KSDLIVENEWS

Real news for everyone

വെള്ളപ്പൊക്ക ഭീഷണി എറണാകുളത്ത് രണ്ട് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. 55 പേരെ മാറ്റി പാർപ്പിച്ചു

SHARE THIS ON


കൊച്ചി :ഇന്നലെ പെയ്ത കനത്ത മഴയിൽ എറണാകുളം ,എളംകുളം, വില്ലേജുകളിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ടുണ്ടായതിനെ തുടർന്ന് ആളുകളെ മാറ്റി താമസിപ്പിച്ചു. എളംകുളം മദർ തെരേസ കമ്യൂണിറ്റി ഹാളിലും കടവന്ത്ര ഗവ.വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്‌കൂളിലുമാണ് ക്യാമ്പുകൾ തുറന്നത്. കമ്യൂണിറ്റി ഹാളിൽ 10 കുടുംബങ്ങളാണുള്ളത്. 22 പുരുഷന്മാരും 13 സ്ത്രീകളും 10 കുട്ടികളുമുൾപ്പടെ 45 ആളുകളാണ് ഇവിടെയുള്ളത്. കടവന്ത്ര സ്‌കൂളിൽ മൂന്ന് കുടുംബങ്ങൾ ആണുള്ളത്. രണ്ട് പുരുഷന്മാരും ആറ് സ്ത്രീകളും രണ്ട് കുട്ടികളും ഉൾപ്പടെ 10 പേർ ഇവിടെയുണ്ട്. പി ആന്റ് ടി, ഉദയാ കോളനികൾ, പെരുമാനൂർ കോളനി എന്നിവിടങ്ങളിലാണ് വെള്ളക്കെട്ടുണ്ടായത്. വില്ലേജ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയാണ് നടപടികൾ സ്വീകരിച്ചത്. കോർപ്പറേഷൻ ഹെൽത് ഇൻസ്‌പെക്ടറും ഐ.എ.ജി മെമ്പർമാരും സ്ഥലത്ത് എത്തി.

കളമശ്ശേരിയിൽ വട്ടേക്കുന്നം പിഎച്ച്‌സി റോഡ് ഇടിഞ്ഞതിനെ തുടർന്ന് പോലീസിന്റെയും ഫയർഫോഴ്‌സി റെയും നേതൃത്വത്തിൽ രക്ഷാപ്രവർത്തനങ്ങൾ നടത്തി. താഴേക്കു വീണ വാഹനങ്ങൾ മണ്ണിനടിയിൽ നിന്നും പുറത്തെടുത്തു. കെ എസ് ഇ ബി ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ തകർന്ന വൈദ്യുതി പോസ്റ്റുകളും നീക്കം ചെയ്തു.
മുളന്തുരുത്തി ഗ്രാമപഞ്ചായത്തിൽ മണ്ണിടിച്ചിലിനെ തുടർന്ന് അപകടാവസ്ഥയിലായ വീടുകളിലെ താമസക്കാരെ ഒഴിപ്പിച്ചു. വൈദ്യുതി ബന്ധവും വിച്ഛേദിച്ചു. സനിൽകുമാർ, ബി.കെ.ശ്രീമതി, നിധീന ബി.മേനോൻ എന്നിവരുടെ ഉടമസ്ഥതയിൽ ഉള്ളതാണ് കെട്ടിടം. വാടകക്കാരായിരുന്നു താമസക്കാർ. ഇന്നലെ രാവിലെ ഒൻപതു മണിയോടെയാണ് മണ്ണിടിച്ചിൽ ഉണ്ടായത്. പുറകുവശമാണ് ഇടിഞ്ഞത്. കെട്ടിടത്തിന്റെ പോർച്ച് വരെയുള്ള ഭാഗം വിള്ളൽ വീണ നിലയിലാണ്. സമീപത്തുള്ള കെട്ടിടത്തിനും അപകട ഭീഷണി ഉള്ളതിനാൽ വൈദ്യുതി ബന്ധം വിച്ഛേദിച്ച് താമസക്കാരെ ഒഴിപ്പിച്ചു.

പറവൂർ താലൂക്കിലെ കടുങ്ങല്ലൂർ വില്ലേജിൽ മണ്ണ് ഇടിഞ്ഞ് വീണ് രണ്ട് വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. കണിയാം കുന്നിലെ ചരിവ്പറമ്പ് വീട്ടിൽ തങ്കമ്മ, പുതുവൽ പറമ്പ് വീട്ടിൽ നൗഷർ എന്നിവരുടെ വീടുകൾക്കാണ് കേടുപാടുകൾ സംഭവിച്ചത്.

ഇടമലയാർ ഡാമിലെ ജലനിരപ്പ് സുരക്ഷിതമാണെന്ന് അധികൃതർ അറിയിച്ചു. 137.1 മീറ്റർ ആണ് ഇന്നലത്തെ ജലനിരപ്പ് . ഡാമിന്റെ പൂർണ സംഭരണ ജലനിരപ്പ് 169 മീറ്ററും പരമാവധി ജലനിരപ്പ് 171 മീറ്ററും ആണ്.

