കൈക്കൂലി: അന്വേഷണം നേരിടുന്നത് 539 സര്‍ക്കാര്‍ ജീവനക്കാര്‍, കൂടുതല്‍ തിരുവനന്തപുരത്ത്
കൊല്ലം: നടപടികള്‍ കടുപ്പിച്ചിട്ടും സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാരുടെ അഴിമതി, കൈക്കൂലി കേസുകളില്‍ ഒട്ടും കുറവില്ല. കഴിഞ്ഞ മൂന്നരവര്‍ഷത്തിനിടെ വിവിധ സര്‍ക്കാര്‍ വകുപ്പുകളിലെ 539 ജീവനക്കാരുടെ പേരിലാണ് അഴിമതി, കൈക്കൂലി കേസുകള്‍ വിജിലന്‍സ് കണ്ടെത്തിയത്. രജിസ്റ്റര്‍ ചെയ്തിട്ടുള്ളവയില്‍ കൂടുതലും അഴിമതിക്കേസുകളാണ്-323 എണ്ണം. കൈക്കൂലിക്കേസുകള്‍-216. തദ്ദേശസ്വയംഭരണവകുപ്പ് ഉദ്യോഗസ്ഥരുടെ പേരിലാണ് കൂടുതല്‍ കേസുകള്‍. റവന്യു, സഹകരണം, പോലീസ്, ഗതാഗതം എന്നീ വകുപ്പുകളും ഒട്ടും പിന്നിലല്ല. തദ്ദേശസ്വയംഭരണവകുപ്പിലെ ഉദ്യോഗസ്ഥരുടെ പേരില്‍ മാത്രം രജിസ്റ്റര്‍ ചെയ്തിട്ടുള്ളത് 126 കേസുകളാണ്. റവന്യു വകുപ്പില്‍ 101 കേസുകളും രജിസ്റ്റര്‍ ചെയ്തു. സഹകരണവകുപ്പ് ജീവനക്കാരുടെ പേരില്‍ 41 കേസുകളും പോലീസ് ഉദ്യോഗസ്ഥരുടെ പേരില്‍ 27 കേസുകളും എടുത്തിട്ടുണ്ട്.
തിരുവനന്തപുരം ജില്ലയിലാണ് കൂടുതല്‍ കേസുകള്‍. 74 അഴിമതിക്കേസുകളും 14 കൈക്കൂലിക്കേസുകളുമാണ് ജില്ലയില്‍ കണ്ടെത്തിയത്. കോഴിക്കോട് ജില്ലയില്‍ 61 കേസുകളും തൃശ്ശൂരില്‍ 53 കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ആലപ്പുഴ, കാസര്‍കോട് ജില്ലകളില്‍ മാത്രമാണ് കേസുകളുടെ എണ്ണത്തില്‍ കുറവുള്ളത്.
2018 മുതല്‍ 2023 വരെയുള്ള അഞ്ചുവര്‍ഷം സംസ്ഥാനത്ത് 561 ജീവനക്കാരുടെ പേരിലായിരുന്നു അഴിമതിക്കേസുകള്‍ വിജിലന്‍സ് രജിസ്റ്റര്‍ െചയ്തത്. എന്നാല്‍ നാലുവര്‍ഷമാകുംമുന്‍പ് കേസുകളുടെ എണ്ണത്തില്‍ വര്‍ധനയുണ്ടായി. പരിശോധനകളും നടപടികളും കടുപ്പിച്ചതാണ് കേസുകളുടെ എണ്ണത്തിലെ വര്‍ധനയ്ക്കു കാരണമെന്ന് വിജിലന്‍സ് ഉദ്യോഗസ്ഥര്‍ പറയുമ്പോഴും സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരേ പൊതുജനങ്ങളുടെ പരാതികളും കുറയുന്നില്ല.
അഴിമതിക്കാരെ സര്‍വീസില്‍നിന്നു നീക്കംചെയ്യുന്നത് ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് നീങ്ങണമെങ്കില്‍ കടമ്പകളേറെയാണ്. ഇത് അഴിമതി തുടരാനുള്ള ധൈര്യമേകുന്നു. കൈക്കൂലിക്കേസുകളില്‍ കെണിയില്‍പ്പെടുത്തിയായിരുന്നു ഉദ്യോഗസ്ഥരെ വീഴ്ത്തിയിരുന്നതെങ്കില്‍ പണം നേരിട്ട് കൈപ്പറ്റാതെ മറ്റ് പല മാര്‍ഗങ്ങളും വഴി കൈക്കൂലി വാങ്ങാന്‍ വൈദഗ്ധ്യം നേടിയവരുമുണ്ട്. അഴിമതിക്കാരായ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ പട്ടിക തയ്യാറാക്കി സര്‍ക്കാരിനു സമര്‍പ്പിക്കാന്‍ വിജിലന്‍സ് നടപടി തുടങ്ങിയിരുന്നു. ഇതുപ്രകാരം നാല്‍പ്പതോളം ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിയും സ്വീകരിച്ചിരുന്നു.
ജില്ല അഴിമതി/കൈക്കൂലി കേസുകള്‍
തിരുവനന്തപുരം 86
കൊല്ലം 34
പത്തനംതിട്ട 20
ആലപ്പുഴ 19
കോട്ടയം 32
ഇടുക്കി 48
എറണാകുളം 52
തൃശ്ശൂര്‍ 53
പാലക്കാട് 25
മലപ്പുറം 38
കോഴിക്കോട് 61
വയനാട് 20
കണ്ണൂര്‍ 32
കാസര്‍കോട് 19