KSDLIVENEWS

Real news for everyone

കാനത്തൂരുകാർക്ക് താത്കാലികാശ്വാസം : ആനക്കൂട്ടം നെയ്യംകയം കടന്നു

SHARE THIS ON

കാനത്തൂർ: ഒടുവിൽ നാട്ടുകാരുടെയും വനപാലകരുടെയും പ്രയത്നം ഫലംകണ്ടു. മുളിയാർ വനത്തിൽനിന്ന് തുരത്തിയ ആനക്കൂട്ടം തിരിച്ചുവരാൻ ശ്രമിച്ചെങ്കിലും നാട്ടുകാർ സമ്മതിച്ചില്ല. തീയിട്ടും പന്തം, ചൂട്ട് എന്നിവ കത്തിച്ചുപിടിച്ചും അവർ ആനകളെ തിരിച്ചയച്ചു. ആനകൾ നെയ്യംകയം കടന്നു. ആനക്കൂട്ടം തകർത്ത സോളാർ വേലി പുനഃസ്ഥാപിച്ചു. കൊട്ടംകുഴി, കർമത്തോടി പ്രദേശങ്ങളിലുള്ള ആനകളെയും പുലിപറമ്പ് കടത്തിവിട്ട് ആനമതിൽ പുനഃസ്ഥാപിച്ചാൽ മാത്രമേ സമാധാനത്തോടെ കിടന്നുറങ്ങാനാവൂ എന്നാണ് കർഷകർ പറയുന്നത്. കാനത്തൂർ: ഒരു നാട് പ്രതിസന്ധി നേരിടുമ്പോൾ സമൂഹിക മാധ്യമങ്ങളെ ഏറ്റവും മികച്ചരീതിയിൽ ഉപയോഗിച്ച് എങ്ങനെ അതിജീവിക്കാമെന്ന് കാട്ടിത്തരികയാണ് കാനത്തൂരുകാർ. ഒരു മാസമായി തുടരുന്ന കാട്ടാന ശല്യത്തിന്റെ പശ്ചാത്തലത്തിൽ അവർ ‘ആനക്കാര്യം’ എന്ന വാട്ട്സാപ്പ് കൂട്ടായ്മയ്ക്ക് രൂപംനൽകി. പ്രദേശത്തുള്ള എല്ലാ കർഷകരെയും ഒരു കുടക്കീഴിൽ കൊണ്ടുവന്നു.

ആനക്കൂട്ടത്തിന്റെ സഞ്ചാരപഥം ഓരോ പ്രദേശത്തുനിന്നും ശബ്ദസന്ദേശങ്ങളായി ഗ്രൂപ്പിലെത്തി. കൃഷിയിടത്തിലിറങ്ങുന്നത് തടയാൻ എടുക്കേണ്ട മുൻകരുതലുകൾ, സുരക്ഷാ നിർദേശങ്ങൾ, കർഷകരുടെ ആകുലതകൾ, ആനയെക്കണ്ട് തിരിഞ്ഞോടിയവരുടെ കഥകൾ തുടങ്ങിയവ പങ്കുവെച്ചു. ഗ്രൂപ്പ് അഡ്മിൻമാരായ ടി.ഗോപിനാഥൻ കാലിപ്പള്ളം, ഇ.ബി.കൃഷ്ണരാജ് ചമ്പിലാങ്കൈ എന്നിവർക്ക് ഒരു നിർബന്ധം മാത്രമേയുള്ളൂ; ഗ്രൂപ്പിൽ ആനക്കാര്യമല്ലാതെ മറ്റു ചർച്ചകളൊന്നും പാടില്ല. ആനക്കൂട്ടത്തെ തുരത്തിയതിന് ‘ആനക്കാര്യ’ത്തിന് എത്ര നന്ദി പറഞ്ഞാലും കർഷകർക്ക് മതിയാവുന്നില്ല.
നെയ്യംകയം കടന്നുവന്ന ആനക്കൂട്ടം ദേലംപാടി പഞ്ചായത്തിലെ മലാങ്കടപ്പിൽ വ്യാപകമായി കൃഷി നശിപ്പിച്ചു. മലാങ്കടപ്പ് ബാലകൃഷ്ണൻ നായരുടെ നിരവധി കവുങ്ങുകളും വാഴകളും നശിപ്പിച്ചു. തുളിച്ചേരി തറവാട് ദേവസ്ഥാനത്തിന് ചുറ്റിലുമുള്ള കവുങ്ങിൻതോട്ടത്തിൽ വെള്ളിയാഴ്ച പുലർച്ചെവരെ നിലയുറപ്പിച്ച ആനക്കൂട്ടം ചവിട്ടിയും കുത്തിയും കൃഷി നശിപ്പിച്ചു. നെയ്യംകയത്തുനിന്ന് തുരത്തിവിട്ടതിൽ അക്രമാസക്തരായ ആനകൾ പ്രതിരോധിക്കാൻ ശ്രമിച്ച നാട്ടുകാർക്കുനേരേ പാഞ്ഞടുത്തു. ഭാഗ്യംകൊണ്ടാണ് അപകടമില്ലാതെ പലരും രക്ഷപ്പെട്ടത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!