മുൻ രാഷ്ട്രപതിയുടെ നിര്യാണത്തിൽ അനുശോചിച്ച് രാഷ്ട്രീയ നേതാക്കൾ ;
രാഷ്ട്രത്തിന് കനത്ത നഷ്ടമെന്ന് പിണറായി , ദേശീയ നഷ്ടമെന്ന് ആന്റണി ; വേദന പങ്കുവച്ച് ഉമ്മൻ ചാണ്ടി
തിരുവനന്തപുരം: പ്രണബ് കുമാര്‍ മുഖര്‍ജിയുടെ വിയോഗം രാഷ്ട്രത്തിനും ജനതയ്ക്കും കനത്ത നഷ്ടമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ത്യയുടെ യശസ്സ് സാര്‍വ്വദേശീയ തലത്തില്‍ ഉയര്‍ത്തിപ്പിടിക്കുന്നതില്‍ ശ്രദ്ധേയമായ പങ്കുവഹിച്ച രാഷ്ട്ര തന്ത്രജ്ഞനായിരുന്നു പ്രണബ് മുഖര്‍ജിയെന്നും മുഖ്യമന്ത്രി ഓര്‍മ്മിച്ചു. കക്ഷിരാഷ്ട്രീയങ്ങള്‍ക്ക് അതീതമായി, സൗഹാര്‍ദത്തിന്‍റെ പ്രതീകമായി രാഷ്ട്രപതി ഭവനെ അഞ്ചുവര്‍ഷം മുന്നോട്ട് കൊണ്ടുപോകാന്‍ പ്രണബിന് സാധിച്ചെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ പറഞ്ഞു.
പ്രണബിന്‍റെ വേര്‍പാട് ദേശീയ നഷ്ടമെന്നായിരുന്നു എ കെ ആന്‍റണിയുടെ പ്രതികരണം. രാഷ്ട്രം നേരിട്ട എല്ലാ പ്രതിസന്ധികളും വിലപ്പെട്ട ഉപദേശങ്ങള്‍ അദ്ദേഹം നല്‍കിയിരുന്നെന്നും എ കെ ആന്‍റണി ഓര്‍മ്മിച്ചു.
അഞ്ചര പതിറ്റാണ്ടിലേറെ കോണ്‍ഗ്രസിന്‍റെ ശക്തികേന്ദ്രമായിരുന്നു പ്രണബ് മുഖര്‍ജിയെന്ന് ഉമ്മന്‍ ചാണ്ടി അനുസ്‍മരിച്ചു. കോണ്‍ഗ്രസിനും കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ക്കും രക്ഷാകവചം തീര്‍ത്ത നേതാവാണ് പ്രണബെന്നും ഏതു വകുപ്പും കൈകാര്യം ചെയ്യാന്‍ സമര്‍ത്ഥനായിരുന്നു അദ്ദേഹമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.
പ്രണബ് മുഖര്‍ജിയുടെ നിര്യാണം രാജ്യത്തിന് വലിയ നഷ്ട്ടമെന്നായിരുന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പ്രതികരണം. അദ്ദേഹവുമായുള്ള തന്‍റെ ദീര്‍ഘകാല ബന്ധത്തെക്കുറിച്ചും ചെന്നിത്തല ഓര്‍മ്മിച്ചു. വിദ്യാര്‍ത്ഥി രംഗത്ത് പ്രവര്‍ത്തിച്ചിരുന്ന തന്നെ പോലുള്ളവര്‍ക്ക് പ്രണബ് മുഖര്‍ജി താങ്ങും തണലുമായിരുന്നെന്നും ചെന്നിത്തല പറഞ്ഞു.