നെടുകെ പിളര്ന്ന് ബോട്ട്, ഒന്നിനുംകഴിഞ്ഞില്ല’; കണ്മുന്നിൽ പൊലിഞ്ഞത് രണ്ട് ജീവനുകൾ; ഞെട്ടലില് അവർ

കോഴിക്കോട്: ‘ബോട്ടിൽ ഇടിക്കാതെ കപ്പൽ ഒഴിവായി പോകുമെന്നാണ് വിചാരിച്ചത്. പക്ഷെ അതുണ്ടായില്ല. ബോട്ടിന്റെ മധ്യഭാഗത്ത് വന്നിടിക്കുകയായിരുന്നു. ഇടിയിൽ പിളർന്ന ബോട്ട് രണ്ട് ഭാഗത്തേക്ക് പോയി. എൻജിൻ ഭാഗം കടലിലേക്ക് താഴ്ന്നു, താഴെ ഉൾഭാഗത്ത് തെർമോ കോൾ ഉണ്ടായിരുന്നതിനാൽ മുൻഭാഗം പൊങ്ങിനിന്നു’… പൊന്നാനിയിൽ മത്സ്യബന്ധന ബോട്ടിൽ കപ്പൽ ഇടിച്ചുണ്ടായ അപകടത്തിന്റെ നടുക്കുന്ന ഓർമകൾ വിവരിക്കുകയാണ് ബോട്ടിലുണ്ടായിരുന്ന തൊഴിലാളികൾ. ഒപ്പമുണ്ടായിരുന്ന രണ്ടുപേരുടെ ജീവൻ പൊലിഞ്ഞത് ഇവരുടെ കൺമുന്നിലാണ്. മീൻ പിടിക്കുന്നതിനിടെ കപ്പൽ ബോട്ടിൽ ഇടിക്കുകയായിരുന്നുവെന്നുംഅപ്രതീക്ഷിതമായതിനാൽ ഒന്നും ചെയ്യാനായില്ലെന്നുമാണ് അപകടത്തിൽ നിന്നും രക്ഷപ്പെട്ട ഇവർ പറയുന്നത്.
തിങ്കളാഴ്ച പുലർച്ചെ ഒരു മണിയോടെ ചേറ്റുവയിൽ നിന്നും 16 നോട്ടിക്കൽ മൈൽ അകലെയാണ് അപകടം. ഇടിയുടെ ആഘാതത്തിൽ ബോട്ട് രണ്ടായി പിളർന്ന് ഒരുഭാഗം കടലിൽ മുങ്ങിത്താഴുകയായിരുന്നു. പൊന്നാനി സ്വദേശികളായ സിദ്ധീഖിന്റെ മകൻ ഗഫൂർ (48), കുറിയ മാക്കാനകത്ത് അബ്ദുൾ സലാം (45) എന്നിവരാണ് മരിച്ചത്. പൊന്നാനിയിൽ നിന്നും മത്സ്യബന്ധനത്തിന് പുറപ്പെട്ട ഇസ്ലാഹ് ബോട്ട് സാഗർ യുവരാജ് കപ്പലുമായി കൂട്ടിയിടിക്കുകയായിരുന്നു.
ബോട്ടിന്റെ ഒരു ഭാഗം കെട്ടിവലിച്ചു, ഉള്ളിൽ മൃതദേഹം
പുലർച്ചെ ഒന്നരയോടെയാണ് അപകടവിവരം അറിഞ്ഞത് എന്ന് രക്ഷാപ്രവർത്തനം നടത്തിയ മത്സ്യത്തൊളിലാളികൾ പറഞ്ഞു. ‘കപ്പലിൽ ഉണ്ടായിരുന്നവർ നടത്തിയ തിരച്ചിലിൽ നാലുപേരെ രക്ഷപ്പെടുത്തിയെന്നും രണ്ടു പേരെ കാണാതായെന്നും അറിഞ്ഞു. തുടർന്ന് ബോട്ടുകളുമായി അപകടസ്ഥലത്ത് എത്തി തിരച്ചിൽ ആരംഭിച്ചു. ഏറെ നേരത്തെ തിരച്ചിലിനൊടുവിൽ ഗഫൂറിന്റെ മൃതദേഹമാണ് ആദ്യം കിട്ടിയത്. മത്സ്യബന്ധത്തിന് പോയ മറ്റൊരു ബോട്ടിൽ ഉള്ളവരാണ് മൃതദേഹം കണ്ടെത്തിയത്. എന്നാൽ സലാമിനെ കണ്ടെത്താനായില്ല. സംശയം തോന്നിയതോടെ അപടത്തിൽപ്പെട്ട ബോട്ടിന്റെ പകുതി ഭാഗം മറ്റൊരു ബോട്ടുകൊണ്ടു കെട്ടിവലിച്ച് ഉയർത്തി. അതിനുള്ളിലായിരുന്നു സലാമിന്റെ മൃതദേഹം”, രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ട തൊഴിലാളി പറഞ്ഞു.
