KSDLIVENEWS

Real news for everyone

തിരഞ്ഞെടുപ്പ് അടുത്തിരിക്കെ തമിഴ്‌നാട്‌ എന്‍ഡിഎയില്‍ പൊട്ടിത്തെറി; പനീര്‍ശെല്‍വം മുന്നണി വിട്ടു

SHARE THIS ON

ചെന്നൈ: തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ഒ. പനീര്‍ശെല്‍വം നയിക്കുന്ന എഐഎഡിഎംകെ വിഭാഗം എന്‍ഡിഎ വിട്ടു. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് ഒ.പി.എസ്. മുന്നണി വിട്ടത്. ഒറ്റപ്പെടുന്നെന്ന തോന്നലാണ് മുന്നണിയില്‍നിന്ന് പിന്മാറാന്‍ ഒ.പി.എസിനെ പ്രേരിപ്പിച്ചതെന്നാണ് വിവരം. എഐഎഡിഎംകെ കേഡര്‍ റൈറ്റ്‌സ് റിട്രീവല്‍ കമ്മിറ്റി എന്നായിരുന്നു പനീര്‍ ശെല്‍വം നയിക്കുന്ന എഐഎഡിഎംകെ വിഭാഗം അറിയപ്പെടുന്നത്.

ഇന്നു രാവിലെ മുഖ്യമന്ത്രി എം.കെ. സ്റ്റാലിനുമായി പ്രഭാത നടത്തത്തില്‍ ഒന്നിച്ച് കണ്ടിരുന്നു. ഇതിന് ശേഷം മണിക്കൂറുകള്‍ക്കകം എന്‍ഡിഎ മുന്നണി വിടുകയാണെന്ന് അദ്ദേഹം പ്രഖ്യാപിക്കുകയും ചെയ്തു. മുന്നണി മാറി ഡിഎംകെ നേതൃത്വത്തിലുള്ള മുന്നണിയിലേക്ക് പോകാനാണോ ഒ.പി.എസ്. ശ്രമിക്കുന്നതെന്നാണ്‌ രാഷ്ട്രീയ നിരീക്ഷകര്‍ ഉറ്റുനോക്കുന്നത്. എന്തായാലും തമിഴ്‌നാട്ടിലാകെ രാഷ്ട്രീയ യാത്രകള്‍ നടത്തി പൊതുജനാടിത്തറ വിപുലമാക്കാനുള്ള നീക്കത്തിലാണ് പനീര്‍ശെല്‍വം.

ഡിഎംകെയുമായോ അല്ലെങ്കില്‍ തമിഴ് നടന്‍ വിജയിയുടെ തമിഴക വെട്രിമുന്നേറ്റ കഴകം എന്ന പാര്‍ട്ടിയുമായോ സഖ്യമുണ്ടാക്കിയേക്കാമെന്നാണ് കരുതുന്നത്. ആരുമായി സഖ്യം ചേരുമെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് സമയമാകുമ്പോള്‍ എല്ലാം അറിയാമെന്ന മറുപടിയാണ് പനീര്‍ശെല്‍വം നല്‍കിയത്. തിരഞ്ഞെടുപ്പിന് ഇനിയും സമയമുണ്ടല്ലോ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തമിഴ്‌നാട്ടിലെ രാഷ്ട്രീയ സാഹചര്യം അറിയാനായി കൂടിയാണ് രാഷ്ട്രീയ യാത്ര.

ഇ. പളനിസാമി നയിക്കുന്ന എഐഎഡിഎംകെ ഔദ്യോഗിക വിഭാഗം എന്‍ഡിഎയില്‍ തിരികെ എത്തിയതിന് ശേഷം താന്‍ മുന്നണിക്കുള്ളില്‍ തഴയപ്പെടുന്നു എന്ന തോന്നല്‍ പനീര്‍ ശെല്‍വത്തിനുണ്ടായിരുന്നു. കുറെനാളുകളായി പുകഞ്ഞുകൊണ്ടിരുന്ന പ്രശ്‌നങ്ങളാണ് ഇപ്പോഴത്തെ പൊട്ടിത്തെറിയിലേക്ക് നയിച്ചത്. അടുത്തിടെ സംസ്ഥാനത്തിന് അര്‍ഹമായ സര്‍വശിക്ഷാ അഭിയാന്‍ ഫണ്ട് കേന്ദ്രം തടഞ്ഞുവെക്കുന്നതിനെതിരെ പനീര്‍ശെല്‍വം സാമൂഹിക മാധ്യമങ്ങളിലൂടെ വിമര്‍ശനമുന്നയിച്ചിരുന്നു. ഇദ്ദേഹം മുന്നണി വിടാന്‍ പോകുന്നുവെന്ന അഭ്യൂഹം അന്നുമുതല്‍ ഉയര്‍ന്നു തുടങ്ങിയതാണ്.

രണ്ടുദിവസം മുമ്പ് പ്രധാനമന്ത്രി തമിഴ്‌നാട്ടിലെത്തിയപ്പോള്‍ പനീര്‍ശെല്‍വം കൂടിക്കാഴ്ചയ്ക്ക് ശ്രമിച്ചിരുന്നു. എന്നാല്‍, പ്രധാനമന്ത്രിയുടെ ഓഫീസ് കൂടിക്കാഴ്ചയ്ക്ക് അനുമതി നല്‍കിയതുമില്ല. വ്യാഴാഴ്ച രാവിലെ പ്രഭാത നടത്തത്തില്‍ ചെന്നൈയില്‍ വെച്ച് സ്റ്റാലിനുമായി സംസാരിക്കുന്നതിന്റെ ചിത്രങ്ങളും പുറത്തുവന്നതോടെ അഭ്യൂഹങ്ങള്‍ വീണ്ടും ശക്തമായി. ഇതിന് പിന്നാലെയാണ് പനീര്‍ശെല്‍വം മുന്നണി വിടുകയാണെന്ന് പ്രഖ്യാപിച്ചത്.

തമിഴ്‌നാട്ടിലെ എന്‍ഡിഎ സഖ്യത്തിലെ പ്രധാന മുഖമായിരുന്നു ഒപിഎസ് എന്ന ഒ. പനീര്‍ ശെല്‍വം. എഐഎഡിഎംകെയിലെ അധികാര തര്‍ക്കങ്ങളെ തുടര്‍ന്ന് പാര്‍ട്ടി പിളര്‍ത്തി സ്വന്തം സംഘടന രൂപീകരിച്ചു. തുടര്‍ന്നും എന്‍ഡിഎയില്‍ തന്നെ നിലനിന്നു. ബിജെപി- എഐഎഡിഎംകെ സഖ്യം കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് സമയത്ത് തകര്‍ന്നിരുന്നു. അന്ന് പളനിസാമിയുടെ നേതൃത്വത്തിലുള്ള എഐഎഡിഎംകെ ഔദ്യോഗിക വിഭാഗം മുന്നണി വിടുകയും ചെയ്തു. ഈ സമയത്തും പനീര്‍ശെല്‍വം ബിജെപി സഖ്യത്തിനൊപ്പം നിന്നു.

നിയമസഭാ തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ പളനിസാമിയെ ബിജെപി വീണ്ടും മുന്നണിയിലേക്ക് കൊണ്ടുവരികയും എന്‍ഡിഎയില്‍ തഴയപ്പെടുന്നുവെന്ന വികാരവും ശക്തിപ്പെട്ടതോടെ അദ്ദേഹം മുന്നണി വിടുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!