ലഹരി, സൈബര്‍ ക്രൈം: ജില്ലാ പോലീസ് ആസ്ഥാനങ്ങളിലേക്ക് നാളെ എസ് എസ് എഫ് മാര്‍ച്ച്

കോഴിക്കോട്: ലഹരി, സൈബർ ക്രൈം എന്നിവയുടെ ക്രമാതീതമായ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തുടനീളമുള്ള ജില്ല പോലീസ് മേധാവികളുടെ ആസ്ഥാനങ്ങളിലേക്ക് എസ് എസ് എഫ് ജില്ല കമ്മിറ്റികളുടെ നേതൃത്വത്തില്‍ ശനിയാഴ്ച വിദ്യാർഥിമാർച്ച് നടക്കും.
വിദ്യാർഥികളിലും യുവാക്കളിലും ലഹരിയുടെ ഉപയോഗവും വിതരണവും വ്യാപകമാവുകയും സൈബർ തട്ടിപ്പുകള്‍ വർധിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ എസ് എസ് എഫ് (സുന്നി സ്റ്റുഡന്റ്സ് ഫെഡറേഷൻ) ‘അധികാരികളേ നിങ്ങളാണ് പ്രതി’ എന്ന പ്രമേയത്തില്‍ സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രക്ഷോഭ പരിപാടികളുടെ ഭാഗമായാണ് മാർച്ച്.
കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണർ ഓഫീസ് മാർച്ച് എസ് എസ് എഫ് ദേശീയ സെക്രട്ടറി സി എൻ ജഅഫർ സ്വാദിഖ് ഉദ്ഘാടനം ചെയ്യും. സംസ്ഥാന സെക്രട്ടറി സി എ അഹ്മദ് റാസി, അബ്ദുല്‍ ഹഫീള് അഹ്സനി സംസാരിക്കും.
കാസർഗോഡ് എസ് പി ഓഫീസ് മാർച്ച് സംസ്ഥാന പ്രസിഡന്റ് സയ്യിദ് അഹ്മദ് മുനീർ അഹ്ദല്‍ അഹ്സനി ഉദ്ഘാടനം ചെയ്യും. അബ്ദുറഹ്മാൻ എരോള്‍, ഇല്യാസ് നിസാമി, റസീൻ അബ്ദുല്ല സംസാരിക്കും. മലപ്പുറം എസ് പി ഓഫീസ് മാർച്ച് ജനറല്‍ സെക്രട്ടറി ഡോ. ടി അബൂബക്കർ ഉദ്ഘാടനം ചെയ്യും. സംസ്ഥാന സെക്രട്ടറിമാരായ മുഹമ്മദ് അനസ് കെ പി, സി കെ മുഹമ്മദ് റഫീഖ്, മുഹമ്മദ് റാഫി അഹ്സനി സംസാരിക്കും.
സംസ്ഥാന സെക്രട്ടറിമാരായ മുഹമ്മദ് ബാസിം നൂറാനി തിരുവനന്തപുരത്തും എസ് ശമീർ കൊല്ലത്തും മുനവ്വിർ അമാനി എറണാകുളത്തും സി എം സ്വാബിർ സഖാഫി വയനാട്ടിലും മാർച്ച് ഉദ്ഘാടനം ചെയ്യും. കണ്ണൂർ എസ് പി ഓഫീസ് മാർച്ചില്‍ സി കെ റാഷിദ് ബുഖാരിയും വടകര എസ് പി ഓഫീസ് മാർച്ചില്‍ ഫിർദൗസ് സുറൈജി സഖാഫിയും പാലക്കാട്ട് കെബി ബഷീറും മുഖ്യപ്രഭാഷണം നിർവഹിക്കും.
