കഴിഞ്ഞ ആഗസ്റ്റിൽ ഭാരത രത്നയുടെ സന്തോഷനിറവില്‍; ഈ ആഗസ്റ്റിൽ വിയോഗം
കഴിഞ്ഞ വര്‍ഷം ഇതേസമയം അതീവ സന്തോഷത്തിലായിരുന്നു പ്രണാബ് മുഖര്‍ജിയും കുടുംബവും നാടുമെല്ലാം. രാജ്യത്തെ ഏറ്റവും വലിയ സിവിലിയന്‍ പുരസ്‌കാരമായ ഭാരത രത്ന അദ്ദേഹം സ്വീകരിച്ചത് കഴിഞ്ഞ ആഗസ്റ്റ് എട്ടിനായിരുന്നു. ആ ആഗസ്റ്റ് മാസം സന്തോഷത്തിന്റെതായിരുന്നെങ്കില്‍ ഇത്തവണയത് ദുഃഖത്തിന് വഴിമാറി.
കഴിഞ്ഞ വര്‍ഷത്തെ ആഗസ്റ്റില്‍ തങ്ങളുടെ കുടുംബം എത്രമാത്രം സന്തോഷത്തോടെയായിരുന്നുവെന്നത് പ്രണാബിന്റെ മകളും കോണ്‍ഗ്രസ് നേതാവുമായ ശര്‍മിഷ്ഠ മുഖര്‍ജി തന്നെയാണ് തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ ഓര്‍മിപ്പിച്ചത്. ബുധനാഴ്ച രാവിലെ അവരുടെ ട്വീറ്റിലായിരുന്നു ഇക്കാര്യമുള്ളത്. രാഷ്ട്രപതി രാംനാഥ് കോവിന്ദില്‍ നിന്ന് പ്രണാബ് മുഖര്‍ജി ഭാരത രത്ന പുരസ്‌കാരം സ്വീകരിക്കുന്നത് ചരിത്രവുമായി.
നാല് വര്‍ഷത്തെ ഇടവേളക്ക് ശേഷം പ്രഖ്യാപിച്ച ഭാരത രത്ന പുരസ്‌കാരമാണ് പ്രണാബിന് അന്ന് ലഭിച്ചിരുന്നത്. മുന്‍ പ്രധാനമന്ത്രിയും ബി ജെ പി സ്ഥാപക നേതാക്കളിലൊരാളുമായ അടല്‍ ബിഹാരി വാജ്പയിക്കും ബനാറസ് ഹിന്ദു യൂനിവേഴ്സിറ്റി സ്ഥാപകന്‍ മദന്‍ മോഹന്‍ മാളവ്യക്കും 2015ല്‍ ഭാരത രത്ന പുരസ്‌കാരം പ്രഖ്യാപിച്ച ശേഷം 2019ലാണ് പിന്നീട് രാജ്യത്തിന്റെ പരമോന്നത സിവിലിയന്‍ പുരസ്‌കാരം പ്രഖ്യാപിക്കുന്നത്. അതിലൊരാള്‍ പ്രണാബുമായി.
അന്ന് പ്രണാബിനൊപ്പം മരണാനന്തര ബഹുമതിയായി ഭാരതീയ ജനസംഘ് നേതാവ് നാനാജി ദേശ്മുഖിനും ഗായകന്‍ ഭൂപന്‍ ഹസാരികക്കും ഭാരത രത്ന സമ്മാനിച്ചിരുന്നു. ഭാരത രത്ന സ്വീകരിക്കുന്ന അഞ്ചാമത്തെ രാഷ്ട്രപതി കൂടിയായിരുന്നു പ്രണാബ്. അതിന് മുമ്പ് എസ് രാധാകൃഷ്ണന്‍, രാജേന്ദ്ര പ്രസാദ്, സക്കീര്‍ ഹുസൈന്‍, വി വി ഗിരി എന്നീ രാഷ്ട്രപതിമാര്‍ക്കാണ് ഭാരത രത്ന ലഭിച്ചിട്ടുള്ളത്.