സഊദിയില്‍ കോവിഡ് വ്യാപന നിരക്ക് കുറഞ്ഞു
സഊദി അറേബ്യയില്‍ കൊവിഡ്-19 വ്യാപന നിരക്കില്‍ ശനിയാഴ്ച കുറവ് രേഖപ്പെടുത്തി. ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ പ്രതിദിന കണക്കില്‍ 1038 പേര്‍ രോഗമുക്തി നേടി. ഇതോടെ കൊവിഡ് മുക്തരായവരുടെ എണ്ണം 288,441 ആയി ഉയര്‍ന്നു. രാജ്യത്ത് ഇതുവരെ 313,911 കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.
ചികിത്സയിലായിരുന്ന 27 പേര്‍ കൂടി മരിച്ചതോടെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 3940 ആയി. റിയാദിലാണ് ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചത്; 13 പേര്‍. അല്‍ ഹുഫൂഫ്, അല്‍ മുബറസ് മൂന്ന് വീതം, അബൂ അരീഷ് 2, മക്ക, ഹാഇല്‍, ഹഫര്‍ അല്‍ ബാത്തിന്‍, അറാര്‍, സാംത, ഹോത്താ ബനീ തമീം ഒന്നുവീതം എന്നീ പ്രദേശങ്ങളിലാണ് കൊവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.
പുതുതായി രോഗം സ്ഥിരീകരിച്ചവരില്‍ 56 ശതമാനം പുരുഷന്മാരും 44 ശതമാനം സ്ത്രീകളുമാണ്. 21,630 പേരാണ് ചികിത്സയില്‍ കഴിയുന്നത്. ഇവരില്‍ 1,555 പേരുടെ നില ഗുരുതരമാണെന്നും മന്ത്രാലയം അറിയിച്ചു.