4900 രൂപയുടെ സാധനത്തിന് വിദേശ വിനോദ സഞ്ചാരിയില്‍ നിന്ന് ഈടാക്കിയത് 37,500 രൂപ; കടയുടമയടക്കം മൂന്ന് പേര്‍ അറസ്റ്റില്‍

ആഗ്ര: താജ്‌മഹല്‍ കാണാനെത്തിയ വിദേശ വിനോദസഞ്ചാരിക്ക് പുരാവസ്തുക്കള്‍ വിലകൂട്ടി വിറ്റ മൂന്ന് പേര്‍ അറസ്റ്റില്‍.കടയുടമ ഹൈദര്‍, സെയില്‍സ്മാന്‍ അമീര്‍, ടൂറിസ്റ്റ് ഗൈഡ് ഫുര്‍ഖാന്‍ അലി എന്നിവരെയാണ് ആഗ്ര പൊലീസ് അറസ്റ്റ് ചെയ്തത്.
‘സ്വിറ്റ്‌സര്‍ലന്‍ഡ് സ്വദേശിയായ ഇസബെല്‍ ആണ് പറ്റിക്കപ്പെട്ടത്. ഇസബെല്‍ ടൂറിസ്റ്റ് ഗൈഡ് ഫുര്‍ഖാനൊപ്പം താജ്‌മഹല്‍ സന്ദര്‍ശിച്ചു. ശേഷം ഇയാള്‍ ഇസബെലിനെ ഈസ്റ്റേണ്‍ ഗേറ്റിലെ മാര്‍ബിള്‍ കോട്ടേജ് ആന്‍ഡ് ടെക്‌സ്റ്റൈല്‍സ് എംപോറിയത്തിലേക്ക് ഷോപ്പിംഗിനായി കൊണ്ടുപോയി. ടൂറിസ്റ്റ് തിരഞ്ഞെടുത്ത സാധനങ്ങള്‍ക്കെല്ലാം കൂടെ 80,000 രൂപയായെന്ന് സെയില്‍സ്മാന്‍ അറിയിച്ചു. വിലപേശിയശേഷം സാധനങ്ങള്‍ 37,500 രൂപയ്ക്ക് വിറ്റു.
തന്റെ ഹോട്ടലിലേക്ക് മടങ്ങുമ്ബോഴാണ് ടൂറിസ്റ്റ് അതേ പുരാവസ്തുക്കള്‍ മറ്റൊരു കടയില്‍ കാണുകയും, യഥാര്‍ത്ഥത്തില്‍ ഇതിന് 4900 രൂപ മാത്രമേയുള്ളൂവെന്ന് തിരിച്ചറിയുകയും ചെയ്തത്. പറ്റിക്കപ്പെട്ടതായി തിരിച്ചറിഞ്ഞതോടെ ഇസബെല്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.’- പൊലീസ് കമ്മീഷണര്‍ പറഞ്ഞു. താജ്മഹല്‍ കാണാന്‍ ആഗ്രയിലെത്തുന്ന നിരവധി വിനോദസഞ്ചാരികള്‍ക്ക് സമാനമായ അനുഭവം ഉണ്ടായിട്ടുണ്ടെന്നാണ് സൂചന.