KSDLIVENEWS

Real news for everyone

ഓൺലൈൻ ക്രിക്കറ്റ് വാതുവയ്പ്പ്: യുവാവിന് നഷ്ടം ഒന്നരക്കോടിയോളം രൂപ; ഭാര്യ ജീവനൊടുക്കി

SHARE THIS ON

ബെംഗളൂരു: ഓണ്‍ലൈന്‍ ക്രിക്കറ്റ് വാതുവയ്പ്പിൽ ബെംഗളുരു സ്വദേശിക്ക് നഷ്ടപ്പെട്ടത് 1.5 കോടിയോളം രൂപ. കടം പെരുകിയതോടെ ഇയാളുടെ ഭാര്യ ജീവനൊടുക്കി. ഹോസ്ദുർഗയിൽ അസിസ്റ്റന്റ് എന്‍ജീനിയറായ ദർശൻ ബാബുവിനാണ് ദുരനുഭവമുണ്ടായത്. കടക്കാരുടെ ഭീഷണി വര്‍ധിച്ചതോടെ ഇയാളുടെ ഭാര്യ രഞ്ജിത ജീവനൊടുക്കുകയായിരുന്നു. മാര്‍ച്ച് 19നാണ് ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ദര്‍ശന് പണം കടം കൊടുത്ത 13 പേര്‍ക്കെതിരെ രഞ്ജിതയുടെ പിതാവ് പരാതി നല്‍കി. ദര്‍ശനും രഞ്ജിതയ്ക്കും രണ്ട് വയസ്സുള്ള ഒരു മകനുണ്ട്. രഞ്ജിതയുടെ പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ 13 പേര്‍ക്കെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി പൊലീസ് കേസെടുത്തു. 
കേസെടുത്തവരിൽ മൂന്നു പേരെ തിരിച്ചറിഞ്ഞതായി പൊലീസ് പറഞ്ഞു. ശിവ, ഗിരീഷ്, വെങ്കിടേഷ് എന്നിവരെയാണ് തിരിച്ചറിഞ്ഞത്. ഇവരെ അറസ്റ്റ് ചെയ്തു. കടക്കാരില്‍ നിന്ന് തനിക്കും ഭര്‍ത്താവിനും നിരന്തരം ഭീഷണികളുണ്ടായിരുന്നുവെന്ന് രഞ്ജിത ആത്മഹത്യ കുറിപ്പിൽ പറയുന്നുണ്ട്. ദര്‍ശന് ഒന്നരക്കോടിയോളം രൂപ നഷ്ടപ്പെട്ടിട്ടുണ്ടാകുമെന്ന് രഞ്ജിതയുടെ പിതാവ് വെങ്കിടേഷ് പറഞ്ഞു. എന്നാല്‍ കുറേയധികം പണം ദര്‍ശന്‍ കടക്കാര്‍ക്ക് തിരിച്ചുനല്‍കിയിട്ടുണ്ട്. നിലവിൽ 54 ലക്ഷം രൂപയുടെ കടബാധ്യത ദര്‍ശനുണ്ടെന്നാണ് അദ്ദേഹവുമായി അടുപ്പമുള്ളവർ പറയുന്നത്.

‘എന്റെ മരുമകന്‍ നിരപരാധിയാണ്. അവന്‍ ഒറ്റയ്ക്ക് ഒരിക്കലും ഓണ്‍ലൈന്‍ ക്രിക്കറ്റ് വാതുവയ്പ്പിൽ പങ്കെടുക്കില്ല. പ്രതികള്‍ നിര്‍ബന്ധിച്ചാണ് അവനെ ഈ കെണിയില്‍ വീഴ്ത്തിയത്. വേഗം പണക്കാരനാകും എന്ന് അവനെ പറഞ്ഞ് വിശ്വസിപ്പിച്ചു. വാതുവയ്പ്പിന് പണം നല്‍കാമെന്ന് പറയുകയും ചെയ്തു’ – വെങ്കിടേഷ് പറയുന്നു. 2021നും 2023നും ഇടയിലുള്ള വർഷങ്ങളിലാണ് ദർശന് വാതുവയ്പ്പിൽ പണം നഷ്ടമായിരിക്കുന്നത്. 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!