നിർമ്മാണം നിലച്ചു ; ജനറൽ ആശുപത്രിക്കു വേണ്ടി നിർമിക്കുന്ന 8 നില കെട്ടിടത്തിന്റെ പണി 6 മാസമായി നടക്കുന്നില്ല

കാസർകോട് ∙ ജനറൽ ആശുപത്രിക്കു വേണ്ടി നിർമിക്കുന്ന 8 നില കെട്ടിടത്തിന്റെ പണി 6 മാസമായി നിലച്ചു. 150 കിടക്കകളിലായി മെഡിക്കൽ വാർഡുകൾ, ഒപി, ഫാർമസി, ഓപ്പറേഷൻ തിയറ്റർ സൗകര്യം തുടങ്ങിയവയ്ക്കു വേണ്ടി പണിയുന്നതാണ് ഈ കെട്ടിടം. തേപ്പ് പണി, വയറിങ്, വൈദ്യുതീകരണം, പ്ലമിങ്, ലിഫ്റ്റ്, ടൈൽ പാകൽ , ഫയർ എക്സ്റ്റിങ്ഗ്യൂഷർ സ്ഥാപിക്കൽ തുടങ്ങിയവ നടക്കാനുണ്ട്.
ഇനിയും ഒരു വർഷം!
നിലവിലുള്ള സാഹചര്യത്തിൽ അടുത്ത വർഷം പ്രവർത്തനം പൂർത്തിയാകുമെന്ന പ്രതീക്ഷയിലാണ് അധികൃതർ. 2 കോവണി, 1 റാംപ്, 2 ലിഫ്റ്റ് തുടങ്ങിയവ സഹിതമുള്ളതാണ് നിർമാണം. കരാറുകാരനു 2 കോടിയോളം രൂപ കുടിശിക കിട്ടാനുണ്ടെന്ന കാരണത്താലാണ് നിർമാണം ഇഴഞ്ഞു നീങ്ങുന്നത്. നിശ്ചിത കാലാവധിക്കകം ചെയ്തു തീർത്ത നിർമാണത്തിനു നബാർഡ് തുക അനുവദിച്ചെങ്കിലും തുടർ ഫണ്ട് കിട്ടിയില്ലെങ്കിൽ പണി നീളാൻ സാധ്യത ഏറെയാണ്.
ഫയർ എക്സ്റ്റിങ്ഗ്യൂഷർ സ്ഥാപിക്കുന്നതിനു 10 ലക്ഷം രൂപയാണ് ഇലക്ട്രിക്കൽ വിഭാഗം എസ്റ്റിമേറ്റ് നൽകിയിട്ടുള്ളത്. വൈദ്യുതീകരണത്തിനു 50 ലക്ഷം രൂപയാണ് കണക്കാക്കിയിട്ടുള്ളത്. ഇതിനുള്ള എസ്റ്റിമേറ്റ് അംഗീകാരത്തിനു കഴിഞ്ഞ ജൂണിൽ കണ്ണൂരിലെ ഡിവിഷൻ ഓഫിസിലേക്കു അയച്ചിട്ടുണ്ട്. ഇതുവരെയും തുടർ നടപടികളായില്ല.
തറക്കല്ലിട്ടിട്ട് നാലര വർഷം
2016–17ൽ നബാർഡ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ആകെ 50000 ചതുരശ്ര അടി വിസ്തീർണത്തിൽ 8 നില കെട്ടിട നിർമാണത്തിന് അനുമതി നൽകിയത്. 2017 ജനുവരിയിലാണ് തറക്കല്ലിട്ടത്. 2019ൽ പൂർത്തിയാകേണ്ട പണിയുടെ കാലാവധി ഒടുവിൽ 2020 ജൂലൈ വരെ നീട്ടി.
ഇപ്പോൾ 6 മാസമായി പണി നടക്കുന്നില്ല. 6.90 കോടി രൂപയുടേതാണ് പദ്ധതി. 27.99 ശതമാനം അധിക തുകയായി 8.40 കോടി രൂപയ്ക്കാണ് നിർമാണം ടെൻഡർ അനുമതി നൽകിയത്. ഇതിൽ 6 കോടി രൂപയുടെ നിർമാണം പൂർത്തിയായതായി കരാറുകാരൻ പറയുന്നു.
