KSDLIVENEWS

Real news for everyone

42 ഡിഗ്രി ചൂട് മറികടന്ന് ഒഴുകിയെത്തി ആരാധകപ്പട, ഗാലറിയിലും താരനിര; ഇന്ത്യ–പാക്ക് പോരാട്ട ആവേശമായിരുന്നു

SHARE THIS ON

ദുബായ് ∙ രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയത്തിനു വെളിയിൽ ചൂട് 42 ഡിഗ്രി. കാണികൾ ആ വെയിലിൽ വാടിയില്ല, കാരണം അവരുടെ ഉള്ളിൽ ആവേശം 100 ഡിഗ്രിയിൽ തിളയ്ക്കുകയായിരുന്നു. സുരക്ഷാസേന ഓരോ അണുവിലും പരിശോധന നടത്തി. കൊടിയും വടിയും കുടയും പടിക്കു വെളിയിലായി. പക്ഷേ, കാണികൾ മാന്യത കൈവിട്ടില്ല. അച്ചടക്കത്തോടെ അവർ വെയിലിനെ വെല്ലുവിളിച്ച് വരിനിന്നു.

CRICKET
സിക്സർ പറത്തി ഹാർദിക്കിന്റെ ഫിനിഷിങ്; പാക്കിസ്ഥാനെ 5 വിക്കറ്റിന് തകർത്ത് ഇന്ത്യ
വെയിലത്തു നിർത്തി ആവേശം കെടുത്താമെന്നു കരുതിയെങ്കിൽ തെറ്റി എന്നവർ സ്റ്റേഡിയത്തിൽ തെളിയിച്ചു. ടീമുകൾ പരിശീലനത്തിന് ഇറങ്ങിയപ്പോഴും ടോസ് ഇട്ടപ്പോഴുമെല്ലാം പ്രകമ്പനം കൊള്ളുന്ന ആവേശം. ആദ്യ വിക്കറ്റ് മുതൽ അവസാന വിക്കറ്റ് വരെ ചോരാത്ത ആവേശം. 19ാം ഓവറിൽ ഭുവനേശ്വർ കുമാർ ഹാട്രിക് നേടുമെന്ന ഘട്ടത്തിൽ ആവേശം വാനോളമെത്തി.


ലോകത്തിലെ ഏറ്റവും മനോഹര ക്രിക്കറ്റിനു സാക്ഷ്യം വഹിക്കാൻ വിശിഷ്ട വ്യക്തികളുടെ നിര തന്നെ ഗാലറിയിലുണ്ടായിരുന്നു. ഇരു രാജ്യങ്ങളുടെയും പോരാട്ടം കാണാൻ യുഎഇ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ, തെന്നിന്ത്യൻ സിനിമാ താരങ്ങളായ മാധവൻ, വിജയ് ദേവർകോണ്ട, ബിസിസിഐ സെക്രട്ടറി ജയ് ഷാ, ദുബായ് ഇന്ത്യൻ കോൺസൽ ജനറൽ അമൻപുരി തുടങ്ങിയവർ ഗാലറിയിൽ ഇന്ത്യാ പാക് പോരാട്ടത്തിനു സാക്ഷികളായി. ശ്രീലങ്ക – അഫ്ഗാനിസ്ഥാൻ മൽസരത്തിൽ ഒഴിഞ്ഞു കിടന്ന ഗാലറി ഇന്നലെ നിറഞ്ഞു തുളുമ്പി. ഒട്ടേറെപ്പേരാണു പ്രവേശനം കിട്ടാതെ നിരാശരായി മടങ്ങിയത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!