മെട്രോ റെയില്‍ സര്‍വീസിനും മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ തയ്യാറാക്കി കേന്ദ്ര സര്‍ക്കാര്‍ ;
പരമാവധി 350 പേർ, പ്ലാറ്റ്ഫോമില്‍ ശാരീരിക അകലം പാലിക്കുന്നത് ഉറപ്പ് വരുത്താന്‍ ചുവന്ന വൃത്തങ്ങള്‍ വരച്ചിടും.
ന്യൂ ഡൽഹി : കൊവിഡ് വ്യാപനം മൂലം നിര്‍ത്തിവച്ച മെട്രോ റെയില്‍ സര്‍വ്വീസുകള്‍ പുനരാരംഭിക്കുന്നതിന് മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ തയ്യാറാക്കി കേന്ദ്ര സര്‍ക്കാര്‍. പരമാവധി മുന്നൂറ്റിയന്‍പത് പേരെയേ ഒരു സമയം യാത്ര ചെയ്യാന്‍ അനുവദിക്കൂ എന്നതടക്കം നിയന്ത്രണങ്ങളോടെയാണ് സര്‍വ്വീസ് ആരംഭിക്കാനിരിക്കുന്നത്. മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കുന്നതിന് മുന്നോടിയായുള്ള കേന്ദ്രനഗരവികസനമന്ത്രാലയത്തിന്‍റെ യോഗം മറ്റന്നാള്‍ ദില്ലിയില്‍ നടക്കും.
വരുന്ന ഏഴ് മുതല്‍ ഘട്ടം ഘട്ടമായി സര്‍വ്വീസ് വീണ്ടും തുടങ്ങാനാണ് തീരുമാനം. വിമാനത്താവളങ്ങളുടെ മാതൃകയിലാകും മെട്രോ സ്റ്റേഷനുകളിലെ പരിശോധന. ആരോഗ്യസേതു ആപ്പ് നിര്‍ബന്ധമാക്കും
ശരീരോഷ്മാവ് പരിശോധിച്ച് മാത്രമേ യാത്രക്കാരെ സ്റ്റേഷനിലേക്ക് പ്രവേശിപ്പിക്കൂ. ലഗേജുകള്‍ അണുവിമുക്തമാക്കാനുള്ള സജ്ജീകരണം ഉണ്ടാകും. ടോക്കണ്‍ നല്‍കില്ല. സ്മാര്‍ട്ട് കാര്‍ഡ് ഉപയോഗിച്ച് മാത്രമേ യാത്ര അനുവദിക്കൂ. നിശ്ചിത അകലം ഉറപ്പ് വരുത്തുന്ന മെറ്റല്‍ ഡിറ്റക്ടര്‍ ഉപയോഗിച്ച് ശരീര പരിശോധന നടത്തും.
പ്ലാറ്റ്ഫോമില്‍ ശാരീരിക അകലം പാലിക്കുന്നത് ഉറപ്പ് വരുത്താന്‍ ചുവന്ന വൃത്തങ്ങള്‍ വരച്ചിടും. കൃത്യമായ ഇടവേളകളില്‍ ബോധവത്കരണ അനൗണ്‍സ്മെന്‍റുകളുണ്ടാകും. ട്രെയിനിനുള്ളിലെ താപനില 26 ഡിഗ്രി സെല്‍ഷ്യസായി ക്രമീകരിക്കും. ഒന്നിടവിട്ടുള്ള സീറ്റുകള്‍ ഒഴിച്ചിടണം. ആദ്യഘട്ടത്തില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കാവും മെട്രോയാത്രയില്‍ മുന്‍ഗണനയെന്നാണ് ദില്ലി സര്‍ക്കാര്‍ വ്യക്തമാക്കുന്നത്.
ചൊവ്വാഴ്ച കേന്ദ്രനഗര വികസന മന്ത്രാലയം വിളിച്ചിരിക്കുന്ന യോഗത്തില്‍ മെട്രോ കോര്‍പ്പറേഷന്‍ മാനേജിഗ് ഡയറക്ടര്‍മാര്‍ പങ്കെടുക്കും. നിലവിലെ മാര്‍ഗനിര്‍ദ്ദേശത്തില്‍ ഭേദഗതികള്‍ നിര്‍ദ്ദേശിക്കാം. അന്തിമ മാര്‍ഗനിര്‍ദ്ദേശം ശനിയാഴ്ചയോടെ പുറത്തിറങ്ങുമെന്നാണ് സൂചന