സുശാന്ത് സിങ് മരണവുമായി ബന്ധപ്പെട്ട് രണ്ടുപേര്‍ പിടിയില്‍ ;
തുമ്പായത് റിയയുടെ വാട്‌സാപ്പ് ചാറ്റ്
ന്യൂഡല്‍ഹി: നടി റിയ ചക്രവര്‍ത്തിയുടെ വാട്‌സാപ്പ് ചാറ്റിന്റെ അടിസ്ഥാനത്തില്‍ ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ റജിസ്റ്റര്‍ ചെയ്ത ലഹരിമരുന്ന് കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. നടന് ലഹരിമരുന്ന് എത്തിച്ച് നല്‍കിയതെന്ന് ആരോപിക്കപ്പെടുന്നവരാണ് അറസ്റ്റിലായത്. നടി റിയ ചക്രവര്‍ത്തിയെ തുടര്‍ച്ചയായി സിബിഐ ചോദ്യം ചെയ്തിരുന്നു.സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് കേന്ദ്ര ഏജന്‍സികള്‍ വിവിധ കേസുകളില്‍ ഇതാദ്യമായാണ് അറസ്റ്റുണ്ടാകുന്നത്. വിശദമായ ചോദ്യം ചെയ്യലില്‍ സുശാന്തുമായി ബന്ധപ്പെട്ടുയര്‍ന്ന ലഹരിമരുന്ന് മാഫിയ ബന്ധത്തെക്കുറിച്ച് വിവരങ്ങള്‍ ലഭിക്കുമെന്നാണ് അന്വേഷണ സംഘം കരുതുന്നത്. റിയ ചക്രവര്‍ത്തിയുടെ പങ്ക് സംബന്ധിച്ച് ഇനിയും വ്യക്ത വന്നിട്ടില്ല. ഒരു ലഹരിമരുന്നും ഇതുവരെ ഉപയോഗിച്ചിട്ടില്ലെന്ന റിയയുടെ അവകാശവാദം അന്വേഷണ സംഘം വിശ്വാസത്തിലെടുത്തിട്ടില്ല. സിബിഐയുടെ ചോദ്യം ചെയ്യലുകള്‍ പൂര്‍ത്തിയായ ശേഷമാകും നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ നടിയില്‍ നിന്നും മൊഴി എടുക്കുക. വ്യക്തത വരുത്താതിരുന്ന വിഷയങ്ങളിലൂന്നിയായിരുന്നു മൊഴിയെടുപ്പ്. നടന്റെ ബാങ്ക് അക്കൗണ്ടുകളും സാമ്പത്തിക ഇടപാടുകളും സംബന്ധിച്ച വിഷയങ്ങളാണ് ഇന്ന് സിബിഐ പ്രധാനമായും ചോദിച്ചതെന്നാണ് വിവരം.