KSDLIVENEWS

Real news for everyone

സ്റ്റാലിനെ വെല്ലുവിളിച്ച് വിജയ്: ഞാന്‍ വീട്ടിലോ ഓഫീസിലോ കാണും, എന്നെ എന്തുംചെയ്‌തോളൂ; പുതിയ തിരക്കഥയെന്ന് ഡി.എം.കെ

SHARE THIS ON

ചെന്നൈ: ടിവികെ റാലിക്കിടെ തിക്കിലുംതിരക്കിലും 41 പേര്‍ മരിച്ച സംഭവത്തില്‍ നാലാംനാള്‍ മൗനംവെടിഞ്ഞ് പാര്‍ട്ടി അധ്യക്ഷനും നടനുമായ വിജയ്. ചൊവ്വാഴ്ച പുറത്തിറക്കിയ വീഡിയോസന്ദേശത്തിലൂടെയാണ് വിജയ് കരൂര്‍ ദുരന്തത്തില്‍ തന്റെ വിശദീകരണം നല്‍കിയത്. കരൂരിലെ ദുരന്തത്തില്‍ ദുഃഖം പങ്കുവെച്ച അദ്ദേഹം, ഡിഎംകെ സര്‍ക്കാരിനെതിരേയും മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെതിരേയും രംഗത്തെത്തി. കരൂരിലെ ദുരന്തത്തില്‍ ഗൂഢാലോചനയുണ്ടെന്നും ആരോപിച്ചു.

വീഡിയോസന്ദേശത്തില്‍ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെ വെല്ലുവിളിക്കുന്ന രീതിയിലാണ് വിജയ് സംസാരിച്ചത്. ”ചീഫ് മിനിസ്റ്റര്‍ സര്‍, നിങ്ങള്‍ക്ക് പകപോക്കാനുള്ള പദ്ധതികളുണ്ടെങ്കില്‍ എന്നെ എന്തും ചെയ്‌തോളൂ. എന്റെ നേതാക്കളെയോ പ്രവര്‍ത്തകരെയോ തൊടരുത്. ഞാന്‍ വീട്ടിലോ ഓഫീസിലോ കാണും. നിര്‍ദിഷ്ടസ്ഥലത്ത് പ്രസംഗിക്കുകയല്ലാതെ ഞങ്ങള്‍ തെറ്റായി ഒന്നുംചെയ്തിട്ടില്ല. പക്ഷേ, ഞങ്ങളുടെ നേതാക്കള്‍ക്കെതിരേയും സുഹൃത്തുക്കള്‍ക്കെതിരേയും സാമൂഹികമാധ്യമങ്ങളില്‍ ഞങ്ങളുടെ പങ്കാളികളായവര്‍ക്കെതിരേയും പോലീസ് കേസെടുത്തിരിക്കുകയാണ്. പക്ഷേ, എന്റെ രാഷ്ട്രീയയാത്ര കൂടുതല്‍ കരുത്തോടെ തുടരും.

പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങളോട് എന്റെ അനുശോചനം അറിയിക്കുന്നു. അവര്‍ക്കുണ്ടായ നഷ്ടം ഒരുവാക്കുകൊണ്ടും നികത്താന്‍ കഴിയുന്നതല്ലെന്ന് എനിക്കറിയാം. ആശുപത്രിയില്‍ ചികിത്സയിലുള്ളവരെല്ലാം വേഗത്തില്‍ സുഖംപ്രാപിക്കാന്‍ ഞാന്‍ പ്രാര്‍ഥിക്കുന്നു. ഉടന്‍തന്നെ എല്ലാവരെയും ഞാന്‍ നേരിട്ടെത്തി കാണും.