ഓപ്പറേഷൻ ബ്രേക്ക്ത്രൂ പദ്ധതി പ്രദേശങ്ങളിൽ വെള്ളക്കെട്ട് ബാധിച്ചിട്ടില്ല

എറണാകുളം: ഓപ്പറേഷൻ ബ്രേക്ക്ത്രൂ പദ്ധതിയിൽ പ്രവൃത്തികൾ പൂർത്തിയാക്കിയ പ്രദേശങ്ങളിൽ രൂക്ഷമായ വെള്ളക്കെട്ട് ഒഴിവാക്കാൻ സാധിച്ചതായി ബ്രേക്ക്ത്രൂ സാങ്കേതികസമിതി ചെയർമാൻ ആർ. ബാജി ചന്ദ്രൻ അറിയിച്ചു. ബ്രേക്ക്ത്രൂ ഒന്നാംഘട്ടത്തിൽ കോർപ്പറേഷൻ പരിധിയിലെ അടഞ്ഞതും മൂടപ്പെട്ടുപോയതുമായ ഓടകൾ നവീകരിക്കുന്ന പ്രവൃത്തികളായിരുന്നു. ആ പദ്ധതികൾ എല്ലാം സമയബന്ധിതമായി പൂർത്തീകരിച്ചിരുന്നു.

രണ്ടാംഘട്ട പ്രവർത്തനങ്ങളുടെ ഭാഗമായി പ്രധാന തോടുകളും കായൽമുഖങ്ങളും എക്കലും മറ്റ് തടസ്സങ്ങളും നീക്കി നഗരാതിർത്തിക്കകത്ത് വരുന്ന മഴവെള്ളം പൂർണ്ണമായും കായലിലേക്ക് എത്തിക്കുന്നതിനുള്ള പദ്ധതിയാണ് വിഭാവനം ചെയ്തത്. ഇതിന്റെ ഭാഗമായി പ്രധാന തോടുകളായ കാരണക്കോടം, ചങ്ങാടംപോക്ക്, ചിലവന്നൂർ, കോയിത്തറകനാൽ, മുല്ലശ്ശേരി കനാൽ, തേവര കായൽമുഖം, പേരണ്ടൂർ കായൽമുഖം, ഇടപ്പള്ളി തോട് എന്നീ പ്രധാന പദ്ധതികൾ പൂർത്തീകരിക്കുവാനാണ് ലക്ഷ്യമിട്ടിരുന്നത്. ഇതിൽ മുല്ലശ്ശേരി കനാൽ ഒഴികെ ബാക്കിയെല്ലാം പൂർത്തീകരിച്ചു.

നഗരപരിധിയിലെ പ്രധാന കനാലായ തേവര- പേരണ്ടൂർ കനാൽ നവീകരണം അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി നടത്തുന്നതിനാൽ ഈ കനാൽ ബ്രേക്ക്ത്രൂ പദ്ധതിയിൽ ഉൾപ്പെട്ടിരുന്നില്ല. ഇന്നലെ രാത്രിയും പുലർച്ചയുമായി ഉണ്ടായ കനത്തമഴയിൽ ബ്രേക്ക്ത്രൂ പദ്ധതിയിൽ പ്രവൃത്തികൾ പൂർത്തിയാക്കിയ പ്രദേശങ്ങളിൽ വെള്ളക്കെട്ട് ഉണ്ടായിട്ടില്ല. കടലിൽ രണ്ടടിയോളം വെള്ളം പൊങ്ങിയിട്ടും ബ്രേക്ക്ത്രൂവിൽ ഉൾപ്പെടുത്തി നവീകരിച്ച കനാലുകളിൽ ഒഴുക്ക് സുഗമമായിരുന്നു. കെഎസ്ആർടിസി ബസ്റ്റാന്റ് പരിസരത്ത് വെള്ളക്കെട്ട് ഉണ്ടാകുവാൻ കാരണം മുല്ലശ്ശേരി കനാലിന്റെ ആദ്യ ഭാഗങ്ങളിൽ ബെഡ് ലെവൽ ഉയർത്തിക്കൊണ്ടുള്ള കോൺക്രീറ്റ് നിർമ്മാണമാണ്.

ബ്രേക്ക്ത്രൂ പദ്ധതിയിൽ നവീകരിച്ചിട്ടു പ്രധാനകനാലുകളുടെ ഒരു ഭാഗത്തും വെള്ളക്കെട്ട് റിപ്പോർട്ട് ചെയ്തിട്ടില്ല. കമ്മട്ടിപ്പാടം, പനമ്പിള്ളിനഗർ, വടുതല, എന്നീ ഭാഗങ്ങൾ ടി.പി കനാലിന്റെ വശങ്ങളാണ്. നിലവിൽ വെള്ളക്കെട്ട് റിപ്പോർട്ട് ചെയ്തിരിക്കുന്ന പ്രദേശങ്ങളിലെ പ്രധാന തോടായ തേവര-പേരണ്ടൂർ കനാലിൽ ബ്രേക്ക്ത്രൂ പദ്ധതിയുടെ പ്രവർത്തനങ്ങൾ നടന്നിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!