കാലാവര്ഷത്തിന് മുമ്പേ അപകടാവസ്ഥയിലായിരിക്കുന്ന പരസ്യബോർഡുകൾ നീക്കണമെന്ന് ആവശ്യം

കാസർകോട്∙ കാലപ്പഴക്കത്താൽ തുരുമ്പെടുത്ത് അപകടാവസ്ഥയിലായിരിക്കുന്ന പരസ്യബോർഡുകളും സ്ഥാപനങ്ങളുടെ ബോർഡുകളും കാലവർഷത്തിനു മുൻപേ നീക്കണമെന്ന ആവശ്യം ശക്തമാകുന്നു. കാസർകോട് നഗരത്തിലും പരിസര പ്രദേശങ്ങളിലുമായി ഒട്ടേറെ കൂറ്റൻ പരസ്യബോർഡുകളാണ് അപകടാവസ്ഥലായിട്ടുള്ളത്.കഴിഞ്ഞ ദിവസം കാസർകോട് പുതിയ ബസ് സ്റ്റാൻഡിന്റെ മുകളിലെ കൂറ്റൻ പരസ്യബോർഡ് കാറ്റിൽ തകർന്നിരുന്നു. ആളുകൾ സമീപത്ത് ഇല്ലാത്തതിനാൽ വൻ ദുരന്തം ഒഴിവായി. എങ്കിലും ഒട്ടേറെ ഇരുചക്ര വാഹനങ്ങൾക്കു കേടുപാടുകൾ പറ്റി. ബസ്‍സ്റ്റാൻഡിനു മുകളിൽ ബോർഡുകൾ സ്ഥാപിക്കുന്നതിനു തൂണുകളുടെ അടിഭാഗം കോൺക്രീറ്റ് ചെയ്തിരുന്നു.
എന്നാൽ ഇതു ദ്രവിച്ച് ബലക്ഷയം സംഭവിച്ചാണ് ശക്തമായ കാറ്റിൽ നിലം പൊത്തിയത്. നഗരത്തിന്റെ വിവിധ ഭാഗങ്ങളിലെ കെട്ടിടങ്ങളുടെ മുകളിൽ ഒട്ടേറെ പരസ്യബോർഡുണ്ട്. ബോർഡുകൾ കാലാവധിക്കനുസരിച്ച് ഏജൻസികൾ മാറ്റുന്നുണ്ടെങ്കിലും വർഷങ്ങൾക്കു മുൻപേ സ്ഥാപിച്ച ഇരുമ്പ് തൂണുകളിലാണ് ബോർഡ് വയ്ക്കുന്നത്. ഇതിന്റെ അപകടഭീഷണിയും ബലക്ഷയവും ഒന്നും സ്വകാര്യ ഏജൻസികളോ അനുമതി നൽകുന്നവരോ പരിശോധിക്കാറില്ലെന്നും പറയുന്നു.എജി റോഡ്, കെഎസ്ആർടിസി ബസ് സ്റ്റാൻഡ്, നുള്ളിപ്പാടി, ബാങ്ക് റോഡ് ഉൾപ്പെടെയുള്ള എല്ലായിടങ്ങളിലും ചെറുതും വലതുമായി ഒട്ടേറെ ബോർഡുകളുണ്ട്.
ഇതിനു പുറമേ ചില സ്ഥാപനങ്ങളുടെ ബോർഡുകളും അപകടഭീഷണി ഉയർത്തുന്നുണ്ട്. പഴക്കമേറിയ ബോർഡുകൾ സ്ഥാപിച്ചിടത്ത് ഇരുമ്പ് കമ്പികളും ആണികളും തുരുമ്പെടുത്ത് ദ്രവിച്ചിട്ടുണ്ട്. ശക്തമായ കാറ്റിലും മഴയിലും ഇതു റോഡിലേക്ക് പതിക്കുന്നതോടെ യാത്രക്കാർക്കും വാഹനങ്ങൾക്കും ഭീഷണിയായിരിക്കുകയാണ്. അപകടാവസ്ഥയിലായ ബോർഡുകൾ എല്ലാം മാറ്റണമെന്ന് മുൻകാലങ്ങളിൽ അധികൃതർ വ്യാപാരികളെ അറിയിക്കാറുണ്ടെങ്കിലും ഇപ്പോൾ അതൊന്നുമില്ല. കാസർകോട് നഗരത്തിലെ തിരക്കേറിയ എംജിറോഡ് ഉൾപ്പെടെയുള്ള എല്ലാ ഭാഗങ്ങളിലെയും വ്യാപര സ്ഥാപനങ്ങളുടെ ബോർഡുകൾ ഒട്ടേറെ വർഷം പഴക്കമുള്ളവയാണ്.