ലക്ഷദ്വീപിലേക്ക് പോകുന്നതിന് മുന്നോടിയായി കൊച്ചിയിൽ നിന്നും ചരക്ക് എടുക്കാനായി കോഴിക്കോട്ടേക്ക് വരികയായിരുന്നു സാഗർ യുവരാജ് കപ്പൽ. കോഴിക്കോട്ടേക്ക് ആയതിനാൽ കപ്പൽ ചാലിന് അധികം ഉള്ളിലേക്ക് നീങ്ങാതെ മത്സ്യബന്ധന ബോട്ടുകൾ ഉള്ള മേഖലയിലൂടെ കപ്പൽ പോയതാവാം അപകടത്തിന് കാരണമായത് എന്നാണ് മറ്റു മത്സ്യത്തൊഴിലാളികൾ പറയുന്നത്. തങ്ങൾ കപ്പൽ ചാലിൽ അല്ലായിരുന്നുവെന്നും സാധാരണ മീൻ പിടിക്കുന്ന മേഖലയിൽ ആയിരുന്നുവെന്നും അപകടത്തിൽപ്പെട്ട തൊഴിലാളികളും പറയുന്നുണ്ട്. അതിനാൽ കപ്പലിന്റെ സഞ്ചാരപാതയിലുണ്ടായ പിഴവാണോ ദുരന്തത്തിലേക്ക് നയിച്ചത് എന്ന സംശയമാണ് ഉയരുന്നത്.
കടലിലും രക്ഷയില്ല
2023 ജനുവരിയിൽ കന്യാകുമാരിയിൽനിന്ന് 69 നോട്ടിക്കൽ മൈൽ ദൂരത്ത് നങ്കൂരമിട്ട് നിർത്തിയിരുന്ന മത്സ്യബന്ധന ബോട്ടിൽ വിദേശ കപ്പൽ ഇടിച്ചുണ്ടായ അപകടമാണ് ഈയടുത്ത് ഉണ്ടായത്. ബോട്ടിലുണ്ടായിരുന്ന 14 മത്സ്യത്തൊഴിലാളികൾ അത്ഭുതകരമായാണ് അന്ന് രക്ഷപ്പെട്ടത്. കുളച്ചൽ മരമടി തെരുവിലെ റസ്ലിൻ ഡാനിയുടെ നേതൃത്വത്തിൽ 14 മത്സ്യത്തൊഴിലാളികൾ പോയ ബോട്ടിലാണ് ലൈബീരിയൻ എണ്ണക്കപ്പൽ ഇടിച്ചത്. അപകടശേഷം കപ്പൽ നിർത്താതെ പോയി. തുടർന്ന് ബോട്ട് വെള്ളത്തിൽ താഴുന്ന സാഹചര്യത്തിൽ മറ്റൊരു ബോട്ട് എത്തിയാണ് സഹായിച്ചത്.
2012 ഫെബ്രുവരി 15-ന് എന്റിക്ക ലെക്സി കപ്പൽ ആലപ്പുഴ തോട്ടപ്പള്ളി തീരക്കടലിലൂടെ നീങ്ങുമ്പോൾ കാവൽ ഡ്യൂട്ടിയിലായിരുന്ന രണ്ടു നാവികർ നടത്തിയ വെടിവെപ്പിൽ രണ്ടു മത്സ്യത്തൊഴിലാളികൾ കൊല്ലപ്പെട്ടിരുന്നു. കൊല്ലം സ്വദേശി വാലന്റൈൻ ജലസ്റ്റിൻ, കന്യാകുമാരി സ്വദേശി അജീഷ് പിങ്കു എന്നിവരാണ് മരിച്ചത്. ഇറ്റാലിയൻ നാവികരായ സാൽവത്തോറെ ജിറോൺ, മാസിമിലിയാനോ ലത്തോറെ എന്നിവരെ 2012 ഫെബ്രുവരി 19-ന് അറസ്റ്റ് ചെയ്തു. കപ്പലിലെ ശാസ്ത്രീയ പരിശോധനയിലാണ് വെടിവെപ്പ് സ്ഥിരീകരിച്ചത്. 10 കോടി രൂപ നഷ്ടപരിഹാരം നൽകിയാണ് സുപ്രീംകോടതിയിലെ കേസ് അവസാനിപ്പിച്ചത്.

