ലീഗ് നേതാവിന്റെ മകളുടെ വീടിന് നേരെ അർധരാത്രി അക്രമം ;
അജ്ഞാത മൂന്നംഗ സംഘം ജനൽ ചില്ലുകൾ അടിച്ചു തകർത്തു.

നീലേശ്വരം: മുസ്ലിം ലീഗ് നേതാവിന്റെ മകളുടെ വീടിന് നേരെ അജ്ഞാത സംഘത്തിന്റെ അക്രമം. തൈക്കടപ്പുറത്ത് നടുവിൽ പള്ളിക്കു സമീപത്തെ ഖദീജയുടെ വീടാണ് ആക്രമിക്കപ്പെട്ടത്. അർധരാത്രി മൂന്നംഗ സംഘം അതിക്രമിച്ചു കയറി വീടിന്റെ മുൻവശത്തെ ജനൽച്ചില്ലുകൾ അടിച്ചു തകർക്കുകയായിരുന്നു. ചില്ലുകൾ തകർന്നു വീഴുന്ന ശബ്ദം കേട്ട് വീട്ടുകാർ വിളക്കുകൾ തെളിച്ചതോടെ അക്രമികൾ ഓടി രക്ഷപ്പെട്ടു.
മുസ്‌ലിം ലീഗ് പ്രവർത്തകൻ ഇബ്രാഹിം കുഞ്ഞിയുടെ മകളും കെഎംസിസി പ്രവർത്തകൻ ഇല്യാസിന്റെ സഹോദരിയുമാണ് ഖദീജ. വിവരമറിഞ്ഞെത്തിയ മുസ്‌ലിം ലീഗ് പ്രവർത്തകരും നീലേശ്വരം പൊലീസും രാത്രി തന്നെ സ്ഥലത്തെത്തി പരിശോധന നടത്തി. അക്രമികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്ന് വാർഡ് കൗൺസിലർ കെ പ്രകാശൻ, മുസ്‌ലിം ലീഗ് നേതാക്കളായ കെ സൈനുദ്ദീൻ, നസീർ, സ്വാദിഖ്, മഹമൂദ് കോട്ടായി, യൂസുഫ്, അഫ്സീർ എന്നിവർ ആവശ്യപ്പെട്ടു.