കണ്ടെയിൻമെന്റ് സോണുകളിൽ സെപ്റ്റംബർ 30 വരെ ഇളവുകളില്ല
കൂടുതൽ മേഖലകളെ നിയന്ത്രണത്തിൽ നിന്ന് ഒഴിവാക്കിയിരിക്കുകയാണ് അൺലോക്ക് 4ൽ. ഏതൊക്കെ മേഖലകൾക്കാണ് തുറന്നു പ്രവർത്തിക്കാൻ അനുമതിയുള്ളത്, ഏതൊക്കെ മേഖലകൾ അടഞ്ഞുകിടക്കുന്നത് തുടരും എന്ന് നോക്കാം. സാമൂഹിക, അക്കാദമിക, കായിക. വിനോദ, മത സാംസ്കാരിക, രാഷ്ട്രീയ യോഗങ്ങൾക്ക് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് അനുമതി. സാമൂഹിക അകലം പാലിച്ചും മാസ്ക് ധരിച്ചും തെർമൽ സ്കാനർ ഉപയോഗിച്ചും വേണം യോഗങ്ങൾ നടത്താൻ. ഓപൺ എയർ തിയറ്ററുകൾ സെപ്തംബർ 21 മുതൽ തുറക്കാം. സെപ്റ്റംബർ ഏഴു മുതൽ പടിപടിയായി മെട്രോ സർവിസുകൾ പുനരാരംഭിക്കും. ഇതിനുള്ള മാർഗനിർദേശങ്ങൾ ആഭ്യന്തര മന്ത്രാലയവുമായി ആലോചിച്ച് ഭവന, നഗരകാര്യ മന്ത്രാലയം പുറപ്പെടുവിക്കും. കൊച്ചി മെട്രോ സർവിസ് സെപ്റ്റംബർ ഏഴിന് പുനരാരംഭിക്കും. സെപ്റ്റംബർ 30 വരെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കില്ല. എന്നാൽ, ഒമ്പതു മുതൽ 12ാം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്ക് വേണമെങ്കിൽ സ്കൂളിൽ വരാം. എന്നാൽ, കണ്ടെയ്ൻമെൻറ് മേഖലക്ക് പുറത്തുള്ള വിദ്യാർഥികൾക്കാണ് ഈ ഇളവ്. വിദ്യാർഥികൾ രക്ഷിതാക്കളുടെ രേഖാമൂലമുള്ള അനുമതിയോടെയാവണം സ്കൂളിൽ വരേണ്ടത്. കുട്ടികൾക്ക് അധ്യാപകരിൽനിന്ന് ആവശ്യമായ മാർഗനിർദേശങ്ങൾ സ്വീകരിക്കാം. അമ്പതു ശതമാനം അധ്യാപക, അനധ്യാപക ജീവനക്കാരെ ഒരേ സമയം സ്കൂളിൽ അനുവദിക്കാം. അവിടെനിന്ന് ഓൺലൈൻ അധ്യാപനവും ടെലി കൗൺസലിങ്ങും നടത്താം. സംസ്ഥാനത്തിനകത്തും പുറത്തുമുള്ള ആളുകളുടേയും ചരക്കുകളുടേയും നീക്കത്തിന് നിയന്ത്രണമുണ്ടാവില്ല. കേന്ദ്ര സർക്കാറിന്റെ അനുമതിയില്ലാതെ കണ്ടെയ്ൻമെൻറ് സോണിന് പുറത്ത് സംസ്ഥാനങ്ങൾ സ്വന്തം നിലക്ക് ലോക്ഡൗൺ പ്രഖ്യാപിക്കരുത് സിനിമ തിയറ്റർ, സ്വിമ്മിങ് പൂൾ, വിനോദ പാർക്കുകൾ തുറക്കില്ല 65 തികഞ്ഞവരും ഗർഭിണികളും പത്തു വയസ്സിൽ താഴെയുള്ള കുട്ടികളും പുറത്തിറങ്ങരുത്. ആഭ്യന്തര മന്ത്രാലയം അനുവദിക്കുന്നതൊഴിച്ചുള്ള അന്താരാഷ്ട് വിമാന സർവിസിനുള്ള വിലക്ക് തുടരും