ജില്ലയിലെ 17 അതിർത്തികളിൽ ആന്റിജൻ പരിശോധനാ സൗകര്യം ഒരുക്കും

കാസർകോട്: കർണാടകയിൽനിന്ന് ജില്ലയിലേക്ക് കടക്കുന്നതിനുള്ള 17 അതിർത്തിറോഡുകളിലെ അഞ്ച് അതിർത്തികളിൽ ചെക്‌പോസ്റ്റ് സംവിധാനം സജ്ജീകരിക്കാൻ ജില്ലാ കൊറോണ കോർ കമ്മിറ്റി യോഗം തീരുമാനിച്ചു. മറ്റ് സംസ്ഥാനങ്ങളിൽനിന്ന് കേരളത്തിലേക്ക് പ്രവേശിക്കുന്നവരിൽ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് കൈവശമില്ലാത്തവരെ ഇവിടെ ആന്റിജൻ ടെസ്റ്റിന് വിധേയമാക്കും.
തലപ്പാടി ചെക്‌പോസ്റ്റ് (എൻ.എച്ച്.66), അഡ്കസ്ഥല-അഡ്യനടുക്ക റോഡ് (എസ്.എച്ച്. 31), ആദൂർ-കൊട്ട്യാടി-സുള്ള്യ സ്റ്റേറ്റ് ഹൈവേ (എസ.എച്ച്. 55), പാണത്തൂർ-ചെമ്പേരി-മടിക്കേരി (എസ്.എച്ച്. 56), മാണിമൂല-സുള്ള്യ റോഡ് എന്നീ അതിർത്തിറോഡുകളിലാണ് സൗകര്യം ഒരുക്കുക. രാവിലെ ആറുമുതൽ വൈകിട്ട് ആറുവരെയാണ് ആന്റിജൻ പരിശോധന. ഈ ചെക്‌പോസ്റ്റുകളിലൂടെ വൈകുന്നേരം ആറിനുശേഷം രാവിലെ ആറുവരെ മറ്റ് സംസ്ഥാനങ്ങളിൽനിന്ന് വരുന്ന യാത്രക്കാർ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണം. റവന്യു, പോലീസ്, അധ്യാപകർ എന്നിവർക്ക് പുറമേ ആരോഗ്യപ്രവർത്തകരെയും അഞ്ച് അതിർത്തി ചെക്‌പോസ്റ്റുകളിൽ നിയോഗിക്കും.
ചികിത്സയ്ക്കോ മറ്റ് അടിയന്തര ആവശ്യങ്ങൾക്കോ വേണ്ടി ദക്ഷിണ കന്നട ജില്ലയിലേക്ക് പോയി അന്നുതന്നെ മടങ്ങിവരുന്നവർക്കും ദിവസേന യാത്രചെയ്യുന്നവർക്കും കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റോ അതിർത്തിയിലെ ആന്റിജൻ പരിശോധനയോ ആവശ്യമില്ല. താഴെപ്പറയുന്ന 12 പോയിന്റുകളിൽ ഇതര സംസ്ഥാനത്തുനിന്ന് വരുന്ന യാത്രക്കാർ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണം. തുമ്മിനാട് റോഡ്, കെദംപാടിപദവ് റോഡ്, സുങ്കതകട്ട മുടിപ്പ് റോഡ്, കുരുടപദവ് റോഡ്, മുളിഗദ്ദെ റോഡ്, ബേരിപദവ് റോഡ്, സ്വർഗ ആർളപദവ് റോഡ്, കൊട്ടിയാടി പള്ളത്തൂർ ഈശ്വരമംഗല റോഡ്, കൊട്ടിയാടി അഡൂർ ദേവരടുക്ക റോഡ്, ഗാളിമുഖ ഈശ്വരമംഗല ദേലംപാടി റോഡ്, നാട്ടക്കൽ സുള്ള്യപദവ് റോഡ്, ചെന്നംകുണ്ട് ചാമക്കൊച്ചി റോഡ്, റവന്യു, അധ്യാപകർ, പോലീസ് അല്ലെങ്കിൽ യുനിഫോം ഡിപ്പാർട്ട്‌മെന്റ് ഉദ്യോഗസ്ഥർ എന്നിവർ പരിശോധന നടത്തും.

