പാലക്കാട്ട് അഞ്ചുവർഷത്തിനിടെ വറ്റിയത് പതിനായിരത്തിലേറെ കിണറുകൾ; 60 ശതമാനം ജലാശയങ്ങളും നാശത്തിൽ
ആലത്തൂർ: പാലക്കാട് ഏലപ്പുള്ളിയിൽ മദ്യനിർമാണ കന്പനിക്ക് അനുമതി നൽകിയതിനെച്ചൊല്ലി വിവാദം തുടരവേ, ജില്ലയിലെ കുടിവെള്ളപ്രശ്നത്തിന്റെ രൂക്ഷത വ്യക്തമാക്കുന്ന കണക്കുകൾ പുറത്ത്.
അഞ്ചുവർഷത്തിനിടെ പാലക്കാട് ജില്ലയിൽ വറ്റിയത് പതിനായിരത്തിലേറെ കിണറുകൾ. ഇത്രതന്നെ കിണറുകളിൽ ജലനിരപ്പ് ക്രമാതീതമായി താഴുകയുംചെയ്തു. ജില്ലാഭരണകൂടത്തിനും തദ്ദേശ, ഭൂജല വിഭാഗത്തിനും ഹരിത കേരള മിഷൻ നൽകിയ കണക്കാണിത്.
പുഴകളും അണകളും കുളങ്ങളും കിണറുകളും ഏറെയുണ്ടെങ്കിലും സംസ്ഥാനത്ത് ഏറ്റവുമധികം വരൾച്ച നേരിടുന്ന ജില്ലയാണ് പാലക്കാട്. അനിയന്ത്രിതമായ ജലചൂഷണം തുടരുമ്പോൾ 60 ശതമാനം ജലാശയങ്ങൾ പരിപാലനമില്ലാതെ നശിക്കുന്നതായും കണക്കുകൾ വ്യക്തമാക്കുന്നു.
എല്ലാം ‘കുള’മായി
5,839 കുളങ്ങളാണ് പാലക്കാടുള്ളത്. ഇതിൽ 4,455 എണ്ണം സ്വകാര്യ ഉടമസ്ഥതയിൽ. 30 വർഷത്തിനിടെ കുളങ്ങളുടെ പുനരുദ്ധാരണത്തിന് കാര്യമായ ഇടപെടൽ ഉണ്ടായിട്ടില്ല. പരിപാലനമില്ലാത്ത കുളങ്ങൾ പ്ലാസ്റ്റിക്കും മാലിന്യവും തള്ളുന്ന ഇടങ്ങളായി. അഞ്ചുവർഷത്തിനിടെ നവീകരിച്ചത് 38 കുളങ്ങൾമാത്രം. ജലസേചന വകുപ്പ് 64 എണ്ണവും മണ്ണ് സംരക്ഷണ വിഭാഗം 96 എണ്ണവും സംരക്ഷിച്ചു.
50,000 തുറന്ന കിണറുകളാണ് ജില്ലയിലുള്ളത്
കുഴൽക്കിണർ എത്രയെന്ന് കൃത്യമായി കണക്കില്ല
അഞ്ചുവർഷത്തിനിടെ 1000 കുഴൽ കിണറുകൾ പൂർണമായി വറ്റി
3,000 കുഴൽക്കിണറുകളിൽ ആവശ്യത്തിന് വെള്ളമില്ല