ ഫിനാന്‍സിന്റെ മറവില്‍ രണ്ടായിരം കോടിയിലേറെ രൂപയുടെ തട്ടിപ്പാണ് നടന്നിരിക്കുന്നതെന്നാണ് പ്രാഥമിക വിവരം. തട്ടിപ്പിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നതോടെ സംസ്ഥാനത്തെ വിവിധ പോലീസ് സ്‌റ്റേഷനുകളിലേക്ക് പരാതികളുടെ പ്രവാഹമാണ്.