KSDLIVENEWS

Real news for everyone

15 വയസായ സര്‍ക്കാര്‍ വാഹനങ്ങളുടെ ആയുസ് തീരുന്നു; ഒന്നും രണ്ടുമല്ല പൊളിക്കുന്നത് 9 ലക്ഷം വാഹനങ്ങള്‍

SHARE THIS ON

ഇലക്‌ട്രിക്, സി.എന്‍.ജി. തുടങ്ങി പ്രകൃതി സൗഹാര്‍ദ ഇന്ധനങ്ങള്‍ പ്രോത്സാഹിപ്പിക്കുക എന്നതാണ് കേന്ദ്ര സര്‍ക്കാരിന്റെ പ്രധാന ലക്ഷ്യം. മലിനീകരണമില്ലാത്ത വാഹനങ്ങളുടെ ഉപയോഗം സര്‍ക്കാര്‍ മേഖലയില്‍ നിന്ന് ആരംഭിക്കുമെന്നാണ് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി മുമ്ബ് അറിയിച്ചിരുന്നത്. ഇതിനായി സര്‍ക്കാര്‍ ഓഫീസുകളിലെ ഉപയോഗത്തിന് ഇലക്‌ട്രിക് വാഹനങ്ങള്‍ വാങ്ങുമെന്നും കേന്ദ്രമന്ത്രി മുമ്ബ് അറിയിച്ചിരുന്നു. ഈ പ്രഖ്യാപനം പ്രാവര്‍ത്തികമാക്കാനുള്ള നീക്കത്തിലാണ് കേന്ദ്ര സര്‍ക്കാര്‍. ഇതിനായി 15 വര്‍ഷത്തിലധികം പഴക്കമുള്ള സര്‍ക്കാര്‍ വാഹനങ്ങള്‍ പൊളിക്കാനുള്ള നീക്കങ്ങള്‍ ആരംഭിച്ചതായാണ് മന്ത്രി നിതിന്‍ ഗഡ്കരി അറിയിച്ചിരിക്കുന്നത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍, ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷനുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ എന്നിവയുടെ ഉടമസ്ഥതയിലുള്ള പഴയ വാഹനങ്ങള്‍ പൊളിച്ച്‌ നീക്കം ചെയ്യാനാണ് തീരുമാനം. ഇത് അനുസരിച്ച്‌ രാജ്യത്ത് ഏകദേശം ഒമ്ബത് ലക്ഷത്തിലധികം വാഹനങ്ങളാണ് പൊളിക്കാനുള്ളതെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍. ഏപ്രില്‍ ഒന്നാം തീയതി മുതല്‍ പഴയ വാഹനങ്ങള്‍ പൊളിച്ച്‌ തുടങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പതിനഞ്ച് കൊല്ലത്തിലധികം പഴക്കമുള്ള ഒന്‍പത് ലക്ഷത്തിലേറെ വാഹനങ്ങള്‍ പൊളിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്. മലിനീകരണമുണ്ടാക്കുന്ന കാറുകളും ബസുകളും നിരത്തുകളില്‍ ഇല്ലാതാകുമെന്നും മന്ത്രി ഉറപ്പുനല്‍കി. പൊളിച്ച്‌ നീക്കുന്ന വാഹനങ്ങള്‍ക്ക് പകരം മറ്റ് ഇന്ധനസ്രോതസ്സുകളെ ആശ്രയിക്കുന്ന പുതിയ വാഹനങ്ങള്‍ നിരത്തുകളിലെത്തിക്കും. ഇതുവഴി വായുമലിനീകരണം വലിയ തോതില്‍ കുറയ്ക്കാന്‍ സാധിക്കുമെന്ന് മന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു. ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേംമ്ബേഴ്‌സ് ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രീസ്(എഫ്.ഐ.സി.സി.ഐ) ഫ്യൂച്ചര്‍ മൊബിലിറ്റിയെ സംബന്ധിച്ച്‌ നടത്തിയ സെമിനാറില്‍ സംസാരിക്കവേയാണ് ഇക്കാര്യം പങ്കുവെച്ചത്. എഥനോള്‍, മെഥനോള്‍, ബയോ-സി.എന്‍.ജി., ബയോ-എല്‍.എന്‍.ജി., ഇലക്‌ട്രിക് വാഹനങ്ങള്‍ എന്നിവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പല ചുവടുവെപ്പുകളും നടത്തുന്നുണ്ടെന്നും ഗഡ്കരി പറഞ്ഞു. 2021-22 വര്‍ഷത്തെ കേന്ദ്ര ബജറ്റിലാണ് പഴയ വാഹനങ്ങള്‍ പൊളിക്കുന്നത് സംബന്ധിച്ച്‌ പ്രഖ്യാപനമുണ്ടാകുന്നത്. 20 വര്‍ഷം പഴക്കമുള്ള സ്വകാര്യ വാഹനങ്ങളും 15 വര്‍ഷം പഴക്കമുള്ള വാണിജ്യ വാഹനങ്ങളും പൊളിക്കണമെന്നായിരുന്നു ബജറ്റിലെ നിര്‍ദേശം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!