KSDLIVENEWS

Real news for everyone

ഗുണ്ടാ – മാഫിയ ബന്ധം; സംസ്ഥാനത്ത് 23 പൊലീസുകാർക്കെതിരെ വിജിലൻസ് അന്വേഷണം

SHARE THIS ON

“തിരുവനന്തപുരം ∙ ഗുണ്ട, മാഫിയ ബന്ധത്തിന്റെ പേരിൽ 23 പൊലീസുകാർക്കെതിരെ വിജിലൻസ് അന്വേഷണം. 10 പൊലീസുകാർക്കെതിരെ പ്രാഥമിക അന്വേഷണം ആരംഭിച്ചു. മറ്റ് ഉദ്യോഗസ്ഥരുടെ നിയമവിരുദ്ധ പ്രവർത്തനങ്ങളുടെ വിവരങ്ങൾ ശേഖരിക്കുന്ന നടപടികൾ തുടങ്ങി. സ്പെഷൽ ബ്രാഞ്ചിന്റെയും വിജിലൻസിന്റെ ഇന്റലിജൻസ് വിഭാഗത്തിന്റെയും റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് ആദ്യ ഘട്ടമായി 23 പൊലീസുകാരുടെ പട്ടിക തയാറാക്കിയത്.  ഡിവൈഎസ്പി വരെയുള്ള ഉദ്യോഗസ്ഥരാണ് പട്ടികയിലുള്ളത്. ഗുണ്ടാ ബന്ധത്തിലൂടെ സ്വത്ത് സമ്പാദനം, മണൽ–മണ്ണ് മാഫിയ ബന്ധം, പലിശക്കാരുമായുള്ള കൂട്ടുകെട്ട്, പരാതികൾ ഒത്തുതീർക്കാൻ ഇടനിലക്കാരനായി പ്രവർത്തിച്ച് ധനസമ്പാദനം തുടങ്ങിയ പരാതികളാണ് പട്ടികയിലുള്ള പൊലീസുകാർക്കെതിരെ ഉള്ളത്. തലസ്ഥാന ജില്ലയിലെ ഉദ്യോഗസ്ഥരാണ് പട്ടികയിൽ കൂടുതലും.  പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ പരാതിയോ രഹസ്യ വിവരമോ ലഭിച്ചാൽ വിജിലൻസിലെ ഇന്റലിജൻസ് വിഭാഗം വിവരങ്ങള്‍ ശേഖരിച്ച് പ്രാഥമിക റിപ്പോർട്ട് നൽകും. ആവശ്യമെങ്കിൽ, റിപ്പോർട്ടിലെ പരാമർശങ്ങളിൽ വിജിലൻസ് ഡയറക്ടറുടെ അനുമതിയോടെ അന്വേഷണം നടത്തും. കുറ്റക്കാരനാണെന്നു കണ്ടെത്തിയാൽ കേസെടുക്കാൻ വിജിലൻസ് ഡയറക്ടർ പൊലീസ് ആസ്ഥാനത്ത് അനുമതി തേടും. അനുമതി ലഭിച്ചാൽ തുടർ നടപടികൾ സ്വീകരിക്കും. വിവിധ വകുപ്പുകളിലെ അഴിമതിക്കാരായ ഉദ്യോഗസ്ഥരുടെ പട്ടിക മൂന്നു മാസത്തിനുള്ളിൽ തയാറാക്കാനും വിജിലൻസ് ഡയറക്ടർ നിർദേശം നൽകി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!