‘സ്നാക്സ്, വെള്ളവും ബസില്‍നിന്ന് വാങ്ങാം, ഒപ്പം എ.സിയും വൈഫൈയും; പ്രീമിയം സൂപ്പര്‍ഫാസ്റ്റ് സൂപ്പറാണ്

കെ.എസ്.ആര്‍.ടി.സിയുടെ സേവനങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പ്രീമിയം സൂപ്പര്‍ ഫാസ്റ്റ് എന്ന സര്‍വീസ് പ്രഖ്യാപിച്ചിട്ടുള്ളത്. ഈ ആശയത്തിന് ലഭിക്കുന്ന സ്വീകാര്യത അറിയുന്നതിനും ഇതിനായി എത്തിയിട്ടുള്ള ബസുകളുടെ കാര്യക്ഷമത വിലയിരുത്തുന്നതിനുമായി പ്രീമിയം സൂപ്പര്‍ഫാസ്റ്റ് ബസുകളുടെ പരീക്ഷണയോട്ടം ആരംഭിച്ചു. ഇപ്പോള്‍ പരീക്ഷണാടിസ്ഥാനത്തില്‍ ആണെങ്കിലും ഓണത്തോടെ ഈ സര്‍വീസ് ആരംഭിക്കുമെന്നാണ് മന്ത്രി കെ.ബി. ഗണേഷ്‌കുമാര്‍ അറിയിച്ചിരിക്കുന്നത്.
കെ.എസ്.ആര്‍.ടി.സി. ജനങ്ങള്‍ക്കായി ഒരുക്കുന്ന പുതിയ ഒരു സൗകര്യമാണ് പ്രീമിയം സൂപ്പര്‍ഫാസ്റ്റ് എന്നാണ് മന്ത്രി ഗണേഷ്‌കുമാര്‍ അറിയിച്ചിരിക്കുന്നത്. സൂപ്പര്‍ഫാസ്റ്റ് ബസുകള്‍ക്ക് മുകളിലും എക്‌സ്പ്രസ് ബസുകള്‍ക്ക് താഴെയുമായായിരിക്കും ഇവയുടെ സ്ഥാനം. എയര്‍ കണ്ടീഷന്‍, എല്ലാ സീറ്റിലും മൊബൈല്‍ ചാര്‍ജര്‍, നിശ്ചിത അളവില്‍ വൈഫൈ തുടങ്ങിയ സൗകര്യങ്ങളാണ് ഇപ്പോള്‍ ഇവയില്‍ ഒരുക്കിയിരിക്കുന്നത്. കുടിക്കാനുള്ള വെള്ളം സ്‌നാക്‌സുകള്‍ എന്നിവ വില നല്‍കി വാങ്ങാനുള്ള സൗകര്യവും ഒരുക്കും.

സ്‌റ്റോപ്പുകള്‍ വളരെ ചുരുക്കമായിരിക്കുമെന്നതാണ് ഈ സര്‍വീസിന്റെ പ്രധാന നേട്ടം. സ്റ്റാന്റുകളില്‍ കയറുന്നതിന് പകരം ജംങ്ഷനുകളില്‍ നിന്നും മറ്റും ആളുകളെ കയറ്റും. വാഹനം തുടങ്ങുന്ന പോയന്റില്‍ നിന്ന് തന്നെ സീറ്റ് ഫുള്‍ ആകുകയാണെങ്കില്‍ പിന്നെ സ്റ്റോപ്പുകള്‍ ഉണ്ടാകില്ലെന്നും മന്ത്രി ഗണേഷ്‌കുമാര്‍ അറിയിച്ചു. ഇപ്പോള്‍ തിരുവനന്തപുരം-എറണാകുളം റൂട്ടിലാണ് പ്രീമിയം സൂപ്പര്‍ഫാസ്റ്റ് സര്‍വീസ് നടത്തുന്നത്. തിരുവനന്തപുരത്തുനിന്ന് 40 സീറ്റിലും എറണാകുളത്തേക്കുള്ള ആളുകളാണ് കയറുന്നത് എങ്കിലും മറ്റ് സ്റ്റോപ്പുകള്‍ ഉണ്ടാകില്ല.
