ബീഫ് കൈവശം സൂക്ഷിച്ചുവെന്നാരോപിച്ച് യുവാവിനെ തൂണില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചു, മൂന്ന് ബജ്‌രംഗദള്‍ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

ബംഗളൂരു: കര്‍ണാടകയിലെ ചിക്കമംഗളൂരുവില്‍ ബീഫ് കൈവശം വച്ചന്നാരോപിച്ച് യുവാവിനെ തല്ലിച്ചതച്ചു. മുദിഗരെയ്ക്ക് സമീപം മുദ്രെമാനെയിലാണ് സംഭവം.ഗജിവുര്‍ റഹ്മാന്‍ എന്ന ആസാം സ്വദേശിയായ യുവാവിനാണ് മര്‍ദ്ദനമേറ്റത്. ബജ്‌രംഗദള്‍ പ്രവര്‍ത്തകര്‍ യുവാവിനെ തൂണില്‍ കെട്ടിയിട്ട് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു.
മുദ്രെമാനെ സ്വദേശികളായ നിതിന്‍, അജിത്ത്, മധു എന്നിവരാണ് പ്രതികള്‍. സംഭവത്തെത്തുടര്‍ന്ന് ഗജിവുറിന്റെ ഭാര്യയുടെ പരാതിയിന്മേല്‍ ഇവര്‍ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. അതേസമയം, ബീഫ് വില്‍ക്കാന്‍ ശ്രമിച്ചതിന് ഗജിവുറിനെതിരെയും പൊലീസ് കേസെടുത്തു. ഗജീവുറില്‍ നിന്ന് 1400 രൂപ വിലവരുന്ന മാംസം പിടികൂടിയിരുന്നു. ഇത് പരിശോധിക്കുന്നതിനായി എഫ് എസ് എല്‍ ലാബിലേയ്ക്ക് അയച്ചിരിക്കുകയാണ്.
ഗജിവുറിനെ ബജ്‌രംഗദള്‍ പ്രവര്‍ത്തകര്‍ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാദ്ധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. ബീഫ് കൈവശം വച്ചെന്നാരോപിച്ച് ഇവര്‍ ഗജിവുറിനെതിരെയും പരാതി നല്‍കി. പ്രതികള്‍ മൂന്നുപേരും ഒളിവിലാണെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.
2020ലാണ് കര്‍ണാടകയില്‍ കന്നുകാലി കശാപ്പുനിയമം പ്രാബല്യത്തില്‍ വന്നത്. എല്ലാ പ്രായത്തിലുമുള്ള പശുക്കള്‍, കാളകള്‍, പതിമൂന്ന് വയസിന് താഴെയുള്ള എരുമകള്‍ എന്നിവയെ വാങ്ങുന്നതും വില്‍ക്കുന്നതും കശാപ്പു ചെയ്യുന്നതും കര്‍ശനമായി വിലക്കുന്നതാണ് നിയമം.