ആരോപണം തെളിയിച്ചാൽ രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കും : മഞ്ചേശ്വരം എംഎൽഎ. എം.സി ഖമറുദ്ദീൻ
കാസർകോട്: ഫാഷൻ ഗോൾഡ് ജുവലറിയുടെ പേരിൽ നിക്ഷേപമായി വാങ്ങിച്ച പണത്തിൽ നിന്ന് ഒരു രൂപയുടെ തട്ടിപ്പ് നടത്തിയതായി തെളിയിച്ചാൽ രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുമെന്ന് എം.സി ഖമറുദ്ദീൻ എം.എൽ.എ വാർത്താസമ്മേളനത്തിൽ പറഞ്ഞു. എന്നെ വ്യക്തിപരമായി തേജോവധം ചെയ്യുന്നതിനും അപകീർത്തിപ്പെടുത്തുന്നതിനും ചില ശക്തികൾ ഒളിഞ്ഞും തെളിഞ്ഞും നടത്തിവരുന്ന ഗൂഢാലോചനയുടെ ഭാഗമാണ് വഞ്ചന കേസുകൾ. ചന്തേര പൊലീസ് എടുത്ത കേസുകൾ രാഷ്ട്രീയ പ്രേരിതമാണ്.കേസെടുക്കുന്നതിന് പൊലീസിൽ കടുത്ത സമ്മർദ്ദം ഉണ്ടായിരുന്നുവെന്നാണ് കരുതുന്നത്. പൊലീസ് ഉദ്യോഗസ്ഥരും രാഷ്ട്രീയ പാർട്ടി നേതാക്കളും പരാതിക്കാരും ആക്ഷൻ കൗൺസിൽ ഭാരവാഹികളും ചർച്ച നടത്തി കോടതിയുടെ നിർദ്ദേശ പ്രകാരം കാര്യങ്ങൾ തീർക്കാമെന്ന് പറഞ്ഞു മാറ്റിവച്ച സംഭവത്തിലാണ് ഇപ്പോൾ കേസെടുത്തിരിക്കുന്നത്. എം.എൽ.എ ആയതിന് ശേഷം വ്യക്തിപരമായി തകർക്കാനുള്ള നീക്കങ്ങൾ കൂടുതൽ സജീവമാണ്. തനിക്കെതിരെ 13 കേന്ദ്രങ്ങളിൽ സമരം നടത്തിയവർ തന്നെയാണ് ഇതിന് പിന്നിലെന്നും എം.എൽ.എ പറഞ്ഞു. ഫാഷൻ ഗോൾഡ് ജുവലറി തുടങ്ങുന്നതിന് ആരംഭിച്ച കമ്പനിയുടെ ചെയർമാൻ ആണെങ്കിലും ഒരുതരത്തിലുള്ള സാമ്പത്തിക ഇടപാടും ഞാൻ നടത്തിയിട്ടില്ല. പണം വാങ്ങുകയോ കൊടുക്കുകയോ ചെയ്യാത്ത താൻ തട്ടിപ്പ് നടത്തിയെന്ന ആരോപണം തന്നെ ഗൂഢനീക്കത്തിന്റെ ഭാഗമാണ്ഭാഗമാണ്.ഷെയർ നല്കിയവരോടെല്ലാം കേസ് കൊടുക്കാൻ ചില കേന്ദ്രങ്ങൾ നിർദ്ദേശിക്കുകയാണ്. യഥാർത്ഥത്തിൽ നോട്ടുനിരോധനം മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധി കാരണമാണ് ജുവലറികൾ പൂട്ടേണ്ടിവന്നത്. നിരവധി കമ്പനികൾ ആ കാലത്ത് പൊളിഞ്ഞിട്ടുണ്ട്. പിന്നീട് കൊവിഡ് ലോക്ക് ഡൗൺ വന്നതോടെ വീണ്ടും തുറക്കാൻ പറ്റാതായി. അതിന്റെ പേരിലുള്ള മുഴുവൻ ഓഹരി ഉടമകൾക്കും പണം തിരികെ നൽകാനുള്ള നീക്കം നടത്തിവരികയാണ്. നേരത്തെ ഓഹരി പിൻവലിക്കുന്നതായി പറഞ്ഞിട്ടുള്ളവർക്ക് എല്ലാം പണം നൽകിയിട്ടുണ്ട്. സ്വത്തുവകകൾ വിറ്റിട്ടാണെങ്കിലും മുഴുവൻ ഓഹരിയും കൊടുത്തുതീർക്കും. ഫാഷൻ ഗോൾഡ് ജുവലറി പ്രശ്നവുമായി മുസ്ളീംലീഗിനോ കെ.എം.സി.സി പോലുള്ള സംഘടനക്കോ ബന്ധമില്ലെന്നും ഖമറുദ്ദീൻ വ്യക്തമാക്കി.