KSDLIVENEWS

Real news for everyone

താത്കാലിക വിസി; ഗവർണർക്ക് ഏകപക്ഷീയമായി നിയമനം നടത്തനാകില്ലെന്ന് സർക്കാരിന് നിയമോപദേശം

SHARE THIS ON

ന്യൂഡല്‍ഹി: സാങ്കേതിക സര്‍വ്വകലാശാലയിലും, ഡിജിറ്റല്‍ സര്‍വ്വകലാശാലയിലും താത്കാലിക വൈസ് ചാന്‍സലര്‍മാരെ ഏകപക്ഷീയമായി നിയമിക്കാന്‍ ചാന്‍സലറായ ഗവര്‍ണര്‍ക്ക് കഴിയില്ലെന്ന് സര്‍ക്കാരിന് നിയമോപദേശം. സുപ്രീംകോടതിയിലെ സീനിയര്‍ അഭിഭാഷകരാണ് സര്‍ക്കാരിന് ഈ നിയമോപദേശം കൈമാറിയത്. ഇതോടെ സാങ്കേതിക സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ സ്ഥാനത്തേക്ക് സിസ തോമസിനും, ഡിജിറ്റല്‍ സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ആയി കെ ശിവപ്രസാദിനും മടങ്ങി വരണമെങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ കനിയേണ്ടി വരേണ്ട സാഹചര്യമാണ് ഉണ്ടായിരിക്കുന്നത്.

സാങ്കേതിക സര്‍വ്വകലാശാലയിലും, ഡിജിറ്റല്‍ സര്‍വ്വകലാശാലയിലും സ്ഥിരം വൈസ് ചാന്‍സ്ലര്‍മാര്‍ വരുന്നത് വരെ നിലവിലുള്ള താത്കാലിക വൈസ് ചാന്‍സലര്‍മാരെ പുനര്‍നിയമിച്ച് കൊണ്ട് ഗവര്‍ണര്‍ക്ക് ഉത്തരവിറക്കാമെന്ന് സുപ്രീംകോടതി ഇന്നലെ ഉത്തരവിട്ടിരുന്നു. എന്നാല്‍ ഉത്തരവിന്റെ പകര്‍പ്പ് ഇന്ന് പുറത്തിറങ്ങിയപ്പോള്‍ സര്‍ക്കാരിന് ആശ്വാസകരമായ നിര്‍ദേശങ്ങള്‍ ഉണ്ടെന്നാണ് സീനിയര്‍ അഭിഭാഷകര്‍ നല്‍കിയിരിക്കുന്ന നിയമോപദേശം.

താത്കാലിക വൈസ് ചാന്‍സലര്‍മാരെ നിയമിക്കേണ്ടത് സാങ്കേതിക സര്‍വ്വകലാശാല ആക്ടിന്റെ 13 (7) വകുപ്പ് പ്രകാരവും, ഡിജിറ്റല്‍ സര്‍വ്വകലാശാല ആക്ടിന്റെ 11 (10) വകുപ്പ് പ്രകാരവുമാണെന്നാണ് സുപ്രീംകോടതി വ്യക്തമാക്കിയിരിക്കുന്നത്. നിലവില്‍ ഉള്ളവരെ വീണ്ടും നിയമിക്കണമെങ്കില്‍ പോലും ഈ വകുപ്പ് ചാന്‍സലര്‍ ആയ ഗവര്‍ണര്‍ക്ക് പാലിക്കേണ്ടി വരും. ഈ വകുപ്പുകള്‍ പ്രകാരം സര്‍ക്കാര്‍ നല്‍കുന്ന പട്ടികയില്‍ നിന്ന് മാത്രമേ താത്കാലിക വൈസ് ചാന്‍സലര്‍ നിയമനം നടത്താനാകു. ഫലത്തില്‍ ഇഷ്ടടമുള്ള വ്യക്തിയെ ചാന്‍സലര്‍ക്ക് താത്കാലിക വൈസ് ചാന്‍സലര്‍ ആയി നിയമിക്കാന്‍ ആകില്ല.

സാങ്കേതിക സര്‍വ്വകലാശാല ആക്ടിന്റെ 13 (7) വകുപ്പും, ഡിജിറ്റര്‍ സര്‍വ്വകലാശാല ആക്ടിന്റെ 11 (10) വകുപ്പും യുജിസി ചട്ടങ്ങള്‍ക്ക് എതിരാണെന്നാണ് ചാന്‍സലര്‍ സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്തിരിക്കുന്ന ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. അതിനാല്‍ ഈ വകുപ്പിലെ നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന ജസ്റ്റിസുമാരായ ജെ ബി പര്‍ഡിവാല, ആര്‍ മഹാദേവന്‍ എന്നിവര്‍ അടങ്ങിയ ബെഞ്ചിന്റെ ഉത്തരവ് ഗവര്‍ണര്‍ക്ക് കുരുക്കാകാനാണ് സാധ്യത. സുപ്രീംകോടതി ഉത്തരവ് പൂര്‍ണ്ണമായി പാലിച്ചില്ലെങ്കില്‍ മറ്റൊരു നിയമ പോരാട്ടത്തിനാകും സാധ്യത.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!