23 സ്റ്റേഷനുകൾ, 200 കി.മീ വേഗം, തിരുവനന്തപുരം-കണ്ണൂർ യാത്രയ്ക്ക് 3.30 മണിക്കൂർ; അതിവേഗ റെയിൽ പദ്ധതിയുടെ വിശദാംശങ്ങൾ പുറത്ത്

തിരുവനന്തപുരം: കേരളത്തിന്റെ റെയിൽ ഗതാഗതത്തിൽ വൻ മാറ്റങ്ങൾ ലക്ഷ്യമിട്ട് മെട്രോമാൻ ഇ. ശ്രീധരൻ തയ്യാറാക്കിയ അതിവേഗ റെയിൽ പദ്ധതിയുടെ വിശദാംശങ്ങൾ പുറത്ത്. വെള്ളിയാഴ്ച മുഖ്യമന്ത്രി വി.ഡി. സതീശനുമായി നടത്തിയ കൂടിക്കാഴ്ചയിൽ പദ്ധതിയുടെ വിശദമായ രൂപരേഖ (ഡിപിആർ) അദ്ദേഹം സർക്കാരിന് സമർപ്പിച്ചിരുന്നു. ഇതിനുപിന്നാലെയാണ് പദ്ധതിയുടെ വിശദാംശങ്ങൾ പുറത്തുവിട്ടത്. തിരുവനന്തപുരത്തെ പൂജപ്പുര മുതൽ കണ്ണൂരെ മുണ്ടയാട് വരെ 473.20 കിലോമീറ്റർ ദൂരത്തിലാണ് അതിവേഗ റെയിൽപാത വിഭാവനം ചെയ്തിരിക്കുന്നത്.
മണിക്കൂറിൽ പരമാവധി 200 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കാവുന്ന ട്രെയിനുകൾ ഉപയോഗിക്കുന്നതിലൂടെ തിരുവനന്തപുരത്തുനിന്ന് കണ്ണൂരേക്ക് മൂന്നര മണിക്കൂർകൊണ്ട് എത്തിച്ചേരാനാകും. ലോകത്തിലെ ആധുനിക റെയിൽവേ സംവിധാനങ്ങൾക്ക് അനുയോജ്യമായ സ്റ്റാൻഡേർഡ് ഗേജിലാണ് ഈ ഇരട്ടപ്പാത നിർമിക്കുന്നത്. സ്റ്റാൻഡേർഡ് ഗേജ് പാത നിർമിക്കുന്നത് ഭാവിയിൽ റെയിൽ സാങ്കേതിക വിദ്യയിലുണ്ടാകുന്ന മാറ്റങ്ങൾ ഉൾക്കൊള്ളുന്നത് എളുപ്പമാക്കും.
പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തുടനീളം 23 സ്റ്റേഷനുകളാണ് വിഭാവനം ചെയ്തിരിക്കുന്നത്. പൂജപ്പുരയിൽനിന്ന് തുടങ്ങി തിരുവനന്തപുരം എയർപോർട്ട്, വർക്കല, കൊല്ലം, കൊട്ടാരക്കര, പത്തനംതിട്ട ജങ്ഷൻ, തിരുവല്ല, കോട്ടയം, വൈക്കം, തൃപ്പൂണിത്തുറ, എറണാകുളം (പാലാരിവട്ടം), ആലുവ, കൊച്ചി എയർപോർട്ട്, ചാലക്കുടി, തൃശൂർ ജങ്ഷൻ, പട്ടാമ്പി ജങ്ഷൻ, മലപ്പുറം, കോഴിക്കോട് എയർപോർട്ട്, കോഴിക്കോട് ജങ്ഷൻ, ബാലുശ്ശേരി, നാദാപുരം, കൂത്തുപറമ്പ് വഴി കണ്ണൂർ മുണ്ടയാട് അവസാനിക്കുന്ന രീതിയിലാണ് സ്റ്റേഷനുകളുടെ ക്രമം.
സ്റ്റേഷനുകൾ തമ്മിലുള്ള ശരാശരി ദൂരം 21.5 കിലോമീറ്റർ ആയിരിക്കും. കണ്ണൂർ ഒഴികെയുള്ള മൂന്ന് വിമാനത്താവളങ്ങളെയും നേരിട്ട് ബന്ധിപ്പിക്കുന്ന ഈ പാത, കണ്ണൂർ വിമാനത്താവളത്തിലേക്ക് മുണ്ടയാട് സ്റ്റേഷനിൽനിന്ന് പത്ത് കിലോമീറ്റർ ദൂരത്തിൽ മികച്ച റോഡ് നിർമിക്കാനും ശുപാർശ ചെയ്യുന്നു.
