KSDLIVENEWS

Real news for everyone

ട്രെയിന്‍ യാത്ര സുരക്ഷിതമാക്കാന്‍ സുപ്രധാന നീക്കം! 15,000 കോച്ചുകളില്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിക്കും; കുറഞ്ഞ വെളിച്ചത്തിലും പ്രവര്‍ത്തിക്കും

SHARE THIS ON

ന്യൂഡെല്‍ഹി: ട്രെയിനുകളില്‍ സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ വര്‍ധിപ്പിക്കുന്നതിനുള്ള സുപ്രധാന നീക്കത്തിന്റെ ഭാഗമായി റെയില്‍വേ മന്ത്രാലയം 705 കോടി രൂപ ചിലവില്‍ 15,000 കോച്ചുകളില്‍ സിസിടിവികള്‍ സ്ഥാപിക്കും. രാജധാനി, തുരന്തോ, ശതാബ്ദി തുടങ്ങിയ പ്രീമിയം ട്രെയിനുകളുടെ 14,387 കോച്ചുകളും ഇഎംയു, മെമു, ഡെമു തുടങ്ങിയ പാസഞ്ചര്‍ ട്രെയിനുകളും ഇതില്‍ ഉള്‍പ്പെടുമെന്ന് ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്തു.

കഴിഞ്ഞ വര്‍ഷം, 2,930 കോച്ചുകളില്‍ സിസിടിവികള്‍ സ്ഥാപിച്ചതായി റെയില്‍വേ മന്ത്രാലയം പാര്‍ലമെന്റിനെ അറിയിച്ചിട്ടുണ്ട്. ഇപ്പോഴുള്ള ഉത്തരവ് പ്രകാരം ഇത് ഏതാണ്ട് അഞ്ചിരട്ടി വലുതാണ്. 60,000-ത്തോളം വരുന്ന എല്ലാ കോച്ചുകളുടെയും വാതിലുകളിലും ഇടനാഴികളിലും സിസിടിവി നിരീക്ഷണം ഏര്‍പ്പെടുത്താനും സ്വകാര്യത ലംഘിക്കുന്നില്ലെന്ന് ഉറപ്പാക്കാനും റെയില്‍വേയ്ക്ക് പദ്ധതിയുണ്ട്.

ഇന്റര്‍നെറ്റ് പ്രോട്ടോക്കോള്‍ അടിസ്ഥാനമാക്കിയുള്ള ഈ സിസിടിവികളില്‍ മുഖം തിരിച്ചറിയല്‍ സംവിധാനവും ഉണ്ടായിരിക്കും. ആര്‍പിഎഫ് പോസ്റ്റുകള്‍, ഡിവിഷണല്‍, സോണല്‍ ആസ്ഥാനങ്ങളില്‍ നിന്ന് കോച്ചുകളുടെ വിദൂര പ്രവര്‍ത്തനവും നിരീക്ഷണവും ഒരുക്കും. ഓരോ കോച്ചിലും കുറഞ്ഞത് രണ്ട് ബട്ടണുകള്‍ ഉണ്ടായിരിക്കണം. അവ അമര്‍ത്തി അടുത്തുള്ള ആര്‍പിഎഫ് പോസ്റ്റിനെയോ ഡാറ്റാ സെന്ററിനെയോ വിവരം അറിയിക്കും.

ഉയര്‍ന്ന റെസല്യൂഷന്‍ ചിത്രങ്ങള്‍ എടുത്ത് വ്യക്തിയെ വ്യക്തമായി തിരിച്ചറിയാന്‍ കഴിയുന്ന സിസിടിവി സംവിധാനം കോച്ചുകള്‍ക്കുള്ളില്‍ വേണമെന്നാണ് റെയില്‍വേ ആവശ്യപ്പെടുന്നത്. സിസിടിവിയുടെ സഹായത്തോടെ, കുറഞ്ഞ വെളിച്ചത്തില്‍ മുഖം തിരിച്ചറിയുന്നതിനുള്ള സംവിധാനങ്ങള്‍ റെയില്‍വേ തയ്യാറാക്കിയിട്ടുണ്ട്. വന്ദേ ഭാരത്, തേജസ് തുടങ്ങിയ ഏറ്റവും പുതിയ ട്രെയിനുകളിലെല്ലാം സിസിടിവി ക്യാമറകളുണ്ട്. നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കനുസരിച്ച്‌ 2021ല്‍ 4.24 ലക്ഷം കേസുകള്‍ റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!