അജിത് അഗാര്‍ക്കര്‍ ഇന്ത്യന്‍ ടീമിന്‍റെ ചീഫ് സെലക്ടറാകും; വേതനം വര്‍ധിപ്പിക്കാന്‍ ബി.സി.സി.ഐ

മുംബൈ: മുൻ ഓള്‍റൗണ്ടര്‍ അജിത് അഗാര്‍ക്കറിനെ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്‍റെ ചീഫ് സെലക്ടറായി നിയമിക്കും. ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.
ചീഫ് സെലക്ടറായിരുന്ന ചേതൻ ശര്‍മ ഫെബ്രുവരിയില്‍ രാജിവെച്ച ഒഴിവില്‍ മറ്റാരെയും നിയമിച്ചിരുന്നില്ല.
വേതനം വര്‍ധിപ്പിക്കാമെന്ന വാഗ്ദാനത്തോടെയാണ് ബി.സി.സി.ഐ അധികൃതര്‍ അഗാര്‍ക്കറുമായി ചര്‍ച്ച നടത്തിയതെന്നാണ് വിവരം. നിലവില്‍ ചീഫ് സെലക്ടറുടെ വാര്‍ഷിക വേതനം ഒരു കോടി രൂപയാണ്. ഇത് വര്‍ധിപ്പിക്കും. തുടര്‍ന്നാണ് ചീഫ് സെലക്ടര്‍ സ്ഥാനത്തേക്ക് അപേക്ഷിക്കാൻ അഗാര്‍ക്കര്‍ തയാറായത്. തുടര്‍ന്ന് വ്യാഴാഴ്ച അഗാര്‍ക്കര്‍ ഐ.പി.എല്‍ ടീമായ ഡല്‍ഹി കാപിറ്റല്‍സിന്‍റെ അസിസ്റ്റന്‍റ് കോച്ച് സ്ഥാനം രാജിവെച്ചു.
ചീഫ് സെലക്ടര്‍ സ്ഥാനത്തേക്ക് ബി.സി.സി.ഐ പരിഗണിക്കുന്ന മുതിര്‍ന്ന താരങ്ങള്‍ വേതനം ചൂണ്ടിക്കാട്ടി പദവി നിരസിക്കുന്ന സാഹചര്യമുണ്ടായിരുന്നു. താരങ്ങള്‍ക്ക് കമന്‍ററിയില്‍ നിന്നും ചാനല്‍ പരിപാടികളില്‍ നിന്നും മറ്റും മികച്ച വരുമാനം ലഭിക്കുന്നതാണ് ചീഫ് സെലക്ടര്‍ പദവിയെ അനാകര്‍ഷകമാക്കിയത്. ഇതേ തുടര്‍ന്നാണ് വേതനം വര്‍ധിപ്പിക്കാൻ ബി.സി.സി.ഐ നിര്‍ബന്ധിതരായത്.
45കാരനായ അജിത് അഗാര്‍ക്കര്‍ ഇന്ത്യക്ക് വേണ്ടി 191 ഏകദിനവും 26 ടെസ്റ്റും നാല് ട്വന്‍റി20യും കളിച്ചിട്ടുണ്ട്. 2007ല്‍ ട്വന്‍റി20 ലോകകപ്പ് നേടിയ ഇന്ത്യൻ ടീമില്‍ അംഗമായിരുന്നു.
സെലക്ഷൻ കമ്മിറ്റിയിലെ നിലവിലെ മറ്റ് അംഗങ്ങള്‍ സുബ്രതോ ബാനര്‍ജീ, സലില്‍ അങ്കോള, ശ്രിദ്ധരണ്‍ ശരത്, ശിവ് സുന്ദര്‍ ദാസ് എന്നിവരാണ്. 90 ലക്ഷമാണ് ബി.സി.സി.ഐ ഇവര്‍ക്ക് നല്‍കുന്ന വരുമാനം.
നേരത്തെ, ചീഫ് സെലക്ടറായിരുന്ന ചേതൻ ശര്‍മ സീ ന്യൂസ് നടത്തിയ ഒളികാമറ ഓപറേഷന് പിന്നാലെയാണ് പുറത്തായത്. ഒളികാമറ ഓപറേഷനില്‍ വിവാദമായ പല വെളിപ്പെടുത്തലുകളും ശര്‍മ നടത്തിയിരുന്നു. ഫിറ്റ്നസ് ഇല്ലാത്ത താരങ്ങള്‍ കളിക്കാനിറങ്ങുമ്ബോള്‍ കുത്തിവെപ്പെടുക്കുന്നത്, വിരാട് കോലി-രോഹിത് ശര്‍മ ഈഗോ, കോലിയുടെ ക്യാപ്റ്റന്‍സി നഷ്ടമാക്കിയ കാര്യങ്ങള്‍, ഹാര്‍ദിക് പാണ്ഡ്യ ഇടയ്ക്കിടെ തന്നെ കാണാന്‍ വരുന്നത്, സഞ്ജുവിന്‍റെ സാധ്യത മങ്ങുന്നത്… ഇങ്ങനെ ഇന്ത്യന്‍ ക്രിക്കറ്റുമായി ബന്ധപ്പെട്ട് നിരവധി കാര്യങ്ങളാണ് ഒളികാമറയുണ്ടെന്നറിയാതെ ചേതന്‍ വിളിച്ചുപറഞ്ഞത്.

