കാട്ടുപന്നികൾ കിടപ്പുമുറിയിലേക്ക് ഓടിക്കയറി , കുത്തിമറിച്ച് നശിപ്പിച്ചത് മണിക്കൂറുകൾ , വെടിവച്ചു കൊന്നു

കോഴിക്കോട്; വീട്ടിലെ കിടപ്പുമുറിയിലേക്ക് ഓടിക്കയറിവന്ന് അക്രമം നടത്തിയ രണ്ടു കാട്ടുപന്നികളെ വെടിവച്ചുകൊന്നു. കൂരാച്ചുണ്ട് പൂവ്വത്തുംചോല ആലമല മോഹനന്റെ വീട്ടിലാണ് സംഭവം. വെള്ളിയാഴ്ച രാവിലെ ഏഴരയോടെയാണ് കാട്ടുപന്നികള്‍ കിടപ്പുമുറിയിലേക്ക് ഓടിക്കയറിയത്. ഉച്ച വരെ വീടിനുള്ളില്‍ ഇവ പരാക്രമം നടത്തി. കാട്ടുപന്നികളുടെ ആക്രമണത്തില്‍ നിന്ന് കുടുംബാംഗങ്ങള്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.
കാട്ടുപന്നികള്‍ എത്തിയ സമയത്ത് കെഎസ്ഇബി ജീവനക്കാരനായ മോഹനനും ഭാര്യ ലീലാമ്മയും മകന് അഭിജിത്തുമാണ് വീട്ടിലുണ്ടായിരുന്നത്. പന്നികളെക്കണ്ട വീട്ടുകാര്‍ ഓടി പുറത്തിറങ്ങി. മുന്‍വാതില്‍ വഴിയാണ് പന്നികള്‍ അകത്തേക്ക് കയറിയത്. രക്ഷപ്പെടാനുള്ള വ്യഗ്രതയില്‍ പന്നികള്‍ കിടപ്പുമുറിയിലേക്ക് ഓടിക്കയറിയതിനുശേഷം വാതില്‍ താനേ അടഞ്ഞുപോകുകയായിരുന്നു.
വാതില്‍ പൂട്ടി പുറത്തിറങ്ങിയ വീട്ടുകാര്‍ വനപാലകരെയും നാട്ടുകാരെയും വിവരമറിയിച്ചു. പുറത്തിറങ്ങാന്‍ കഴിയാതായതോടെ പന്നികള്‍ മുറിയിലെ കിടക്ക കുത്തിക്കീറി നശിപ്പിക്കുകയും ഫര്‍ണീച്ചറുകളും ജനല്‍ച്ചില്ലുകള്‍ തകര്‍ക്കുകയും ചെയ്തു. ജീവനും സ്വത്തിനും ഭീഷണിയാകുന്ന വന്യജീവികളെ വെടിവെച്ചുകൊല്ലാന്‍ തോക്കിന് ലൈസന്‍സ് ലഭിച്ച ചക്കിട്ടപാറയിലെ കര്‍ഷകനായ മുക്കള്ളില്‍ ഗംഗാധരനെത്തി 10.45-ന് ഒരു പന്നിയെ ജനലഴികള്ക്കുള്ളിലൂടെ വെടിവെച്ചുകൊന്നു. തോക്ക് കേടായതിനെ തുടര്‍ന്ന് രണ്ടു മണിക്കൂര്‍ നേരത്തെ കാത്തിരിപ്പിനുശേഷമാണ് അവിടനല്ലൂര്‍ സ്വദേശി രഘുനാഥ് എന്ന കര്‍ഷകനെത്തിയത്. അദ്ദേഹം മൂന്ന് തവണ വെടിവെച്ചതിനുശേഷമാണ് രണ്ടാമത്തെ പന്നി ചത്തത്.