അതിർത്തി കടന്ന് കേരളത്തിലേക്കെത്തുന്നത് വൻതോതിലുള്ള ലഹരി വസ്തുക്കളാണ്. ലഹരി വിതരണക്കാർക്ക് പിന്നിലുള്ള വൻ റാക്കറ്റുകളെ പിടിക്കാൻ പോലീസിനോ എക്സൈസ് വകുപ്പിനോ സാധിക്കാതിരിക്കുന്നത് കൂടിയാണ് ഇത്തരത്തിലുള്ള ലഹരിയുടെ തീവ്രവ്യാപനത്തിനിടയാക്കിയത്. സമൂഹത്തിന്റെ അധികാരവും ഉത്തരവാദിത്വവുമുള്ള സർക്കാർ ഉള്‍പ്പെടെയുള്ള സംവിധാനങ്ങളുടെ കെടുകാര്യസ്ഥതയാണ് വിദ്യാർഥികളെയും യുവാക്കളെയും ലഹരിയുടെയും സൈബർ തട്ടിപ്പുകളുടെയും വലയില്‍ വീഴ്ത്തുന്നതിലെ പ്രധാന കാരണമെന്ന് ചൂണ്ടിക്കാട്ടി കാര്യക്ഷമമായ പരിഹാര നടപടികള്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള ജനകീയ പ്രക്ഷോഭങ്ങളും ബോധവല്‍ക്കരണ പരിപാടികളും ക്യാമ്ബയിനിന്റെ ഭാഗമായി എസ് എസ് എഫ് സംഘടിപ്പിച്ചു വരികയാണ്.
ജനുവരി ഇരുപതിന് സംസ്ഥാനത്തെ നൂറ്റി മുപ്പത്തി രണ്ട് കേന്ദ്രങ്ങളില്‍ ഡിവിഷൻ ഘടകങ്ങളുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച സമര പ്രഖ്യാപനത്തോടെയാണ് പദ്ധതികള്‍ക്ക് ഔദ്യാഗിക തുടക്കംകുറിച്ചത്. സംസ്ഥാനത്തെ 10000 ഗ്രാമങ്ങളില്‍ നടത്തുന്ന ‘പ്രക്ഷോഭ തെരുവില്‍’ മൂന്ന് ലക്ഷം വിദ്യാർഥികള്‍ പങ്കെടുക്കും. മുഴുവൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെയും അധികൃതർക്ക് സംഘടനയുടെ പ്രാദേശിക ഘടകങ്ങളുടെ നേതൃത്വത്തില്‍ പൗരാവകാശ രേഖ സമർപ്പിക്കും. രക്ഷകർത്താക്കള്‍, അധ്യാപകർ, വിദ്യാർഥി സംഘടനകള്‍ തുടങ്ങി പ്രാദേശിക നേതൃത്വം മുതലുള്ള എല്ലാവരെയും ഒരുമിച്ചുകൂട്ടി നടത്തുന്ന സ്നേഹ സംവാദസദസ്സുകളില്‍ ബോധവത്ക്കരണ ശ്രമങ്ങള്‍ക്ക് ആവശ്യമായ പ്രവർത്തനപദ്ധതികള്‍ ചർച്ച ചെയ്യും.
മത, സാമൂഹിക, രാഷ്ട്രീയ രംഗങ്ങളിലെ പ്രതിനിധികള്‍ വിവിധ ഘടകങ്ങളില്‍ നടക്കുന്ന പ്രക്ഷോഭ പരിപാടികളില്‍ പങ്കെടുക്കും. ജില്ലാ ഭരണകൂടങ്ങള്‍ക്കും മുഴുവൻ ജനപ്രതിനിധികള്‍ക്കും നിവേദനം സമർപ്പിക്കും. സോഷ്യല്‍ മീഡിയ ക്യാമ്ബയിൻ, ലഘുലേഖ വിതരണം, സ്കൂളുകളിലും കോളേജുകളിലും സംഘടയുടെ കലാലയ ഘടകങ്ങളുടെ ആഭിമിഖ്യത്തില്‍ വിവിധ ബോധവത്കരണ പരിപാടികള്‍ തുടങ്ങി അമ്ബതിലധികം വൈവിധ്യമായ പരിപാടികള്‍ ക്യാമ്ബയിനിൻ്റെ ഭാഗമായി നടക്കും.