അസൗകര്യം ആവശ്യത്തിലധികം
പഴയ താലൂക്ക് ആശുപത്രി കെട്ടിടം പൊളിച്ചു നീക്കിയാണ് പുതിയ കെട്ടിടം പണി തുടങ്ങിയത്. നിലവിൽ ഒപിയും വിവിധ വാർഡുകളുമായുള്ള 7 നില ആശുപത്രി കെട്ടിടത്തിൽ ആവശ്യമായ സൗകര്യമില്ലാതെ വീർപ്പു മുട്ടുന്ന നിലയിലാണ് ജീവനക്കാരും രോഗികളും. കോവിഡ് കാലത്തെ സാമൂഹിക അകലം പാലിക്കുന്നതിനു പോലും കഴിയുന്നില്ല. 208 കിടക്കകളുള്ളതാണ് കെട്ടിടം.
പ്രസവ വാർഡിൽ ഒരു കട്ടിലിൽ തന്നെ 2 പേരെ കിടത്തേണ്ടി വരുന്നു. 32 കിടക്കകളുള്ളതാണ് വാർഡ്. അറുപത് മുതൽ 70 പേർ വരെയെത്തുന്നു ഈ വാർഡിൽ. വാർഡിൽ കിടത്താൻ സൗകര്യമില്ലാതായാൽ വരാന്തയിലാകും കിടപ്പ്. അത്യാഹിത വിഭാഗത്തിൽ ചികിത്സ തേടി വരുന്നവരെ പരിശോധിക്കുന്നതിന് ആവശ്യമായ നിരീക്ഷണ മുറി സൗകര്യങ്ങളില്ല. ഡോക്ടർക്കും ജീവനക്കാർക്കും നിന്നു തിരിയാൻ തന്നെ സ്ഥല സൗകര്യമില്ലാത്തതാണ് അത്യാഹിത വിഭാഗം.
ലക്ഷങ്ങളുടെ സാമഗ്രികൾ എത്തും, പക്ഷേ, ഉപയോഗിക്കാനാളുണ്ടാവില്ല
കൈ, കാൽ മുട്ടു ശസ്ത്രക്രിയ ചെയ്യുന്നതുമായി ബന്ധപ്പെട്ട ആർത്രോസ്കോപിക് സാമഗ്രികൾ ആശുപത്രിയിലെത്തിച്ചു 3 വർഷം പിന്നിട്ടു. ഇതു വരെ അത് ഉപയോഗപ്പെടുത്താൻ കഴിഞ്ഞില്ല. ഇതിൽ പരിശീലനം നേടിയ സർജൻ ഇല്ലാത്തതാണ് കാരണം. 5 വർഷം മുൻപാണ് യൂറോളജി വിഭാഗത്തിലേക്കു വിദഗ്ധ പരിശോധനയ്ക്കാവശ്യമായ 50 ലക്ഷത്തോളം രൂപയുടെ സാമഗ്രികൾ ലഭിച്ചത്.
യൂറോളജിസ്റ്റ് ഇല്ലാത്തതിനാൽ ഈ സാമഗ്രികൾ എറണാകുളത്തേക്കു കൊണ്ടു പോയി. ആശുപത്രിയിൽ 5 വർഷം മുൻപ് കൊണ്ടു വന്ന രക്ത ഘടക വിഭജന യൂണിറ്റ് അടുത്തിടെയാണ് പ്രവർത്തനം തുടങ്ങിയത്. ഒരു വർഷം മുൻപ് കൊണ്ടു വന്ന എതിലേൻ ഓക്സൈഡ് സ്റ്റെർലൈസർ (അണു വിമുക്ത നാശിനി ) ഇനിയും ഉപയോഗിച്ചു തുടങ്ങിയില്ല.
ആശുപത്രിയിൽ ഓക്സിജൻ പ്ലാന്റ് സ്ഥാപിക്കുന്നതിനു ആവശ്യമായ സാമഗ്രികൾ 3 മാസം മുൻപ് എത്തിയെങ്കിലും പ്ലാന്റ് നിർമാണം തുടങ്ങാനിരിക്കുന്നേയുള്ളൂ. കോവിഡ് കാല സാഹചര്യത്തിൽ ഓക്സിജൻ പ്ലാന്റ് ഉൾപ്പെടെയുള്ളവയുടെ ഉപയോഗം രോഗികൾക്കു ഉടൻ ലഭ്യമാക്കുന്നതിനുള്ള നടപടികൾ പൂർത്തിയാക്കണമെന്ന ആവശ്യം ശക്തമായി ഉയരുന്നുണ്ട്.

