KSDLIVENEWS

Real news for everyone

ജില്ലയുടെ കായികക്കുതിപ്പിന് വികസന പദ്ധതികൾ

SHARE THIS ON

കാസർകോട് ∙ ജില്ലയിൽ സ്പോർട്സ് വികസനത്തിനു സ്പോർട്സ് സ്കൂൾ ഉൾപ്പെടെ 132.25 കോടി രൂപയുടെ പദ്ധതിക്ക് ചീഫ് സെക്രട്ടറി തല അംഗീകാരം. ജില്ലാ സ്പോർട്സ് കൗൺസിൽ കാസർകോട് വികസന പാക്കേജിൽ സമർപ്പിച്ചതാണ് പദ്ധതി. ഇനി കാബിനറ്റ് അംഗീകാരം തേടണം.സ്പോർട്സ് സ്കൂളിന് 20 കോടി, സ്കൂൾ, കോളജ്, കോളജ് തലത്തിൽ 400 മീറ്റർ ട്രാക്കിന് 25 കോടി , ടൂറിസം മേഖലയിൽ വാട്ടർ സ്പോർട്സ്, ഇൻഡോർ വോളിബോൾ സ്റ്റേഡിയത്തിന് 5 കോടി ), ജില്ലയിലെ സ്കൂൾ വിദ്യാർഥികൾക്കു സംയോജിത കായിക വികസനത്തിന് 10 കോടി,

ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ സ്പോർട്സ് ഹോസ്റ്റലിന് 15 കോടി, ഗ്രാമീണ സ്പോർട്സ് ഗെയിംസ് വികസനത്തിന് 5.25 കോടി, മൾട്ടി പർപ്പസ് ഇൻഡോർ സ്റ്റേഡിയത്തിന് 10 കോടി, വനിത ഫുട്ബോൾ അക്കാദമിക്ക് 25 കോടി, ഉത്തര കേരള ജലോത്സവത്തിന് 5 കോടി, സ്കൂൾ വിദ്യാർഥികളുടെ കായിക ക്ഷമത പരിശീലനത്തിന് 5 കോടി എന്നിവയാണ് പദ്ധതികൾ. ടെന്നിസ്, ഫുട്ബോൾ, ക്രിക്കറ്റ്, ബാസ്കറ്റ് ബോൾ, കബഡി, സൈക്ലിങ് എന്നിവയിൽ കാസർകോട്, മഞ്ചേശ്വരം താലൂക്കുകളിൽ സ്പോർട്സ് സ്കൂൾ സ്ഥാപിക്കുന്നതിനാണു നിർദേശം. ജില്ലയി‍ൽ നിലവിൽ സ്പോർട്സ് സ്കൂൾ ഇല്ല. 5 നിയോജകമണ്ഡലങ്ങളിലും കേന്ദ്രീകൃത സ്പോർട്സ് ഹോസ്റ്റൽ സ്ഥാപിക്കാനും നിർദേശമുണ്ട്.

മഞ്ചേശ്വരം നിയോജക മണ്ഡലത്തിൽ കബഡി, ഫുട്ബോൾ (ആൺ,പെൺ). ഉദുമ മണ്ഡലത്തിൽ കബഡി, ഫുട്ബോൾ, വോളിബോൾ. കാഞ്ഞങ്ങാട് മണ്ഡലത്തിൽ തയ്ക്വാൻഡോ, ജൂഡോ, ബോക്സിങ്, റസ്‍ലിങ്, ഫെൻസിങ്, വുഷു, കരാട്ടെ, ഷട്ടിൽ ബാഡ്മിന്റൻ – ആൺ, പെൺ, തൃക്കരിപ്പൂർ മണ്ഡലത്തിൽ ബാസ്കറ്റ് ബോൾ,ഫുട്ബോൾ, വോളിബോൾ, അത്‍‍ലറ്റിക്സ് എന്നിങ്ങനെയാണ് ഹോസ്റ്റലുകൾ. മടിക്കൈ പഞ്ചായത്തിൽ ബാസ്കറ്റ്ബോൾ, ഫുട്ബോൾ, വോളിബോൾ, കബഡി എന്നിവയിൽ വനിതകൾക്കു വേണ്ടി സ്പെഷൽ സ്പോർട്സ് അക്കാദമി സ്ഥാപിക്കുന്നതാണ് മറ്റൊരു പദ്ധതി. ജില്ലയിലെ എല്ലാ പ്രദേശങ്ങളെയും ബന്ധപ്പെടുത്തി സമഗ്ര കായിക ക്ഷമത, വിനോദ വികസന പദ്ധതികൾ നടപ്പാക്കുകയാണ് ലക്ഷ്യമെന്ന് ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് പി.ഹബീബ് റഹ്മാൻ പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!