KSDLIVENEWS

Real news for everyone

ഗസ്സയില്‍ കൂട്ടക്കുരുതി തുടരുന്ന ഇസ്രായേലിന് കൂടുതല്‍ ആയുധങ്ങള്‍ കൈമാറാനൊരുങ്ങി അമേരിക്ക

SHARE THIS ON

ദുബൈ: റഫ ആക്രമണ പദ്ധതിയില്‍ ഉറച്ചുനില്‍ക്കുന്ന ഇസ്രായേലിന് കൂടുതല്‍ ആയുധങ്ങള്‍ കൈമാറാനുറച്ച്‌ അമേരിക്ക.പുതുതായി 25 എഫ് 35 പോർവിമാനങ്ങളും എഞ്ചിനുകളും ഉള്‍പ്പെടെ രണ്ടര ബില്യൻ ഡോളറിന്റെ ആയുധങ്ങളാകും നല്‍കുക. ഇസ്രായേല്‍ പ്രതിരോധ മന്ത്രി യോവ് ഗാലൻറുമായി നടന്ന ചർച്ചകളുടെ അടിസ്ഥാനത്തിലാണ് കൂടുതല്‍ ആയുധങ്ങള്‍ കൈമാറാനുള്ള അമേരിക്കൻ തീരുമാനം. ഇസ്രായേലിന്റെ താല്‍പര്യങ്ങള്‍ക്കൊപ്പം നിലയുറപ്പിക്കുകയെന്ന പ്രഖ്യാപിത നിലപാടിന്റെ ഭാഗമാണ് പുതിയ ആയുധ കൈമാറ്റമെന്ന് യു.എസ് സ്റ്റേറ്റ് വകുപ്പ് ഉദ്യാഗസ്ഥരെ ഉദ്ധരിച്ച്‌ വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോർട്ട് ചെയ്തു. പോർ വിമാനങ്ങള്‍ക്ക് പുറമെ 1800 ല്‍ അധികം എം.കെ 84 ബോംബുകളും ഇസ്രായേലിനു കൈമാറും.റഫക്കു നേരെയുള്ള ഇസ്രായല്‍ ആക്രമണത്തില്‍ എതിർപ്പുണ്ടെങ്കിലും ആയുധസഹായം നിർത്തി വെക്കേണ്ട സാഹചര്യം ഇല്ലെന്നാണ് ബൈഡൻ ഭരണകൂടത്തിന്റെ വിലയിരുത്തല്‍. അതെ സമയം ഗസ്സയില്‍ ക്രൂരമായ ആക്രമണം തുടരുകയാണ് ഇസ്രായേല്‍. ഗസ്സ സിറ്റിയില്‍ ഓടുന്ന കാറിന് നേരെ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ അഞ്ച് കുഞ്ഞുങ്ങളടക്കം എട്ടുപേർ കൊല്ലപ്പെട്ടു. ഗസ്സ സിറ്റിയിലെ ഷുജയക്ക് സമീപമുള്ള സലാഹുദ്ദീൻ സ്ട്രീറ്റിലൂടെ സഞ്ചരിക്കുകയായിരുന്ന കാറിന് നേരെയാണ് വ്യോമാക്രമണം ഉണ്ടായത്. ഗസ്സ സിറ്റിയിലെ ഷുജയ്യക്ക് സമീപം പൊലീസ് സ്റ്റേഷന് നേരെ നടത്തിയ ആക്രമണത്തില്‍ 17 പേർ കൊല്ലപ്പെട്ടു. ഒരുപൊലീസ് ഉദ്യോഗസ്ഥനും 16 സാധാരണക്കാരുമാണ് കൊല്ലപ്പെട്ടത്. ഗസ്സയില്‍ ഇതിനകം കൊല്ലപ്പെട്ടവരുടെ എണ്ണം 32,623 ആയി. 75,092 പേർക്ക് പരിക്കേറ്റതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. അതേ സമയം ഖാൻ യൂനിസില്‍ ഹമാസ് ആക്രണത്തില്‍ ഒരു ഇസ്രായേല്‍ അധിനിവേശ സൈനികൻ കൊല്ലപ്പെട്ടു. 16 സൈനികർക്ക് പരിക്കേറ്റു. ഇതില്‍ ആറുപേരുടെ നില ഗുരുതരമാണെന്ന് ഇസ്രായേല്‍ ഡിഫൻസ് ഫോഴ്സ് അറിയിച്ചു. പടിഞ്ഞാറൻ ഖാൻ യൂനിസിലെ അല്‍അമലിന് സമീപം ഇസ്രായേല്‍ അധിനിവേശ സേന സ്ഥാപിച്ച ഗാർഡ് പോസ്റ്റിന് നേരെയാണ് ഹമാസിന്റെ മിസൈല്‍ ആക്രമണം. സിറിയയിലെ അലപ്പോയില്‍ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ നിരവധി പേർ കൊല്ലപ്പെട്ടിരിക്കെ,കടുത്ത പ്രസ്താവനയുമായി റഷ്യ രംഗത്തുവന്നു. സിറിയയുടെ പരമാധികാരത്തിനു മേലുള്ള കടന്നാക്രമണം അപകടകരമായ പ്രത്യാഘാതം ഉണ്ടാക്കുമെന്നും യുദ്ധവ്യാപനത്തിന് ആക്കം കൂട്ടുമെന്നും റഷ്യ പ്രതികരിച്ചു. ലബനാനു നേരെയുള്ള ഇസ്രായേല്‍ ആക്രമണം ഇന്നലെയും തുടർന്നു. ഇസ്രായേല്‍ സൈനിക കേന്ദ്രങ്ങളെ ലക്ഷ്യം വെച്ച്‌ ഹിസ്ബുല്ല നിരവധി മിസൈലുകള്‍ അയച്ചു. ഇതിനുള്ള തിരിച്ചടിയാണ് വ്യോമാക്രമണമെന്ന് സേന പ്രതികരിച്ചു. പട്ടിണി പിടിമുറുക്കിയ വടക്കൻ ഗസ്സയിലേക്ക് കൂടുതല്‍ സഹായം എത്തിക്കാനുള്ള ലോകത്തിെൻറ അഭ്യർഥന നടപ്പാക്കാൻ ഇസ്രായേല്‍ ഇനിയും തയാറായിട്ടില്ല. അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ നിർദേശവും ഇസ്രായേല്‍ തള്ളുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!