ട്രെയിനില്‍ സഞ്ചരിച്ചാല്‍ മൂന്ന് മണിക്കൂറില്‍ എത്തുന്ന ദൂരം ബസില്‍ സഞ്ചരിക്കുമ്പോള്‍ ആറ് മണിക്കൂര്‍ എടുക്കുന്ന സാഹചര്യം ഒഴിവാക്കും. ബസ് പൂര്‍ണമായി ഓടി തുടങ്ങുന്നതോടെ ആളുകള്‍ക്ക് ടിക്കറ്റ് നിരക്കില്‍ നിന്ന് 20 രൂപ അധികം നല്‍കി ബോര്‍ഡിങ്ങ് പോയന്റ് തിരഞ്ഞെടുക്കാന്‍ സാധിക്കും. ഇപ്പോള്‍ ഒരു ബസാണ് സര്‍വീസ് ആരംഭിച്ചിരിക്കുന്നത്. രാവിലെ 5.30-ന് തിരുവനന്തപുരത്ത് നിന്ന് ആരംഭിച്ച് 11.330-ഓടെ എറണാകുളത്ത് എത്തുന്ന തരത്തിലാണ് പരീക്ഷണയോട്ടം. സ്വന്തം കാറില്‍ യാത്ര ചെയ്യുന്നതിലും വേഗത്തില്‍ ലക്ഷ്യത്തിലെത്തിക്കുക എന്നതാണ് ലക്ഷ്യമെന്നാണ് മന്ത്രി അറിയിച്ചിരിക്കുന്നത്.
പ്രീമിയം സര്‍വീസ് ആയതിനാല്‍ തന്നെ മികച്ച സൗകര്യവും കെ.എസ്.ആര്‍.ടി.സി. ഉറപ്പുനല്‍കും. പുഷ്ബാക്ക് സീറ്റുകള്‍, ഓരോ സീറ്റിലും പ്രത്യേകം സീറ്റുബെല്‍റ്റുകള്‍, വൈഫൈ, ഉയര്‍ന്ന ലെഗ് സ്പേസ്, ഒരു നിരയില്‍ നാല് സീറ്റുകള്‍ വീതം മൊത്തം 40 സീറ്റുകളായിരിക്കും ഈ ബസില്‍ ഉണ്ടാകുക. ഈ വാഹനത്തിലെ ഏറ്റവും കുറഞ്ഞ ടിക്കറ്റ് നിരക്ക് 40 രൂപയും തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിലേക്ക് 360 രൂപയുമാണ് ഈടാക്കുന്നത്. റെഗുലര്‍ ബസുകളെക്കാള്‍ ഉയര്‍ന്ന സൗകര്യവും കുറഞ്ഞ യാത്ര സമയവുമാണ് ഈ ബസിന്റെ ലക്ഷ്യം.
ടാറ്റ മോട്ടോഴ്‌സിന്റെ മാര്‍ക്കോപോളോ ബസുകളാണ് പരീക്ഷണയോട്ടത്തിനായി എത്തിച്ചിരിക്കുന്നത്. ഇത് വിജയകരമായാല്‍ കൂടുതല്‍ ബസുകള്‍ പ്രീമിയം സൂപ്പര്‍ഫാസ്റ്റ് ഫ്‌ളീറ്റിലേക്ക് എത്തിക്കും. 48 ബസുകള്‍ വാങ്ങുന്നതിനാണ് കരാര്‍ വിളിച്ചിരുന്നത്. പത്ത് ബസുകള്‍ വാങ്ങാന്‍ സ്വിഫ്റ്റും ടെന്‍ഡര്‍ ക്ഷണിച്ചിട്ടുണ്ട്. അതേ മോഡല്‍ ബസുകള്‍ വാങ്ങുന്നതിനു മുന്‍പ് ഓടിച്ചുനോക്കാനാണ് തീരുമാനം. പ്രീമിയം സൂപ്പര്‍ഫാസ്റ്റ് ബസുകള്‍ക്ക് സ്റ്റോപ്പുകള്‍ പരിമിതമായിരിക്കും.

