വിവാഹസത്കാര വിവാദം: രക്തസാക്ഷികളുടെ ആത്മാക്കളെ വേദനിപ്പിച്ചവര്‍ക്ക് മാപ്പില്ല: ഉണ്ണിത്താന്

കാസര്‍കോട്: കല്യോട്ട് ഇരട്ടക്കൊലപാതക കേസിലെ പ്രതിയുടെ മകന്റെ വിവാഹസത്കാരത്തില്‍ പങ്കെടുത്ത കോണ്‍ഗ്രസ് നേതാക്കളെ രൂക്ഷമായി വിമര്‍ശിച്ച് രാജ്മോഹന്‍ ഉണ്ണിത്താന് എം.പി. രക്തസാക്ഷികളുടെ ആത്മാക്കളെ വേദനിപ്പിച്ചവര്‍ക്ക് മാപ്പില്ലെന്ന് ഉണ്ണിത്താന് ഫെയ്സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.
‘ധർമ്മ സംസ്ഥാപനത്തിനു വേണ്ടിയാണ് കംസനെ ശ്രീ കൃഷ്ണൻ കൊന്നത്. അതുപോലെ കല്യോട്ടെ ശരത് ലാലിനെയും, കൃപേഷിനെയും സിപിഐഎം കൊലപ്പെടുത്തിയിട്ടുണ്ടെങ്കിൽ ധർമ്മ സംസ്ഥാപനത്തിനു വേണ്ടി കൊന്നതാണെന്ന്, ഒരുളുപ്പുമില്ലാതെ മൈക്ക് കെട്ടി പ്രസംഗിച്ച പെരിയയിലെ സി.പി.എം നേതാവും കല്ല്യോട്ട് കൊലപാതക കേസിലെ പ്രതി കൂടിയായ ബാലകൃഷ്ണന്റെ കുടുംബത്തില്‍ നടന്ന വിവാഹ സത്ക്കാരത്തില്‍ രക്തസാക്ഷികളെ മറന്ന് ഏതൊക്കെ കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുത്തിട്ടുണ്ടോ അവരെത്രെ ഉന്നതന്മാരായാലും അവരെ ന്യായീകരിക്കാനോ അതിനെ നീതീകരിക്കാനോ കോണ്‍ഗ്രസിനെയും രക്തസാക്ഷികളെയും സ്നേഹിക്കുന്നവര്‍ക്ക് സാധ്യമല്ല. അവരെയൊക്കെ ശക്തമായി തള്ളിപ്പറയുന്നു. അക്ഷന്തവ്യമായ അപരാധമാണ് അവര്‍ കോണ്‍ഗ്രസ് പാര്‍ട്ടിയോടും രക്തസാക്ഷി കുടുംബങ്ങളോടും ചെയ്തിട്ടുള്ളത്- ഉണ്ണിത്താന് ഫെയ്സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.
കല്യോട്ട് കൊലപാതകത്തിനുശേഷം നൂറുകണക്കിന് കോണ്‍ഗ്രസ് പാര്‍ട്ടി കുടുംബാംഗങ്ങള്‍ കള്ളക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട് പോലീസ് സ്റ്റേഷനുകളിലും കോടതികളിലും കയറിയിറങ്ങി കഷ്ടപ്പെടുകയാണ്. അപ്പോഴാണ് നേതാക്കളുടെ ഈ അസംബന്ധ നാടകം. ഇരയോടൊപ്പമാണെന്ന് നടിക്കുകയും വേട്ടക്കാര്‍ക്ക് വേണ്ടി നിലകൊള്ളുകയും ചെയ്യുന്ന പ്രവൃത്തി ആര് ചെയ്താലും നിന്ദ്യമാണ്, നീചമാണ്, നികൃഷ്ടമാണ് എന്നും ഉണ്ണിത്താന് കൂട്ടിച്ചേര്‍ത്തു.

