KSDLIVENEWS

Real news for everyone

റഹീമിന്റെ മോചനം നീളുന്നു; കണ്ണീർവാർത്ത് മാതാവ്, ഇനിയും കാത്തിരിപ്പുതന്നെ വിധി

SHARE THIS ON

രാമനാട്ടുകര: സൗദി ജയിലിൽ മോചനം കാത്തുകഴിയുന്ന അബ്ദുൽ റഹീമിന്റെ കേസ് വീണ്ടും മാറ്റിയതോടെ മാതാവിന് ഇനിയും കാത്തിരിപ്പുതന്നെ വിധി. കേസ് പഠിക്കാനായി കൂടുതൽസമയം വേണമെന്നാണ് കോടതി ആവശ്യപ്പെട്ടത്. ഇനി ജനുവരി 15-നാണ് കേസ് വീണ്ടും പരിഗണിക്കുക.

നാലാംതവണയും പ്രതീക്ഷിച്ച മോചന ഉത്തരവ് വരാതായത് ഉമ്മയെയും കുടുംബത്തെയും ഏറെ ആശങ്കയിലാക്കിയിട്ടുണ്ട്. വിധി അറിഞ്ഞതുമുതൽ ഉമ്മ പാത്തുമ്മ കണ്ണീരിലാണ്. ജയിലിൽനിന്ന് വല്ലപ്പോഴും വരുന്ന മകന്റെ ഫോൺകോൾ മാത്രമാണ് ഇവർക്കിപ്പോൾ ആശ്വാസം. കേസ് ഇങ്ങനെ നീട്ടിവെക്കുന്നതിൽ എന്തെങ്കിലും കാരണമുണ്ടാകുമെന്നും അത് വേഗത്തിൽ കണ്ടെത്തണമെന്നുമാണ് ഉമ്മ പറയുന്നത്.

കഴിഞ്ഞ ജൂലായ് രണ്ടിനാണ് റഹീമിന്റെ വധശിക്ഷ റദ്ദുചെയ്തുള്ള കോടതി ഉത്തരവ്‌ വന്നത്. ഒക്ടോബർ 21-നാണ് ആദ്യ സിറ്റിങ് നടന്നത്. എന്നാൽ, ബെഞ്ച് മാറിയെന്നും വധശിക്ഷ ഒഴിവാക്കിയ ബെഞ്ചുതന്നെയാണ് മോചനകാര്യത്തിലും തീരുമാനമെടുക്കേണ്ടതെന്നും അറിയിച്ച് കോടതി കേസ് മാറ്റിവെച്ചു. തുടർന്ന്, കഴിഞ്ഞ നവംബർ 17-ന് വധശിക്ഷ ഒഴിവാക്കിയ അതേ ബെഞ്ച് കേസ് പരിഗണിച്ചു. എന്നാൽ, വിഷയം സൂക്ഷ്മമായി പരിശോധിക്കേണ്ടതുള്ളതിനാൽ കൂടുതൽസമയം ആവശ്യപ്പെട്ട് കോടതി ഡിസംബർ എട്ടിലേക്ക് കേസ് മാറ്റിയെങ്കിലും അന്നുനടന്ന സിറ്റിങ്ങിലും മോചന ഉത്തരവുണ്ടായില്ല.

പ്രോസിക്യൂഷൻ ആവശ്യപ്പെട്ട രേഖകൾ റഹീമിന്റെ അഭിഭാഷകൻ നൽകിയത് തൃപ്തികരമാംവിധം പരിശോധിച്ചതോടെ ഡിസംബർ 12-ന് വിധിപ്രഖ്യാപനമുണ്ടാവുമെന്ന് നിയമസഹായസമിതിയും അഭിഭാഷകരും കരുതി. എന്നാൽ, 12-ന് സാങ്കേതികകാരണങ്ങളാൽ കോടതി ഒരു കേസും പരിഗണനയ്ക്കെടുത്തില്ല. അതിനുശേഷം കഴിഞ്ഞദിവസമാണ് കോടതി കേസ് പരിഗണിച്ചത്. ഇത്തവണ ഉറപ്പായും കേസിൽ മോചന ഉത്തരവുണ്ടാവുമെന്ന് പ്രതീക്ഷിച്ചിരുന്നു.

ഇരുവിഭാഗത്തിന്റെയും അഭിഭാഷകരും നിയമവിദഗ്ധരും കോടതിയിൽ ഹാജരാവുകയും നാട്ടിലും വിദേശത്തും തയ്യാറെടുപ്പുകൾ നടത്തുകയും ചെയ്തിരുന്നു. എന്നാൽ, കൂടുതൽസമയം ആവശ്യമാണെന്നുകാണിച്ച് കേസ് ജനുവരി 15-ലേക്ക് മാറ്റിയതോടെ കുടുംബത്തോടൊപ്പം നിയമസഹായസമിതിയും നിരാശയിലായി.

15-ന് അനുകൂലവിധി വന്നാൽ ഉത്തരവിന്റെ പകർപ്പ് ഗവർണറേറ്റിലേക്കും ജയിലിലേക്കും നൽകും. റഹീമിന്റെ മടക്കയാത്രയ്ക്കുള്ള രേഖകൾ എംബസി തയ്യാറാക്കിയിട്ടുണ്ട്. 2006 ഡിസംബറിലാണ് സൗദിബാലന്റെ കൊലപാതകക്കേസിൽ അബ്ദുൽ റഹീം ജയിലിലാകുന്നത്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!