വേങ്ങൂരിലെ മഞ്ഞപ്പിത്തബാധ; അന്വേഷണത്തിന് ഉത്തരവ്, രണ്ടാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം

കൊച്ചി: പെരുമ്പാവൂര്‍ വേങ്ങൂരിലെ മഞ്ഞപ്പിത്തബാധയില്‍ മജിസ്റ്റീരിയല്‍ അന്വേഷണത്തിന് ജില്ലാ കളക്ടര്‍ എന്‍.എസ്.കെ. ഉമേഷ് ഉത്തരവിട്ടു. രണ്ടാഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആര്‍.ഡി.ഒയ്ക്ക് നിര്‍ദേശം നല്‍കി.
ആരോഗ്യവിഭാഗത്തിന്റെ പ്രാഥമിക പരിശോധനയില്‍ ജല അതോറിറ്റിയുടെ വീഴ്ചയാണ് വ്യാപക മഞ്ഞപ്പിത്തബാധയ്ക്ക് കാരണമെന്ന് കണ്ടെത്തിയിരുന്നു. എന്നാല്‍ യാതൊരുവിധ നടപടികളും സ്വീകരിച്ചിരുന്നില്ല. വേങ്ങൂര്‍ പഞ്ചായത്തിലെ 200 ലധികം പേര്‍ക്കാണ് മഞ്ഞപ്പിത്തം ബാധിച്ചത്.
ഇക്കഴിഞ്ഞ ഏപ്രില്‍ 17-നാണ് വെങ്ങൂര്‍ പഞ്ചായത്തിലെ കൈപ്പള്ളിയിലെ ഒരു കുടുംബത്തില്‍ മഞ്ഞപ്പിത്തബാധ റിപ്പോര്‍ട്ട് ചെയ്യുന്നത്. പിന്നീട് 19-ാം തീയതി പത്താം വാര്‍ഡിലും പന്ത്രണ്ടാം വാര്‍ഡിലും രണ്ടു പേര്‍ക്ക് വീതം കൂടി രോഗബാധ സ്ഥിരീകരിച്ചപ്പോഴാണ് മഞ്ഞപ്പിത്ത വ്യാപനം നടക്കുന്നതായി സംശയം ഉണ്ടായതും അതിനെക്കുറിച്ചുള്ള വിശദമായ അന്വേഷണങ്ങള്‍ തുടങ്ങിയതും. വക്കുവള്ളിയിലെ ജല അതോറിറ്റിയുടെ സംഭരണിയില്‍നിന്നുള്ള കുടിവെള്ളം ഉപയോഗിച്ചവര്‍ക്കാണ് രോഗബാധ ഉണ്ടായിരിക്കുന്നത്.

