കളിമറന്ന് വീണ്ടും ബ്ലാസ്റ്റേഴ്സ്; നോർത്ത് ഈസ്റ്റിനോടും തോൽവി

ഗുവഹാത്തി: ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിൽ വീണ്ടും കളിമറന്ന് ബ്ലാസ്റ്റേഴ്സ്. പോയന്റ് പട്ടികയിൽ അവസാന സ്ഥാനത്തുള്ള നോർത്ത് ഈസ്റ്റ് യുണൈറ്റഡാണ് എതിരില്ലാത്ത രണ്ട് ഗോളിന് തകർത്തത്. നോർത്ത് ഈസ്റ്റ് തട്ടകത്തിൽ നടന്ന മത്സരത്തിൽ നെസ്തോർ ആൽബിയാക് (84), മലയാളിതാരം എംഎസ് ജിതിൻ (90+1) എന്നിവർ ആതിഥേയർക്കായി വലകുലുക്കി. വിജയത്തോടെ പ്ലേ ഓഫ് സാധ്യതകൾ നോർത്ത് ഈസ്റ്റ് നിലനിർത്തി. ഒടുവിൽ കളിച്ച അഞ്ച് മത്സരങ്ങളിൽ ബ്ലാസ്റ്റേഴ്സിന്റെ നാലാം തോൽവിയാണിത്. നേരത്തെതന്നെ പ്ലേഓഫ് ഉറച്ചതിനാൽ പ്രധാന താരങ്ങളില്ലാതെയാണ് കൊമ്പൻമാർ എവേ മാച്ചിനിറങ്ങിയത്. ആദ്യ പകുതിയിൽ ഇരു ടീമുകളും മികച്ച മുന്നേറ്റവുമായി കളം നിറഞ്ഞെങ്കിലും ഗോൾ അകന്നുനിന്നു. ഒടുവിൽ രണ്ടാം പകുതിയുടെ അവസാന പത്തുമിനിറ്റിൽ അപ്രതീക്ഷിത കുതിപ്പ് നടത്തി നോർത്ത് ഈസ്റ്റ് സീസണിലെ അഞ്ചാം ജയം സ്വന്തമാക്കുകയായിരുന്നു. നിലവിൽ ബ്ലാസ്റ്റേഴ്സ് 21 കളിയിൽ ഒൻപത് ജയവുമായി അഞ്ചാം സ്ഥാനത്താണ്. പോയന്റ് ടേബിളിൽ അവസാന സ്ഥാനത്തുള്ള ഹൈദരാബാദ് എഫ്സിയുമായാണ് ബ്ലാസ്റ്റേഴ്സിന്റെ അവസാന ലീഗ് മത്സരം.

