ഫോര്‍ട്ട് കൊച്ചിയില്‍ കടയില്‍ കയറി യുവാവിനെ കുത്തിക്കൊന്ന സംഭവം: പ്രതി അറസ്റ്റില്‍

കൊച്ചി: ഫോർട്ട്കൊച്ചിയില്‍ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതി അലൻ അറസ്റ്റില്‍. തോപ്പുംപടി മൂലംകുഴി സ്വദേശി ബിനോയ് സ്റ്റാൻലിയാണ് കൊല്ലപ്പെട്ടത്.
തോപ്പുംപടി അത്തിപ്പുഴ സ്വദേശിയാണ് അലൻ. ബിനോയ് ജോലിചെയ്തിരുന്ന സ്ഥാപനത്തിലെത്തിയാണ് അലൻ കൊലപാതകം നടത്തിയത്. മുൻവൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് സൂചന.
ബുധനാഴ്ച രാത്രിയോടെയാണ് ക്രൂരമായ കൊലപാതകം നടന്നത്. ഫോർട്ട്കൊച്ചി സൗദി സ്കൂളിന് സമീപത്താണ് ബിനോയ് ജോലി ചെയ്തിരുന്നത്. ബിനോയിയെ 20 തവണയാണ് അലൻ കുത്തിയത്.
ബിനോയിയെ കൊലപ്പെടുത്തുകയെന്ന ഉദ്ദേശത്തോടെയാണ് ബിനോയ് ജോലി ചെയ്യുന്ന കടയിലേക്ക് അലൻ എത്തിയതെന്ന് സിസിടിവി ദൃശ്യങ്ങളില്‍നിന്ന് വ്യക്തമാണ്. മുൻവൈരാഗ്യം കാരണം കരുതിക്കൂട്ടിയാണ് അലൻ എത്തിയത്.
പിന്നില്‍ കത്തി വച്ചുകൊണ്ടാണ് ഇയാള്‍ കടയിലെ കസേരയിലിരിക്കുകയായിരുന്ന ബിനോയിയോട് സംസാരിക്കുന്നത്. സംസാരിച്ച് നിന്നതിന് പിന്നാലെ കൈയില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച് ബിനോയിയെ പലതവണ കുത്തുകയായിരുന്നു.
ബിനോയിയുടെ മുൃതദേഹം ഇൻക്വസ്റ്റ് നടപടികള്‍ക്ക് ശേഷം എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

