ബ്രസീലും പോര്‍ച്ചുഗലും പ്രീക്വാര്‍ട്ടറില്‍, ഘാനയ്ക്ക് വിജയം, കാമറൂണിന് സമനില

ദോഹ: ബ്രസീലും പോര്‍ച്ചുഗലും ലോകകപ്പ് ഫുട്‌ബോളിന്റെ പ്രീക്വാര്‍ട്ടറിലെത്തി. തിങ്കളാഴ്ച രാത്രി നടന്ന മത്സരത്തില്‍ സ്വിറ്റ്‌സര്‍ലന്‍ഡിന്റെ കടുത്ത വെല്ലുവിളി മറികടന്നാണ് (1-0) ബ്രസീല്‍ അവസാന പതിനാറിലെത്തുന്ന രണ്ടാം ടീമായത്. യുറഗ്വായെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തകര്‍ത്ത് മറികടന്ന് പോര്‍ച്ചുഗലും പ്രീക്വാര്‍ട്ടര്‍ ഉറപ്പിച്ചു. കാസെമിറോ (83) ബ്രസീലിന്റെ വിജയഗോള്‍ നേടിയപ്പോള്‍ പോര്‍ച്ചുഗലിന്റെ ഗോളുകള്‍ ബ്രൂണോ ഫെര്‍ണാണ്ടസിന്റെ (54, 90+3) വകയായിരുന്നു.
മറ്റൊരു മത്സരത്തില്‍ ആഫ്രിക്കന്‍ കരുത്തരായ ഘാന ഏഷ്യന്‍ ടീമായ ദക്ഷിണകൊറിയയെ അട്ടിമറിച്ചു. 3-2 നായിരുന്നു ഘാനയുടെ വിജയം. ഘാനയ്ക്കുവേണ്ടി മുഹമ്മദ് കുഡുസ് (34, 68) ഇരട്ടഗോള്‍ നേടി. മുഹമ്മദ് സാലിസു (24) ആദ്യഗോള്‍ നേടി. കൊറിയയുടെ ഗോളുകള്‍ ചോ ഗ്യു-സങ്ങിന്റെ (58, 61) വകയായിരുന്നു. സെര്‍ബിയയെ കാമറൂണ്‍ സമനിലയില്‍ (3-3) തളച്ചു. കാമറൂണിനുവേണ്ടി ജീന്‍ ചാള്‍സ് സാസ്റ്റെല്ലെട്ടൊ (29), വിന്‍സെന്റ് അബൂബക്കര്‍ (63), എറിക് മാക്സിം ചൗപൊ മോട്ടിങ് (66) എന്നിവര്‍ സ്‌കോര്‍ചെയ്തു. സ്ട്രാഹിന പാവ്ലോവിച്ച് (45+1), സെര്‍ജെ മിലിന്‍കോവിച്ച് സാവിച്ച് (45+3), അലക്സാണ്ടര്‍ മിട്രോവിച്ച് (53) എന്നിവര്‍ സെര്‍ബിയയുടെ ഗോളുകള്‍ നേടി.

