സമാധാനത്തിന്റെ പ്രായോഗിക മാർഗം: എല്ലാവരും പിന്തുണയ്ക്കണം; ട്രംപിന്റെ ഗാസാ പദ്ധതിയെ സ്വാഗതം ചെയ്ത് മോദി

ന്യുഡല്‍ഹി: ഗാസ യുദ്ധം അവസാനിപ്പിക്കാൻ ലക്ഷ്യമിട്ട് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്നോട്ടുവെച്ച പദ്ധതിയെ സ്വാഗതം ചെയ്ത് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി.
ഇസ്രയേല്‍-ഹമാസ് യുദ്ധം അവസാനിപ്പിക്കാനും മേഖലയില്‍ ഒരു താല്‍ക്കാലിക ഭരണകൂടം സ്ഥാപിക്കാനും ലക്ഷ്യമിട്ടുള്ള 20 ഇന നിർദ്ദേശമാണ് ട്രംപ് മുന്നോട്ട് വെച്ചിരിക്കുന്നത്. പലസ്തീൻകാർ ഗാസ വിട്ടുപോകണമെന്ന് കരാറില്‍ നിർദേശമില്ല. ഹമാസ് കരാർ അംഗീകരിക്കുകയാണെങ്കില്‍, ശേഷിക്കുന്ന എല്ലാ ബന്ദികളെയും 72 മണിക്കൂറിനുള്ളില്‍ മോചിപ്പിക്കണമെന്നും നിബന്ധനകള്‍ നിലവില്‍ വന്നുകഴിഞ്ഞാല്‍ ഇസ്രായേലി സേന ഘട്ടംഘട്ടമായി പിന്മാറണമെന്നും നിർദ്ദേശത്തില്‍ പറയുന്നു.
വ്യവസ്ഥകള്‍ പാലിക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കാൻ ഒരു അന്താരാഷ്ട്ര “സമാധാന ബോർഡ്” (Board of Peace) രൂപീകരിക്കാനും പദ്ധതിയില്‍ വ്യവസ്ഥയുണ്ട്. ഹമാസ് പദ്ധതി നിരസിച്ചാല്‍, അവരെ പരാജയപ്പെടുത്താൻ ഇസ്രയേലിന് തന്റെ പൂർണ്ണ പിന്തുണയുണ്ടാകുമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