പര്യടനത്തിനിടെ ജനങ്ങളുടെ സുരക്ഷയില്‍ ഒരുവിട്ടുവീഴ്ച വരുത്താൻ ഞങ്ങള്‍ ആഗ്രഹിച്ചിട്ടില്ല. എല്ലാ രാഷ്ട്രീയപ്രശ്‌നങ്ങളും മാറ്റിവെച്ച് സുരക്ഷിത സ്ഥലങ്ങളില്‍ പരിപാടി നടത്താനായി ഞങ്ങള്‍ പോലീസില്‍നിന്ന് അനുമതി തേടി. പക്ഷേ, സംഭവിക്കാന്‍ പാടില്ലാത്തത് സംഭവിച്ചു. ഇത്രയും വേദനാജനകമായ ഒരു സാഹചര്യം ഞാന്‍ ഒരിക്കലും നേരിട്ടിട്ടില്ല. എന്റെ ഹൃദയംമുഴുവന്‍ വേദനയാണ്. ദുരന്തത്തില്‍ മരിച്ചവരെല്ലാം എന്നോടുള്ള സ്‌നേഹംകൊണ്ടാണ് അവിടെവന്നത്. ഈ സ്‌നേഹത്തിന് അവരോട് ഞാന്‍ കടപ്പെട്ടിരിക്കുന്നു. ഞാനും ഒരു മനുഷ്യനാണ്. ഇത്രയുംപേര്‍ അപകടത്തില്‍പ്പെട്ട സാഹചര്യത്തില്‍ എനിക്ക് അങ്ങനെ അവിടെനിന്ന് പോകാനാകും. അവിടേക്ക് തിരികെ പോകാന്‍ ഞാന്‍ ആഗ്രഹിച്ചു. പക്ഷേ, അത് കൂടുതല്‍ അനിഷ്ടസംഭവങ്ങള്‍ക്ക് കാരണമാകുമെന്നാണ് പറഞ്ഞത്. അതുകൊണ്ടാണ് കരൂരില്‍നിന്ന് മടങ്ങിയതും പിന്നീട് അവിടേക്ക് പോകാതിരുന്നതും. സംസ്ഥാനത്തെ മറ്റ് അഞ്ച് ജില്ലകളിലും ടിവികെ റാലികള്‍ സംഘടിപ്പിച്ചു. അവിടെയൊന്നും ഇങ്ങനെയൊന്ന് ഉണ്ടായില്ല. എന്തുകൊണ്ട് കരൂരില്‍ മാത്രം ഇത് സംഭവിച്ചു? ജനങ്ങള്‍ക്ക് സത്യമറിയാം. അവര്‍ എല്ലാം കാണുന്നുണ്ട്. എല്ലാ സത്യങ്ങളും ഉടന്‍ പുറത്തുവരും”, വിജയ് പറഞ്ഞു.

വിജയ്‌യുടെ വീഡിയോസന്ദേശം പുറത്തുവന്നതിന് പിന്നാലെ വിജയ്‌ക്കെതിരേ ഡിഎംകെ വക്താവ് രംഗത്തെത്തി. ഇത് വിജയ്‌യുടെ പുതിയ തിരക്കഥയാണെന്നും ഇങ്ങനെയൊരു വീഡിയോ ഇറക്കാന്‍ നാലുദിവസമെടുത്തെന്നും ഡിഎംകെ വക്താവ് എ. ശരവണന്‍ പ്രതികരിച്ചു. കരൂരിലെ മരണങ്ങളില്‍ വിജയ് ഉത്തരവാദിത്വം ഏറ്റെടുക്കണം. കാരണം അദ്ദേഹം നിയമങ്ങള്‍ ലംഘിച്ചതിനാലാണ് ദുരന്തം സംഭവിച്ചതെന്നും ശരവണന്‍ പറഞ്ഞു. അതേസമയം, മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ വിജയ്‌യുടെ വീഡിയോസന്ദേശത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

സംഭവസ്ഥലത്തുനിന്ന് വിജയ് കടന്നുകളഞ്ഞത് കുറ്റബോധംകൊണ്ടാണെന്ന് ഡിഎംകെ എംപി എ. രാജയും ആരോപിച്ചു. വിജയ് പോലീസ് നിര്‍ദേശങ്ങള്‍ പാലിക്കേണ്ടതായിരുന്നുവെന്നും വിജയ് സഞ്ചരിച്ച ബസ് വേദിയില്‍നിന്ന് മീറ്ററുകള്‍ക്കപ്പുറത്തേക്ക് മാറ്റിയിടാന്‍ പോലീസ് നിര്‍ദേശം നല്‍കിയിരുന്നതായും ഡിഎംകെ നേതാവ് കനിമൊഴിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!