തിരുവനന്തപുരം നഗരത്തിലെ 6.5 കിലോമീറ്റർ ദൂരം ടണലിലൂടെയോ ഭൂമിക്കടിയിലൂടെയോ കടന്നുപോകുമെങ്കിലും ബാക്കി മുഴുവൻ പാതയും ആകാശപാത ആയിട്ടാണ് നിർമിക്കുക. ഇതിനായി 20 മീറ്റർ വീതിയിൽ മാത്രം ഭൂമി ഏറ്റെടുത്താൽ മതിയാകും. നിർമാണത്തിന് ശേഷം ഈ ഭൂമി ഉടമകൾക്കുതന്നെ കൃഷിക്കോ കന്നുകാലി വളർത്തലിനോ നിശ്ചിത വ്യവസ്ഥകളോടെ പാട്ടത്തിന് നൽകാനാകും.
സ്വന്തം സൗരോർജ പ്ലാന്റുകളിൽനിന്നുള്ള വൈദ്യുതിയിൽ പ്രവർത്തിക്കുന്ന ലോകത്തിലെ ആദ്യത്തെ ഹരിത റെയിൽ ഇടനാഴിയായിരിക്കും ഇത്. ആവശ്യമായ ഊർജം ഉൽപ്പാദിപ്പിച്ച ശേഷം ബാക്കിവരുന്ന വൈദ്യുതി കെ.എസ്.ഇ.ബി.ക്ക് നൽകാനും പദ്ധതി ലക്ഷ്യമിടുന്നു.
തുടക്കത്തിൽ 12 കോച്ചുകളിലായി 800 യാത്രക്കാർക്ക് സഞ്ചരിക്കാവുന്ന ട്രെയിനുകളാണ് സർവീസ് നടത്തുക. ദിവസത്തിലെ തിരക്കുള്ള സമയങ്ങളിൽ ഓരോ 20 മിനിറ്റിലും അല്ലാത്തപ്പോൾ 40 മിനിറ്റിലും സർവീസുകൾ ഉണ്ടാകും. കോച്ചുകളുടെ എണ്ണം ഭാവിയിൽ 16 വരെയായും സമയക്രമം ഓരോ അഞ്ച് മിനിറ്റിലും സർവീസ് എന്നരീതിയിലും വർധിപ്പിക്കാം. അങ്ങനെവന്നാൽ പ്രതിദിനം 2.28 ലക്ഷം യാത്രക്കാരെ വഹിക്കാൻ ശേഷിയുണ്ടാകും. യാത്രക്കാർക്ക് നിന്ന് യാത്രചെയ്യാൻ അനുവാദമുണ്ടാകില്ലെന്നും മുൻകൂട്ടി സീറ്റുകൾ റിസർവ് ചെയ്യുന്നവർക്ക് മാത്രമേ യാത്ര അനുവദിക്കൂ എന്നും രൂപരേഖയിൽ വ്യക്തമാക്കുന്നു.
ഏകദേശം 60,000 കോടി രൂപയാണ് പദ്ധതിയുടെ ആകെ ചെലവ് പ്രതീക്ഷിക്കുന്നത്. അതായത് ഒരു കിലോമീറ്ററിന് ശരാശരി 127 കോടി രൂപ. ഇതിൽ 36,000 കോടി രൂപ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ 51:49 എന്ന അനുപാതത്തിൽ ഇക്വിറ്റിയായി വഹിക്കും. ബാക്കിവരുന്ന 24,000 കോടി രൂപ ക്രൗഡ് ഫണ്ടിങ്ങിലൂടെ സമാഹരിക്കാനാണ് നിർദേശിച്ചിരിക്കുന്നത്.
നിലവിൽ സംസ്ഥാന സർക്കാരിന് മുന്നിൽ സമർപ്പിച്ചിരിക്കുന്ന പദ്ധതിയ്ക്ക് ഔദ്യോഗിക അനുമതി ലഭിച്ചാൽ അഞ്ച് വർഷത്തിനുള്ളിൽ നിർമാണം പൂർത്തിയാക്കാൻ കഴിയും. കൂടാതെ രണ്ടാം ഘട്ടത്തിൽ കണ്ണൂരിൽനിന്ന് കാസർകോട്ടേക്കും കോഴിക്കോടുനിന്ന് കൽപ്പറ്റയിലേക്കും പട്ടാമ്പിയിൽനിന്നും തൃശൂരിൽനിന്നും പാലക്കാട്ടേക്കും പാത നീട്ടുന്ന കാര്യവും റിപ്പോർട്ടിൽ വിഭാവനം ചെയ്യുന്നുണ്ട്.

