KSDLIVENEWS

Real news for everyone

അയര്‍ലന്‍ഡ് ലോക്ക്ഡൗണിലേക്ക്; വീണ്ടും അടച്ചിടല്‍ പ്രഖ്യാപിക്കുന്ന ആദ്യ യൂറോപ്യന്‍ യൂണിയന്‍ രാജ്യം

SHARE THIS ON

ഡബ്ലിൻ: കോവിഡ് വ്യാപനം ഉയരുന്നതിന്റെ പശ്ചാത്തലത്തിൽ വീണ്ടും ലോക്ക്ഡൗൺ ഏർപ്പെടുത്തി അയർലൻഡ്. രണ്ടാമതും ലോക്ക്ഡൗണിൽ പ്രവേശിക്കുന്ന ആദ്യ യൂറോപ്യൻ യൂണിയൻ രാജ്യമാണ് അയർലൻഡ്. ആറ് ആഴ്ചത്തേക്കാണ് ലോക്ക്ഡൗൺ. തിങ്കള്ഴാച ടെലിവിഷനിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്യവേയാണ് പ്രധാനമന്ത്രി മൈക്കിൾ മാർട്ടിൻ അടച്ചിടൽ പ്രഖ്യാപനം നടത്തിയത്. അതേസമയം സ്കൂളുകളെ ലോക്ക്ഡൗണിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ‘രാജ്യത്തെ എല്ലാവരോടും വീട്ടിൽ തന്നെ കഴിയാൻ നിർദേശിക്കുന്നു.’ ടെലിവിഷനിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്യവേ പ്രധാനമന്ത്രി പറഞ്ഞു. ലോക്ക്ഡൗൺ ബുധനാഴ്ച അർധരാത്രി നിലവിൽ വരും.
അവശ്യസേവന വിഭാഗത്തിൽ ജോലിചെയ്യുന്നവർക്ക് മാത്രമാണ് യാത്രാനുമതി. അവശ്യ സേവന വിഭാഗത്തിലെ ജീവനക്കാർക്ക് സഞ്ചരിക്കുന്നതിനായി പൊതുഗതാഗതത്തിന് ഇളവുകൾ നൽകിയിട്ടുണ്ട്. എന്നാൽ 25 ശതമാനം യാത്രക്കാരെ മാത്രമേ വാഹനങ്ങളിൽ കയറ്റാനാകൂ.
അത്യാവശ്യമല്ലാത്ത ചില്ലറ വില്പനശാലകൾ അടച്ചിടും. ബാറുകളും റെസ്റ്റോറന്റുകളും നിയന്ത്രണങ്ങളോടെ തുറന്നുപ്രവർത്തിക്കും. ഇവിടെ ഇരുന്ന് ഭക്ഷണം കഴിക്കുന്നതിന് അനുമതി ഉണ്ടാകില്ല. വീടിന് അഞ്ചുകിലോമീറ്റർ ദൂരപരിധിയിൽ വ്യായാമത്തിനായി പോകാൻ അനുവാദം നൽകിയിട്ടുണ്ട്. ദൂരപരിധി ലംഘിക്കുന്നവരിൽ നിന്ന് പിഴയീടാക്കും. സ്കൂളുകളും ശിശുപരിപാലന കേന്ദ്രങ്ങളും തുറന്നുപ്രവർത്തിക്കും. കുട്ടികളുടെയും യുവാക്കളുടെയും ഭാവി ഈ മഹാമാരിയുടെ മറ്റൊരു ഇരയാകുന്നത് അനുവദിക്കാനാവില്ലെന്നാണ് ഇതിന് കാരണമായി പ്രധാനമന്ത്രി ചൂണ്ടിക്കാട്ടിയത്.
ഒറ്റയക്ക് താമസിക്കുന്നവർക്ക് സാമൂഹിക ഒറ്റപ്പെടലോ, മാനസികാരോഗ്യ പ്രശ്നങ്ങളോ ഉണ്ടാകുന്നത് ഒഴിവാക്കുന്നതിനായി സോഷ്യൽ ബബിൾ എന്നൊരു പരിപാടിക്ക് സർക്കാർ അനുമതി നൽകിയിട്ടുണ്ട്. ഇതുപ്രകാരം ഒറ്റക്ക് താമസിക്കുന്നവർക്ക് ഏതെങ്കിലും ഒരു കുടുംബമായി ഇടപഴകാൻ സാധിക്കും.
നിയന്ത്രണങ്ങൾ കർശനമാണെന്ന് തോന്നാമെങ്കിലും ക്രിസ്മസ് ആഘോഷിക്കണമെങ്കിൽ ഇത്തരം നടപടികൾ ആവശ്യമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ‘ലോക്ക്ഡൗൺ ഏർപ്പെടുത്തുന്ന ആറ് ആഴ്ചകളിൽ ഒന്നിച്ച് നിൽക്കുകയാണെങ്കിൽ അർഥവത്തായ രീതിയിൽ ക്രിസ്മസ് ആഘോഷിക്കാൻ നിങ്ങൾക്ക് അവസരം ലഭിക്കും.’ അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!